HOME
DETAILS

ഇന്ത്യയുടെ ആത്മാവിനുള്ളില്‍ വന്നുവീണ പ്രഹരം- വൈശാഖനുമായുള്ള അഭിമുഖം

  
backup
January 04 2020 | 15:01 PM

interview-with-vyshakhan

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തെ അതിക്രൂരമായ രീതിയില്‍ അടിച്ചമര്‍ത്തുകയുണ്ടയല്ലോ. രാജ്യത്ത് ഇപ്പോള്‍ നടന്നുവരുന്ന ഭരണകൂട ഭീകരതയിലും അക്രമങ്ങളിലും നിരന്തരമായ അനീതികളിലും പ്രതികരിക്കുന്നവര്‍ക്കെതിരെ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയും അവരെ നിശബ്ദരാക്കുകയും ചെയ്യുന്നതും പതിവായിരിക്കുകയാണ്. ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്?

വളരെ ഭീതിജനകമായ കാര്യങ്ങളാണ് ഇന്ന് നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഒരു പ്രതിഷേധം രേഖപ്പെടുത്താന്‍ ജനാധിപത്യ രാജ്യത്ത് എല്ലാവര്‍ക്കും അവകാശമുണ്ട്. ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ ഭരണഘടനയിലെ ഒന്നു രണ്ട് വകുപ്പുകള്‍ക്ക് എതിരാണ്. പ്രത്യേകിച്ചും എല്ലാ പൗരന്മാര്‍ക്കും 'സമത്വം' ഉറപ്പ് വരുത്തുന്ന ആ വകുപ്പിനാണ് ഇത് എതിരായി വന്നിരിക്കുന്നത്. ആ നിലയ്ക്ക് വളരെ സ്വാഭാവികമാണ് ഈ പ്രതിഷേധം. നിരോധനാ ജ്ഞകൊണ്ടോ ഇന്റര്‍നെറ്റ് കട്ട് ചെയ്തത്‌കൊണ്ടോ ഫോണ്‍കട്ട് ചെയ്തതുകൊണ്ടോ ഏകാധിപത്യ രീതിയില്‍ അടിച്ചമര്‍ത്തിയതുകൊണ്ടോ ഇത്തരം ഫാസിസ്റ്റ് രീതികള്‍ക്ക് അധികകാലം ഇവിടെ വാഴാനാ കുമെന്ന് ഞാന്‍ കരുതുന്നില്ല. ഏറ്റവും ക്രൂരമായ, ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ഇതു വഴി ഇന്ത്യയില്‍ എമ്പാടും നാം കാണുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ അനുഭവമാണിത്. അപ്പോള്‍ ഒരു സര്‍ക്കാറു തന്നെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു എന്നുള്ളത് അതിഗൗരവത്തോടെ നാം കാണേണ്ടതുണ്ട്.

ഇന്ത്യയിലെ ജനങ്ങള്‍ ഒന്നടങ്കം ഇന്ത്യയ്ക്ക് വേണ്ടി സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. നമ്മുടെ മൗലികമായ സംസ്‌കാരത്തിന്റെയും ഉന്നതമായ സാഹോദര്യത്തിന്റെയും നിലനില്‍പ്പിനു വേണ്ടിയാണിത്. ഭിന്നിപ്പിച്ചു ഭരിക്കാനുള്ള സര്‍ക്കാറിന്റെ കുതന്ത്രങ്ങള്‍ക്കെതിരെയാണ്. അല്ലാതെ ആരുടെയും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയല്ല. എല്ലാ ജാതി-മതസ്ഥര്‍ക്കും ഇന്ത്യയില്‍ സമത്വം ഉറപ്പ് വരുത്തണം എന്നതാണ് സമരം ചെയ്യുന്നവരുടെ ആവശ്യം. ഇന്ത്യയുടെ ആത്മാവിനുള്ളില്‍, നമ്മുടെയെല്ലാം ആത്മാഭിമാനത്തിനു മുകളില്‍ വന്നുവീണ പ്രഹരം കൂടിയാണ് കിരാതമായ ഈ നിയമം. അതുകൊണ്ടു കൂടിയാണ് ഇതുവരെ ഒരു സമരത്തിലും ഇല്ലാത്ത തരത്തില്‍ വിദ്യാര്‍ത്ഥികള്‍ സജീവമായി ഇതില്‍ പങ്കെടുക്കുന്നത്; ജനങ്ങള്‍ തെരുവിലിറങ്ങുന്നത്. അവരെ പോലീസിനെക്കൊണ്ട് നേരിടുക എന്നുള്ളതും ഭീഷണിപ്പെടുത്തുക എന്നുള്ളതും ജയിലിലേക്ക് അയക്കുക എന്നുള്ളതൊക്കെ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. അത് തെറ്റാണ് എന്ന് എന്തുകൊണ്ടാണ് ഈ സര്‍ക്കാറിന് ബോധ്യപ്പെടാത്തത് എന്നാണ് അതിശയകരമായിരിക്കുന്ന ഒരു കാര്യം. എന്തൊക്കെയാണെങ്കിലും പ്രക്ഷോഭവും ഈ പ്രക്ഷോഭവും അടിച്ചമര്‍ത്താന്‍ വേണ്ടിയുള്ള ശ്രമങ്ങളും ഒരേ സമയം തുടരുന്നു വെന്നതു തന്നെയാണ് ഇപ്പോള്‍ നമുക്ക് മനസ്സിലാവുന്നത്. ഇത് നമ്മുടെ നാടിനെ എങ്ങോട്ട് നയിക്കും എന്നുള്ള കാര്യത്തില്‍ യാതൊരു നിശ്ചയവുമില്ല. ഒരുപക്ഷെ അടിമ രാജ്യം ആക്കിത്തീര്‍ക്കാനുള്ള നിഗൂഢമായ ലക്ഷ്യമാണ് ഇതിന്റെ പിന്നിലുള്ളത് എന്നുപോലും സംശയിക്കപ്പെടുന്നുണ്ട്.

