റമദാനില്‍ മാത്രം പൂക്കുന്ന പാനൂസുകള്‍
പൊന്നാനി : പൊന്നാനിയിലെ റമദാന്‍ ആഘോഷങ്ങളുടെ മധുരങ്ങളാണ് വര്‍ണ്ണങ്ങളാല്‍ അലങ്കരിച്ച പാനൂസ്വിളക്കുകള്‍. റമദാനില്‍ മാത്രം പൂക്കുന്ന വിളക്കുപുഷ്പങ്ങളാണിത് പൊന്നാനിക്കാര്‍ക്ക് .
ഒരുകാലത്ത് പൊന്നാനിയിലെ റമദാന്‍ രാത്രികളെ സമ്പന്നമാക്കിയിരുന്നത് വിവിധയിനം പാനൂസുകളായിരുന്നു . ചുരുക്കം ചില വീട്ടുകളില്‍ കാലത്തിന്റെ അക്ഷരത്തെറ്റ് പോലെ ഇന്നും പാനൂസ് വിളക്കുകള്‍ നിറങ്ങള്‍ പകരുന്നത് കാണാം .
മുളച്ചീളുകൊണ്ട് കെട്ടിയുണ്ടാക്കുന്ന വിവിധ ആകൃതികള്‍ക്കു പുറത്ത് വര്‍ണ്ണക്കടലാസ് കൊണ്ട് പൊതിഞ്ഞ് ഇതിനകത്ത് വെളിച്ചം തെളിക്കുമ്പോഴുണ്ടാകുന്ന വര്‍ണ്ണ വിസ്മയമാണ് പാനൂസുകള്‍ . വീടിന് പുറത്തും സ്വീകരണ മുറിയിലും കെട്ടിത്തൂക്കുന്ന പാനൂസുകള്‍ പൊന്നാനിയുടെ നോമ്പലങ്കാരങ്ങളുടെ ഭാഗമാണ് . രണ്ടര പതിറ്റാണ്ട് മുന്‍പ് വരെ മിക്കവീടുകളും പാനൂസുകളാല്‍ അലങ്കരിച്ചാണ് റമദാനെ വരവേറ്റിരുന്നത് .
പഴയകാലത്ത് തറവാട്ടുവീട്ടുകാര്‍ തങ്ങളുടെ പ്രതാപം പ്രകടമാക്കിയിരുന്നത് കൂറ്റന്‍ പാനൂസുകള്‍ നിര്‍മിച്ച് വീടിന് ഉമ്മറത്ത് തൂക്കിയാണ് . കല്ലന്‍ പാനൂസുകള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവക്ക് 10 അടിമുതല്‍ 20 അടി വരെ നീളമുണ്ടാകും . വിമാനത്തിന്റെയും കപ്പലിന്റെയും സിലണ്ടറിന്റെയും മാതൃകയിലാണ് ഇവയൊക്കെ നിര്‍മിച്ചിരുന്നത് .
വര്‍ണ്ണക്കടലാസുകൊണ്ട് പൊതിഞ്ഞ മുളച്ചീളുകൊണ്ടുള്ള അകൃതികള്‍ക്കകത്ത് പ്ലാസ്റ്റിക് പേപ്പര്‍ കൊണ്ട് വൃത്താകൃതിയില്‍ നിര്‍മിച്ച കുറ്റി സ്ഥാപിക്കും . മെഴുകുതിരി വെട്ടത്തില്‍ ചൂടേല്‍ക്കുമ്പോള്‍ സ്വയം തിരിയുന്ന സംവിധാനത്തോടെയാണ് കുറ്റി സ്ഥാപിക്കുക . പ്ലാസ്റ്റിക് കടലാസിന് പുറത്ത് ഒട്ടിച്ച മൃഗത്തിന്റെയും മറ്റും മാതൃകകള്‍ മെഴുക് തിരി പ്രകാശത്തില്‍ കുറ്റി തിരിയുമ്പോള്‍ പാനൂസുകള്‍ക്ക് പുറത്ത് വര്‍ണ്ണക്കടലാസുകളില്‍ വലുതായി തെളിയും . ഇത്തരത്തിലുള്ള പാനൂസുകള്‍ അങ്ങാടിയിലാകെ കൊണ്ട് നടക്കുമായിരുന്നു പണ്ട് കാലത്ത് . ഇപ്പോള്‍ നിര്‍മിച്ചു നല്‍കുന്ന പാനൂസുകളില്‍ അധികവും ചെറിയവയാണ് . പാനൂസുകള്‍ നിര്‍മിക്കാന്‍ മാത്രം ചിലരുണ്ടായിരുന്നു പണ്ട് .ഇന്ന് അതെല്ലാം മധുരിക്കുന്ന ഓര്‍മ്മകള്‍ മാത്രമായി .
ഏറെ നേരത്തെ അധ്വാനവും വന്‍ സാമ്പത്തിക ചിലവും പാനൂസ് നിര്‍മിക്കാന്‍ വേണം . ഇപ്പോള്‍ നിര്‍മിക്കുന്ന ചെറിയ ഇനം പാനൂസുകള്‍ക്ക് മുവ്വായിരം രൂപയോളമാണ് ചിലവ് . പഴമയെ അലങ്കാരമായി കാണുന്ന ചിലരാണ് പാനൂസുകളുടെ ഇപ്പോഴത്തെ ആവശ്യക്കാര്‍ . റമദാന്‍ നാളില്‍ പൊന്നാനിക്ക് മാത്രമുണ്ടായിരുന്ന ഈ പാനൂസ് അലങ്കാരങ്ങളെ തിരിച്ചു കൊണ്ട്വരാന്‍ ശ്രമിക്കുന്നുണ്ട് ചിലര്‍ . അതുകൊണ്ട് തന്നെയാണ് അങ്ങാടിയിലെ ചില വീടുകളില്‍ ഒരു കാലത്തിന്റെ കെടാവിളക്കായി പാനൂസുകള്‍ ഇന്നും വര്‍ണ്ണം പൊഴിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."