ഭൂപരിഷ്‌കരണത്തില്‍ സി.പി.എം - സി.പി.ഐ അവകാശത്തര്‍ക്കം രൂക്ഷം
തിരുവനന്തപുരം: ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തെ തുടര്‍ന്ന് വീണ്ടും തലപൊക്കിയ സി.പി.എം- സി.പി.ഐ പോര് ശക്തമായി. ഭൂപരിഷ്‌കരണത്തിന്റെ ശില്‍പികളില്‍നിന്ന് സി.പി.ഐ നേതാവും മുന്‍മുഖ്യമന്ത്രിയുമായ സി. അച്യുതമേനോന്റെ പങ്ക് മനപ്പൂര്‍വം വിസ്മരിച്ചുകൊണ്ടു മുന്‍മുഖ്യമന്ത്രി ഇ.എം.എസിനെ കൂടുതല്‍ പ്രകീര്‍ത്തിക്കാനാണ് മുഖ്യമന്ത്രിയും സി.പി.എമമ്മും തയാറായത്.
ഇതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്. ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ സി. അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി സി.പി.ഐ മുഖപത്രമായ ജനയുഗം ഇന്നലെ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ ബാലനും തുറന്നടിച്ചതോടെയാണ് സി.പി.എം- സി.പി.ഐ അഭിപ്രായവ്യത്യാസം രൂക്ഷമായത്.
ചിലരെ വിട്ടുകളഞ്ഞത് നേരാണെന്നും പ്രചാരണം നടത്തുന്നവര്‍ക്ക് വിവേകം വേണമെന്നും മുഖ്യമന്ത്രി സി.പി.ഐ നേതാക്കളെ ലക്ഷ്യമാക്കി കണ്ണൂരില്‍ തുറന്നടിച്ചു. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തുന്നവര്‍ക്ക് ചരിത്രത്തെക്കുറിച്ച് അറിയില്ലെന്ന് തോന്നുന്നു. ചരിത്രം സാവകാശം ഇരുന്ന് പഠിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ജനയുഗം എഡിറ്റോറിയലിനെ കുറ്റപ്പെടുത്തി മന്ത്രി എ.കെ ബാലനും വിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലും. ഉദ്ഘാടന പ്രസംഗത്തില്‍ സി. അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിസ്മരിച്ചുവെന്ന് ആരും കരുതില്ലെന്നും മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനപ്പൂര്‍വമായ തമസ്‌കരണമാണെന്നും സി.പി.ഐ മുഖപത്രമായ ജനയുഗം കുറ്റപ്പെടുത്തുന്നു.
റവന്യൂ വകുപ്പ് സംഘടിപ്പിച്ച ഭൂപരിഷ്‌കരണത്തിന്റെ സുവര്‍ണജൂബിലി ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി ഇ.എം.എസിനെയും ഗൗരിയമ്മയെയും പ്രകീര്‍ത്തിക്കുകയും അച്യുതമേനോന്റെ പേര് വിട്ടുകളയുകയും ചെയ്തു. ഇതിലുള്ള പ്രതിഷേധം സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതിയോഗത്തില്‍ ഉയരുകയും ഇക്കാര്യത്തിലെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കാന്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് സര്‍ക്കാര്‍ തയാറാക്കിയ പരസ്യത്തില്‍ അച്യുതമേനോന്റെ ഫോട്ടോ ഒഴിവാക്കിയത് വിവാദമായിരുന്നു. പി.ആര്‍.ഡി തയാറാക്കിയ പരസ്യത്തില്‍ ഇ.എം.എസിന്റെ ചിത്രം മാത്രമായിരുന്നു. അച്യുതമേനോനെ ഒഴിവാക്കിയ നടപടിയില്‍ റവന്യൂ വകുപ്പിന്റെ പ്രതിഷേധവും ഇടപെടലും ഉണ്ടായതിനെ തുടര്‍ന്ന് അച്യുതമേനോന്റെ ചിത്രം കൂടി നല്‍കുകയായിരുന്നു. ഇതിന് റവന്യൂവകുപ്പ് പണം ചെലവഴിക്കണമെന്ന നിര്‍ദേശമാണ് പി.ആര്‍.ഡി നല്‍കിയിരിക്കുന്നത്. പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യം റവന്യൂവകുപ്പും പി.ആര്‍.ഡിയും സംയുക്തമായിട്ടാണ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."