വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിപ്പ്: യുവാവും ഭാര്യയും മകനും പിടിയില്‍
തിരുവനന്തപുരം : വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയില്‍ നിന്ന് പണം തട്ടുകയും പിന്നീട് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍.
ആലപ്പുഴ സ്വദേശിയും പുഞ്ചക്കരിയില്‍ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന പ്രവീണ്‍ (36), ഇയാളുടെ രണ്ടാംഭാര്യ മഞ്ജു, 17 വയസുള്ള മകന്‍ എന്നിവരെയാണ് കരമന പൊലിസ് അറസ്റ്റ് ചെയ്തത്. കരമന ചിറപ്പാലം സ്വദേശിനിയായ 54 കാരിയുടെ പരാതിയിലാണ് അറസ്റ്റ്.
ഭര്‍ത്താവുമൊത്ത് താമസിക്കുന്ന വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച പ്രവീണ്‍ വിവാഹ വാഗ്ദാനം നല്‍കുകയായിരുന്നു. താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചായിരുന്നു വാഗ്ദാനം നല്‍കിയത്. തുടര്‍ന്ന് വീട്ടമ്മയുടെ പേരിലുള്ള വസ്തു വിറ്റ് കിട്ടിയ ഒന്നേമുക്കാല്‍ ലക്ഷം രൂപയുമായി ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഈ കഴിഞ്ഞ 28ന് കാശുമായി എത്തിയ വീട്ടമ്മയെ
മാന്നാറില്‍ വീടെടുത്ത് താമസിക്കാമെന്ന് പറഞ്ഞ് പ്രവീണ്‍ കൂട്ടികൊണ്ടുപോയി. ട്രെയിന്‍ മാര്‍ഗമുള്ള യാത്രയില്‍ കൂടെ വന്ന ഭാര്യയേയും മകനേയും തന്റെ സഹോദരിയും മകനുമാണെന്ന് പരിചയപ്പെടുത്തി കബളിപ്പിച്ച പ്രതി ഇവരെയും കൂട്ടി മാവേലിക്കരയില്‍ ഇറങ്ങുകയും ഭക്ഷണം കഴിച്ചതിന് ശേഷം എല്ലാവരുമൊന്നിച്ച് സിനിമയ്ക്ക് പോവുകയും ചെയ്തു. ഇതിനിടയില്‍ പ്രതികള്‍ പണം ആവശ്യപ്പെട്ടെങ്കിലും പ്രസന്നകുമാരി നല്‍കിയില്ല.
തുടര്‍ന്ന് രാത്രി 11ഓടെ മാന്നാര്‍ അച്ഛന്‍കോവിലാറിന്റെ പാലത്തിന്റെ ആളൊഴിഞ്ഞ സ്ഥലത്ത് ഇവരുമായി എത്തിയ പ്രവീണ്‍ ഇവരെ പാലത്തിന്റെ കൈവരിയില്‍ ഇരുത്തിയതിന് ശേഷം പണം കൈക്കലാക്കി.
തുടര്‍ന്ന് മഞ്ജുവും മകനും ചേര്‍ന്ന് പ്രസന്നകുമാരിയെ 30 അടിയോളം താഴ്ചയുള്ള ആറിലേക്ക് തള്ളിയിടുകയായിരുന്നു. വീട്ടമ്മ മരിച്ചെന്നുകരുതി പ്രതികള്‍ സ്ഥലം വിടുകയും ചെയ്തു.
എന്നാല്‍ നീന്തല്‍ വശമുണ്ടായിരുന്ന വീട്ടമ്മ പാലത്തിന്റെ തൂണില്‍ പിടിച്ച് കിടന്ന് നിലവിളിച്ചു. ഏകദേശം രണ്ട് മണിക്കൂര്‍ കഴിഞ്ഞ് നിലവിളി കേട്ടെത്തിയ സമീപവാസിയായ യുവാവാണ് ആളെ വിളിച്ചുകൂട്ടി ഇവരെ രക്ഷപെടുത്തിയത്. പൊലിസെത്തി ഇവരെ മാവേലിക്കര ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് കരമന പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു.
കരമന എസ്.ഐ ആര്‍.എസ് ശ്രീകാന്തിന്റെ നേതൃത്വത്തില്‍ പൊലിസ് മന്നാറിലെത്തി തെളിവെടുക്കുകയും തിരുവല്ലം ഭാഗത്ത് നിന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രവീണിന്റെ കൈയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷത്തോളം രൂപയും പരാതിക്കാരിയുടെ മൊബൈല്‍ ഫോണും പൊലിസ് കണ്ടെടുത്തു. കഞ്ചാവുകേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് പ്രവീണ്‍. ഇയാളുടെ ആദ്യ ഭാര്യ മൂന്ന് വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡ് ചെയ്തു.
ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ദിനിലിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ കരമന എസ്.ഐ ആര്‍.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തില്‍ അഡീ.എസ്.ഐ വിമല്‍, എ.എസ്.ഐ വിനോദ് കുമാര്‍, എസ്.സി.പി.ഒ സജികുമാര്‍, സി.പി.ഒ പ്രിയന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."