ലഹരി ഉപയോഗവും അക്രമവാഞ്ഛയും ലൈംഗിക അരാജകത്വവും ഒരു സാര്‍വത്രിക സംഭവമായി പുതിയ തലമുറയില്‍ ആവേശിച്ചിരിക്കുകയാണ്. പ്രായോഗികമായി അതിനെ നേരിടാനുള്ള ഒരു ശ്രമം ഉത്തരവാദപ്പെട്ടവരില്‍ നിന്നോ സാമൂഹിക പ്രവര്‍ത്തകരില്‍ നിന്നോ ഉണ്ടാകുന്നുമില്ല. അതിഗുരുതരമായ ഇത്തരം സാമൂഹ്യാവസ്ഥയെ പ്രതിരോധിക്കാന്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ താങ്കള്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം എന്താണ്?

ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ടാവാം. ഒന്ന് വളരെ സര്‍ഗാത്മ കമായ ചിന്തയിലേക്ക് യുവജനങ്ങളെ നയിക്കാനുള്ള ശ്രമങ്ങള്‍ ഇവിടെ നടക്കുന്നില്ല. കൂടുതല്‍ യുവജനങ്ങളും ദൃശ്യമാധ്യമങ്ങള്‍ ആസ്വദിക്കുന്നവരായിട്ടാണ് നമുക്ക് മനസ്സിലാകുന്നത്. പുസ്തകങ്ങള്‍ ആസ്വദിക്കപ്പെടുന്നവരല്ല, ചിന്തിക്കുന്നവരല്ല. ദൃശ്യമാധ്യമങ്ങളില്‍ ഭൂരിഭാഗം കച്ചവട ലാഭം മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള വിനോദ സമ്പ്രദായങ്ങളാണ്. വിനോദം വേണ്ടെന്നല്ല പക്ഷെ വിനോദം മാത്രം പോരല്ലോ.

യുവജനങ്ങള്‍ക്ക് ഒരു ലക്ഷ്യബോധം ഉണ്ടാക്കിക്കൊടുക്കാന്‍ തീര്‍ച്ചയായിട്ടും എഴുത്തുകാര്‍ ബാധ്യസ്ഥരാണ്. അവരത് ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാല്‍ എത്ര പേരിലേക്ക് അവര്‍ക്ക് എത്താന്‍ കഴിയും എന്നുള്ളത് സംശയകരമായ കാര്യമാണ്. ഒരു സിനിമ കോടിക്കണക്കിന് ആളുകളിലേക്ക് എത്തുമ്പോള്‍ ഒരു കഥയോ കവിതയോ എത്തുന്നത് വളരെ കുറച്ചു പേരിലേക്കാണ്. അതുകൊണ്ട് എഴുത്തുകാരുടെ പ്രവര്‍ത്തി വേണ്ടത്ര ഫലം കാണുന്നില്ല എന്നുള്ളത് നമ്മെ വിഷമിപ്പി ക്കുന്ന ഒരു കാര്യമാണ്. എന്നാലും എഴുത്തുകാര്‍ അവരുടെ പ്രവര്‍ത്തി തുടര്‍ന്നുകൊണ്ടേയിരിക്കും. അങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുകയും വേണം. സാവധാനമെങ്കിലും ഇത് നമ്മുടെ യുവജനങ്ങളിലേക്ക് എത്തും. കൂടാതെ ഇപ്പോള്‍ സര്‍ക്കാരും വിമുക്തി പേരില്‍ എക്‌സൈസ് വകുപ്പും ചേര്‍ന്ന് ലഹരി വിമുക്ത സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രവര്‍ത്തനവും കൂടുതല്‍ ശക്തിപ്പെട്ടു കഴിഞ്ഞാല്‍ ഒരുപക്ഷെ ലഹരിയുടെ ഉപയോഗം കുറയും. ജീവിതത്തിന് അര്‍ത്ഥവും ലക്ഷ്യബോധവും ഉണ്ട് എന്ന് തോന്നിയാല്‍ സ്വാഭാവികമായിട്ടും തന്നെ അവര്‍ ലഹരിയുടെ ഇരുണ്ട ലോകത്തുനിന്നും പതിയെ പുറത്ത് കടന്നേക്കാം. അതിഭീതി ജനകമായ ഈ അവസ്ഥയില്‍ നിന്നും പുറത്തുവരാന്‍ രണ്ടു തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.
ഒന്ന്: ലഹരി വിമുക്ത കേന്ദ്രങ്ങള്‍ സജീവമാക്കുക.
രണ്ട്: ചെറുപ്പക്കാരെ ചിന്താശീലമുള്ളവരാക്കി മാറ്റാനുള്ള പ്രവര്‍ത്തികള്‍ സംഘടിപ്പിക്കുക.
ഇതാണ് ഇതിനുള്ള രണ്ട് പരിഹാര മാര്‍ഗ്ഗം. പിന്നെ വീടുകളില്‍ രക്ഷിതാക്കള്‍ കുട്ടികളുടെ നീക്കങ്ങളെ അവരറിയാതെയാണെങ്കിലും നിരീക്ഷിക്കുകയും വളരെ സൂക്ഷ്മതയോടുകൂടി വിശകലനം ചെയ്യുകയും എങ്ങോട്ടൊക്കെയാണ് ഇവര്‍ പോകുന്നത് എന്നുള്ളതിനെക്കുറിച്ച് ഒരു ബോധ്യമുണ്ടാവുകയും വേണം.

