സ്ത്രീശാക്തീകരണത്തിന് കര്‍മ പദ്ധതികളുമായി 'മഹിളാപഥം'
മാവൂര്‍: വനിതാ മതിലിനെതിരേ നിസ്സഹകരണവുമായി പുതുവത്സര ദിനത്തില്‍ പെരുവയല്‍ പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച 'മഹിളാപഥം' സ്ത്രീ ശാക്തീകരണത്തിനുള്ള വേറിട്ട കൂട്ടായ്മയായി. 'കരുത്തുറ്റ സ്ത്രീത്വം, മികവുറ്റ സമൂഹം' പ്രമേയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്ത്രീസമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു.
പഞ്ചായത്തിലെ സ്ത്രീകളുടെ അവസ്ഥ പരിശോധിക്കാനും പ്രത്യേക സര്‍വേ നടത്താനും പെണ്‍കുട്ടികള്‍ക്കായി സ്ഥിരം കൗണ്‍സലിങ് സംവിധാനം ഒരുക്കാനും തീരുമാനിച്ചു. നവമാധ്യമങ്ങളുടെ ചതിക്കുഴികളെ കുറിച്ച് സ്ത്രീകള്‍ക്കിടയില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പദ്ധതിയായി.
സംഗമം മുന്‍ മന്ത്രി എം.ടി പത്മ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത അധ്യക്ഷയായി. വനിതാ കമ്മിഷന് മുന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുന്നുമ്മല്‍ ജുമൈല, സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന്മാരായ സുബിത തോട്ടാഞ്ചേരി, സഫിയ മാക്കിനിയാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ടി.കെ റംല, പി. അസ്മാബി പ്രസംഗിച്ചു. പരിപാടി ഇടതു അംഗങ്ങള്‍ ബഹിഷ്കരിച്ചു. വനിതാ മതിലുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് തുക ചെലവഴിക്കേണ്ടതില്ലെന്ന് നേരത്തെ ഭരണസമിതി തീരുമാനിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട പഞ്ചായത്തുതല യോഗത്തിലും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് അംഗങ്ങള്‍ പങ്കെടുത്തിരുന്നില്ല. വാര്‍ഡുതല യോഗങ്ങളും പലയിടത്തും ചേരാനായില്ല. വനിതാ മതിലിനെതിരേ ഭരണസമിതി പ്രമേയവും പാസാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."