പെരിങ്ങമ്മല മാലിന്യ പ്ലാന്റ്: മരങ്ങള്‍ രാസ വസ്തുക്കള്‍ ഉപയോഗിച്ച് നശിപ്പിക്കുന്നു
നെടുമങ്ങാട്: പെരിങ്ങമ്മല മാലിന്യ പ്ലാന്റ് ഭൂമിയില്‍ രാസ വസ്തുക്കള്‍ ഉപയോഗിച്ച് മരങ്ങള്‍ നശിപ്പിക്കുന്നു. ജില്ലാ കൃഷി തോട്ടത്തിലെ വന്‍ മരങ്ങളാണ് നശിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ മുന്‍പ് ലക്ഷങ്ങള്‍ ചിലവഴിച്ചു ആരംഭിച്ച കൃഷി ചെയ്ത മരങ്ങളാണ് ഇപ്പോള്‍ നശിപ്പിക്കുന്നത്.ഖര മാലിന്യത്തില്‍ നിന്നും വൈദ്യുതി പദ്ധതിക്കായി പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ ജില്ലാ കൃഷി തോട്ടമായ അഗ്രിഫാമിലെ ഒരുപറയിലാണ് പതിനഞ്ച് ഏക്കറില്‍ മരങ്ങള്‍ നശിപ്പിക്കുന്നത്. തേക്ക്, മാഞ്ചിയം, ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മുന്തിയ ഇനം മരങ്ങളാണ് നശിപിക്കുന്നത്. മാലിന്യ പ്ലാന്റിനെതിരേ പ്രധിഷേധം ആരംഭിച്ച സമയം മുതല്‍ തന്നെ പല തവണയായി രാത്രി കാലങ്ങളില്‍ ചെറുമരങ്ങളും വന്‍ മരങ്ങളും കൂട്ടമായാണ് നശിപ്പിച്ചത്. ഇതില്‍ ഈ അടുത്ത കാലത്തായി ചെയ്ത കൃഷിയും നശിപ്പിച്ച അവസ്ഥയിലാണ്. വന്‍ മരങ്ങള്‍ക്ക് മുകളില്‍ വിള്ളലുണ്ടാക്കി രാസവസ്തുക്കളും മറ്റും ഉപയോഗിച്ച് തീ കൊടുത്താണ് നശിപ്പിക്കുന്നത്. മരത്തിനു മുകളില്‍ ഉള്ളിലേക്ക് കത്തിച്ച തീക്കനല്‍ രാസവസ്തുവിന്റെ വീര്യത്തിനുസരിച്ചു മരത്തിന്റെ ചുവട്ടിലേക്ക് തീ ഘട്ടം ഘട്ടമായി പിടിക്കുകയും മരം കട പുഴകുകയും ചെയ്യുന്ന തരത്തിലാണ് ഇത്. ഇതിനിടയില്‍ പുതിയ കൃഷിക്കായി നിലം ഒരുക്കുന്നതിന്റ മറവില്‍ ജെ.സി.ബി ഉപയോഗിച്ചും മറ്റുമായി വന്‍തോതില്‍ മരങ്ങള്‍ മറിച്ചിടുകയും കൂട്ടിയിട്ടു കത്തിക്കുകയും ചെയ്തിരുന്നു. നിലമൊരുക്കാന്‍ നിലവില്‍ തൊഴിലാളികള്‍ ഉള്ളപ്പോഴാണ് ജെ.സി.ബി ഉപയോഗിച്ച് നിലമൊരുക്കിയത്. രാത്രി കാലങ്ങളില്‍ വ്യാപകമായും മരങ്ങള്‍ നശിപ്പിക്കുന്ന പ്രക്രിയ തുടരുന്നതായാണ് അറിയുന്നത്. വനം വകുപ്പ് ജീവനക്കാരല്ലാതെ ആരെയും ഈ സമയങ്ങളില്‍ ഉള്ളിലേക്ക് പ്രവേശനം ഇല്ല. മരത്തിന്റെ ചുവടുകള്‍ കുഴിച്ചും രാസവസ്തുക്കള്‍ വിതറി തീയിടാറുണ്ടെന്നാണ് സമര സമിതി അംഗങ്ങള്‍ ആരോപിച്ചു.കൃഷി തോട്ടം ഉപയോഗമില്ലാത്ത പാഴ് ഭൂമിയാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് അറിയുന്നത്. മാലിന്യ പ്ലാന്റിനായി പെരിങ്ങമ്മലയില്‍ കണ്ടെത്തിയ പതിനഞ്ച് ഏക്കര്‍ ഭൂമി പാഴ് ഭൂമിയെന്നാണ് പലവട്ടം അധികാരികള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഫലഭൂയിഷ്ടമായ ഈ കൃഷി തോട്ടത്തെ നശിപ്പിച്ചു മാലിന്യ പ്ലാന്റ് കൊണ്ട് വരാനുള്ള ശ്രമമാണിതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."