ഇറാൻ സേനാ വിഭാഗം തലവൻ കൊല്ലപ്പെട്ടതിനു പിന്നാലെ അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ വിലയിൽ വർദ്ധനവ്
റിയാദ്: ഇറാൻ രഹസ്യ സേനാവിഭാഗം തലവന്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട വാർത്തകൾ പുറത്ത് വന്നതിനു പിന്നാലെ അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ വില വര്‍ധിച്ചു. ഇറാഖിലെ ബാഗ്‌ദാദ് വിമാനത്താവളത്തിൽ യു എസ് നടത്തിയ വ്യോമാക്രണത്തിൽ ഇറാൻ റവല്യഷനറി ഗാർഡ് കമാണ്ടർ ഖാസിം സുലൈമാനി കൊല്ലപ്പെട്ട വാർത്തകൾക്ക് പിന്നാലെയാണ് രാജ്യാന്തര വിപണിയിൽ എണ്ണ വിലയിൽ വർദ്ധനവുണ്ടായത്. സംഭവം അമേരിക്കയുമായുള്ള ഇറാൻ സംഘർഷം രൂക്ഷമാകാൻ ഇടയുണ്ടെന്നും അതോടെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടസ്സപെടുമെന്ന ആശങ്കയാണ് വില വർധിക്കാൻ കാരണം. യു എസ് ആക്രമണ വാർത്ത പുറത്ത് വന്നതിനു പിന്നാലെ രാജ്യാന്തര എണ്ണവിലയിൽ നാല് ശതമാനമാണ് വർദ്ധനവുണ്ടായത്. എണ്ണവിപണിയിലെ വർദ്ധനവിന് പിന്നാലെ ഓഹരി വിപണിയിൽ ഇടിവും അനുഭവപ്പെട്ടു. അമേരിക്കക്ക് തിരിച്ചടിയുണ്ടാകുമെന്ന ഇറാൻ മുന്നറിയിപ്പ് സംഘർഷം മൂർഛിക്കുമെന്നതിന്റെ സൂചനയാണ്.
ആക്രമണത്തിന് പിന്നാലെ ബ്രെന്റ് ക്രൂഡിന് വെള്ളിയാഴ്ച്ച ബാരലിന് 3.29 ശതമാനം വർധിച്ചു 68.43 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. വെസ്‌റ്റ് ടെക്‌സാസ് ഇന്റെർമീഡിയറ്റ് എണ്ണ ബാരലിന് മൂന്ന് ശതമാനം വർധനവിൽ 63.04 ഡോളറിലുമാണ് വ്യാപാരം. ഓഹരി വിപണിയിൽ കൂടുതൽ നഷ്‌ടം സംഭവിച്ചത് ഏഷ്യൻ മാർക്കറ്റിലാണ്. എസ് ആൻഡ് പി 500 ഇൻഡക്‌സ് 1.02 ശതമാനവും സ്‌റ്റോക്‌സ് യൂറോപ്പ് 600 ഇൻഡക്‌സ് 1.04 ശതമാനവുമാണ് ഇടിഞ്ഞത് നിക്ഷേപകർ സുരക്ഷിത മാർഗ്ഗമായി സ്വർണത്തിലേക്കും, യുഎസ് ട്രഷറികൾ പോലുള്ളവയിലേക്കും മാറിയതാണ് ഓഹരി വിപണികളിൽ ഇടിവിനു കാരണം.
അന്താരാഷ്‌ട്ര ക്രൂഡ് വില വർദ്ധനവ് ഇന്ത്യയെ സാരമായി ബാധിച്ചേക്കും. ഇന്ത്യയിലേക്ക് എണ്ണയും, ദ്രവീകൃത പ്രകൃതി വാതകവും ഹോര്‍മുസ് വഴിയാണ് എത്തുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇറാഖ്, സഊദി എന്നിവയില്‍ നിന്നുളള എണ്ണ വരവ് സംഘര്ഷം ബാധിക്കപ്പെടുമെന്നതിനാല്‍ ഇന്ത്യക്ക് ഏറെ ആശങ്കയാണ് സമ്മാനിക്കുന്നത്. ഇറാനും ഒമാനുമിടയിലുളള ഹോര്‍മുസ് കടലിടുക്കിലൂടെയാണ് സഊദി, ഇറാഖ്, കുവൈത്ത് തുടങ്ങി എല്ലാ അറബ്‍ രാജ്യങ്ങളടക്കം പ്രതിദിനം 20 ദശലക്ഷത്തിനടുത്ത് ബാരല്‍ എണ്ണ കയറ്റുമതി ചെയ്യുന്നത്. 167 കിലോ മീററര്‍ നീളവും 39 മുതല്‍ 96 കിലോ മീററര്‍ മാത്രം വീതിയുമുളള ഹോര്‍മുസ് കടലിടുക്കിലൂടെയാണ് ഖത്തറില്‍ നിന്നും കൊച്ചിയടക്കുളള സ്ഥലങ്ങളിലേക്ക് എല്‍എന്‍ജി ഉൾപ്പെടെയുള്ള വസ്തുക്കൾ വരുന്നതും. ഇറാനെതിരായ ഏതൊരു ആക്രമണവും അറബ് രാജ്യങ്ങളില്‍ നിന്നുളള എണ്ണകയറ്റുമതിയെ ബാധിക്കുമെന്നത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കക്കിടം നൽകുന്നതാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം ഏർപ്പെടുത്തുകയോ മറ്റേതെങ്കിലും തടസങ്ങൾ സൃഷ്ടിക്കുകയോ ചെയ്‌താൽ ആഗോള എണ്ണകയറ്റുമതിയുടെ 20 ശതമാനം ഇത് നേരിട്ട് ബാധിക്കും. 20 മില്യൺ എണ്ണ കയറ്റുമതിയിൽ തടസം നേടിരുന്നത് നികത്താൻ ഒരു നിലക്കും സാധിക്കുകയുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."