സ്‌നേഹം നിറഞ്ഞ കുടുംബങ്ങളില്‍ നിന്നു വരുന്ന കുട്ടികള്‍ ഇങ്ങനെ പോകാനുള്ള സാധ്യത വളരെ കുറവാണ്.

രാജ്യത്തിന്റെ പൊതുഭാഷയായി ഹിന്ദിയെ മാറ്റിയെടുക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ യോജിച്ചും വിയോജിച്ചും നിരവധി ചര്‍ച്ചകള്‍ ഇവിടെ നടക്കുകയുണ്ടായല്ലോ. താങ്കള്‍ക്ക് എന്തു തോന്നുന്നു?

ഹിന്ദി രാഷ്ട്ര ഭാഷയാണ് എന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. മഹാത്മാഗാന്ധി ആവശ്യപ്പെട്ടത് ഹിന്ദി സാധാരണ ജനങ്ങള്‍ സംസാരിക്കുന്ന ഒരു ഹിന്ദുസ്ഥാനിയാക്കണം എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്തായാലും രാഷ്ട്രത്തിന് ഒരു ഭാഷയുണ്ട് എന്ന് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ മറ്റു ഭാഷകളുടേ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം, ഹിന്ദിയില്‍ മാത്രമേ ആശയവിനിമയം നടത്താവൂ എന്ന പിടിവാശി ഇതെല്ലാം മറ്റു ഭാഷ സംസാരിക്കുന്ന ജനങ്ങളെ അകറ്റിക്കളയാന്‍ കാരണമാവും. എനിക്ക് ഇവിടെ ഹിന്ദിയില്‍ പലപ്പോഴും കത്തുകള്‍ വരാറുണ്ട്. ഞാന്‍ പത്താം ക്ലാസുവരെ ഹിന്ദി പഠിച്ച ആളായിട്ടും ഈ കത്തുകളൊന്നും വായിച്ചാല്‍ എനിക്ക് മനസ്സിലാകാറേയില്ല. അപ്പോള്‍ അത് ഒരു തരം സാസ്‌കാരിക അധിനിവേശത്തിന് തുല്യമാണ്. അടിച്ചേല്‍പ്പിക്കാനുള്ള ഏര്‍പ്പാടാണ്. ഇത് അടിച്ചേല്‍പ്പിക്കാനാണ് പരിപാടിയെങ്കില്‍ വലിയ എതിര്‍പ്പും പ്രക്ഷോഭവും ഭാഷാസ്‌നേഹികളില്‍ നിന്നും ഉണ്ടാവാനാണ് സാധ്യത. ഇതിനു മുമ്പും ഉണ്ടായിട്ടുമുണ്ട്.

താങ്കളുടെ അഭിപ്രായത്തില്‍ എന്താണ് ദേശീയത?


ദേശീയത എന്നുള്ളത് ഇന്ന് നമ്മള്‍ നിത്യവും കേട്ടുപോരുന്ന ഒരു സങ്കുചിത ദേശീയതയായിട്ടല്ല മനസ്സിലാക്കേണ്ടത്. ഒരു ദേശത്തെ എല്ലാ സംസ്‌കാരങ്ങളെയും ഉള്‍ക്കൊണ്ട്, എല്ലാ മത-ജാതി വിഭാഗങ്ങളുടെ സംസ്‌കാരത്തെയും മതമേയില്ലാത്തവരുടെ സംസ്‌കാരത്തെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു ദേശീയതയാണ് പ്രായോഗികമായ ഒരു ദേശീയത. അതാണ് എന്റെ അഭിപ്രായം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago