ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം
മലപ്പുറം: പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല ക്വിസ് മത്സരം നടത്തുന്നു. വായനയുടെ പ്രസക്തി കുട്ടികളെ ബോധ്യപ്പെടുത്തുകയും കുട്ടികളില്‍ വായനയും പഠനവും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പി.എന്‍. പണിക്കരുടെ അനുസ്മരണാര്‍ഥം ജൂണ്‍ 19 മുതല്‍ 25 വരെ നടത്തുന്ന വായനാ വാരത്തിന് മുന്നോടിയായി ക്വിസ് മത്സരം നടത്തുന്നത്. ജൂണ്‍ 11ന് രാവിലെ 10ന് പെരിന്തല്‍മണ്ണ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ നടത്തുന്ന ക്വിസ് മത്സരത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സാഹിത്യം, ശാസ്ത്രം, ചരിത്രം, പൊതുവിജ്ഞാനം വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഒരു മണിക്കൂര്‍ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് തിരുവനന്തപുരത്ത് ജൂണ്‍ 19ന് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതലത്തില്‍ 2000 രൂപയുടെ ഒന്നാം സമ്മാനവും 1200 രൂപയുടെ രണ്ടാം സമ്മാനവും 600 രൂപയുടെ മൂന്നാം സമ്മാനവും നല്‍കും. ഹൈസ്‌കൂളില്‍ നിന്നും സ്‌കൂള്‍തലത്തില്‍ തിരഞ്ഞെടുത്ത ഒരു കുട്ടിയെയാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്. ഇതിനായി ജൂണ്‍ 11ന് മുമ്പ് സ്‌കൂള്‍ തലത്തില്‍ മത്സരം സംഘടിപ്പിക്കണം. ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണെന്നതിന്റെ തെളിവ് സഹിതം പരീക്ഷാ കേന്ദ്രത്തില്‍ കൃത്യസമയത്ത് എത്തണമെന്ന് ക്വിസ് പ്രോഗ്രാം കോഡിനേറ്റര്‍ കെ. ഫിറോസ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി കെ. ജാഫര്‍ മണ്ണാര്‍മല എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 9895268952 നമ്പറില്‍ അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."