ഭരണഘടനയുടെ കരട് തയ്യാറാക്കല്‍ മുതല്‍ നൊബേല്‍ വരെ..ഇന്ത്യക്ക് അഭിമാനിക്കാവുന്നതെല്ലാം ബ്രാഹ്മണരുടെ സംഭാവനകള്‍- ജാതീയത നിറച്ച് ഗുജറാത്ത് സ്പീക്കറുടെ പ്രസംഗം
അഹമ്മദാബാദ്: ഇന്ത്യന്‍ ഭരണഘടന മുതല്‍ നൊബേല്‍ സമ്മാനങ്ങള്‍ വരെ ഇന്ത്യക്ക് അഭിമാനമായ നേട്ടങ്ങളെല്ലാം ബ്രഹ്മണരുടെ സംഭാവനയാണെന്ന് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. 'മെഗാ ബ്രാഹ്മിണ്‍ ബിസിനസ്' സമ്മിറ്റ് ഉദ്ഘാടന ചടങ്ങിലായിരുന്നു ത്രിവേദിയുടെ അവകാശ വാദം.
'നിങ്ങള്‍ക്കറിയാമോ 60 രാജ്യങ്ങളുടെ ഭരണഘടന പഠിച്ച് തയ്യാറാക്കിയതാണ് നമ്മുടെ ഭരണഘടനയുടെ കരട് രൂപം. അംബേദ്കര്‍ക്ക് മുന്നില്‍ അതാരാണ് അവതരിപ്പിച്ചത് എന്ന് നിങ്ങള്‍ക്കറിയാമോ? ഭരണഘടനയുടെ കാര്യം വരുമ്പോള്‍ നമ്മളെല്ലാവരും അംബേദ്കറെ കുറിച്ചാണ് ഏറെ ബഹുമാനത്തോടെ സംസാരിക്കുന്നത്. എന്നാല്‍ ഭരണഘടനുടെ കരട് തയ്യാറാക്കിയത് ഒരു ബ്രാഹ്മണനാണ് ബെനഗല്‍ നാര്‍സിംഗ് റാവു.' ബ്രാഹ്മണന്‍ കൂടിയായ ത്രിവേദി പറഞ്ഞു. ഇക്കാര്യം അംബേദ്ക്കര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ത്രിവേദി ചൂണ്ടിക്കാട്ടി.
ബ്രാഹ്മണര്‍ എപ്പോഴും മറ്റുള്ളവരുടെ പിന്നില്‍ നിലയുറപ്പിച്ച് അവരെ മുന്നോട്ടു നയിക്കാറാണെന്നാ ചരിത്രം നമുക്ക് കാണിച്ചു തന്നിട്ടുള്ളത്. ഇവിടെ അംബേദ്ക്കര്‍ക്കു പിന്നില്‍ റാവു ഉണ്ടായിരുന്നു. 1949 നവംബര്‍ 25ന് നടത്തിയ പ്രസംഗത്തില്‍ അംബേദ്ക്കര്‍ ഇക്കാര്യം തുറന്നു പറഞ്ഞിുട്ടുണ്ടെന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൊബേല്‍ സമ്മാനം നേടിയ ഒമ്പത് ഇന്ത്യക്കാരില്‍ എട്ട് പേരും ബ്രാഹ്മണരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ' ഏറ്റവുമൊടുവില്‍ സാമ്പത്തിക ശാസ്ത്രത്തിന് നൊബേല്‍ പുരസ്‌കാരം നേടിയ അഭിജിത് ബാനര്‍ജി ആരാണ്? അദ്ദേഹവും ബ്രാഹ്മണന്‍ തന്നെ'.
ഡല്‍ഹി തീപിടുത്തത്തില്‍ 11 പേരെ രക്ഷിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രാജേഷ് ശുക്ലയും ബ്രാഹ്മണനായിരുന്നുവെന്നും ത്രിവേദി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."