കൊല്ലാനൊരുങ്ങി ടിപ്പറുകള്‍...
ചാരുംമൂട്: കെ.പി റോഡില്‍ വീണ്ടും ചെമ്മണ്ണുമായി ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍. പുലര്‍ച്ചെ മുതല്‍ തുടങ്ങുന്ന ടിപ്പര്‍ ലോറികളുടെ അമിതവേഗതയിലുള്ള പാച്ചില്‍ വന്‍ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്.
ചെമ്മണ്ണുമായി കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നാണ് കെ.പി റോഡ് വഴി ടിപ്പറുകള്‍ നിയന്ത്രണമില്ലാതെ പോകുന്നത്. ഇത് വൈകുന്നേരം വരെ തുടര്‍ന്നിട്ടും അധികൃതര്‍ ഒരു നിയമ നടപടിയും സ്വീകരിക്കുന്നില്ലായെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. അനധികൃത ചെമ്മണ്ണായതുകൊണ്ടാണ് പുലര്‍ച്ചെ മുതല്‍ ഇവ ടിപ്പറുകളില്‍ കടത്തുന്നത്. നൂറനാട്, പാലമേല്‍ പ്രദേശങ്ങളില്‍ മുമ്പ് വന്‍ ചെമ്മണ്ണ് കടത്ത് സജീവമായിരുന്നു. പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ശക്തമായ പരിശോധനകളും കോടതി നടപടികളും മറ്റും ഉണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി അനധികൃത ചെമ്മണ്ണ് കടത്ത് കുറഞ്ഞിരിക്കുകയായിരുന്നു. വീണ്ടും ഇവ തുടങ്ങിയത് വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.
കിഴക്കന്‍ മേഖലയായ അടൂര്‍, പള്ളിക്കല്‍, പഴകുളം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ടിപ്പര്‍ ലോറികളില്‍ ചെമ്മണ്ണുമായി പുലര്‍ച്ചെ മുതല്‍ അനധികൃത കടത്ത് നടക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങുന്നവര്‍ക്കും, ജോലി സംബന്ധമായി ദൂരെ യാത്ര പോകുന്നവര്‍ക്കും ടിപ്പറുകളുടെ മരണ പാച്ചിലിനിടയിലൂടെ ഭീതിയോടെ മാത്രമേ പോകാന്‍ കഴിയുന്നുള്ളു. നൂറനാട് പൊലിസ് സ്റ്റേഷന്റെ മുന്നിലൂടെയാണ് ഇത്തരത്തിലുള്ള ടിപ്പര്‍ ലോറികള്‍ എല്ലാ നിയമങ്ങളും ലംഘിച്ച് കടന്ന് പോകുന്നത്.
ചെങ്ങന്നൂര്‍: സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില അനധികൃതമായി പൂമലചാല്‍ നികത്തിയ ടിപ്പര്‍ ലോറികള്‍ പിടികൂടി. സ്വകാര്യ എന്‍ജിനീയറിങ് കോളജിനോട് ചേര്‍ന്ന പൂമലച്ചാലിന്റെ ഭാഗങ്ങളാണ് ഇന്നലെ രാവിലെ 10.30 ഓടെ കെ.എല്‍ 09 വി 3237, കെ .എല്‍ 40 സി 361 എന്നീ നമ്പറിലുള്ള ടിപ്പറുകളില്‍ മണ്ണ് അടച്ച് നികത്തിയത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തിയാണ് കോളജ് അധികൃതര്‍ സ്ഥലംനികത്തിയത്.
ആല, വെണ്മണി പഞ്ചായത്തുകളിലെ വിവിധ മലകള്‍ ഇടിച്ചാണ് ഇവിടേക്ക് മണ്ണ് എത്തിക്കുന്നത്. ഇതുമൂലം ഈ പഞ്ചായത്തുകളില്‍ കുടിവെളള ക്ഷാമം രൂക്ഷമാണ്. മുന്‍പ് കൊഴുവല്ലൂരില്‍ നിന്ന് വന്‍തോതില്‍ ബോക്‌സൈറ്റ് കലര്‍ന്ന മണ്ണ് തമിഴ്‌നാട്ടിലേക്ക് കടത്തിയിരുന്നു. ഇത്തരം ധാതു നിക്ഷേപമുളള മലകള്‍ ഇന്ന് മണ്ണ് മാഫിയാ സംഘത്തിന്റെ പിടിയിലമര്‍ന്ന് അപ്രത്യക്ഷമായി. ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥിന്റെ നിര്‍ദ്ദേശപ്രകാരം തഹസില്‍ദാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് താലൂക്കില്‍ അനധികൃത മണ്ണെടുപ്പും മണല്‍വാരലിനും എതിരെ രൂപീകരിച്ചിട്ടുണ്ട്. ഡെപ്യൂട്ടി തഹസില്‍ദാര്‍ ആഭിലാഷ്, ആല വില്ലേജ് ഓഫിസര്‍ കെ.ആര്‍ മോഹന്‍കുമാര്‍, എസ്.വി.ഒ. ലൈസല്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ടിപ്പര്‍ വാഹനങ്ങള്‍ പിടികൂടിയത്.
തുടര്‍ന്ന് ആര്‍.ഡി.ഒ വിളിച്ചതനുസരിച്ച് ചെങ്ങന്നൂര്‍ പൊലിസും സ്ഥലത്ത് എത്തിയിരുന്നു. പിടികൂടിയ വാഹനങ്ങള്‍ പൊലിസിന് കൈമാറി. താലൂക്കിന്റെ വിവിധ ഭാഗങ്ങളായ മുളക്കുഴ, കോടുകുളഞ്ഞി, പാറച്ചന്ത, മുളക്കുഴ സ്‌നേഹധാരയ്ക്കു സമീപം എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അനധികൃതമായി മണ്ണ് ഖനനം ചെയ്ത ടിപ്പറുകളും, ജെ.സി.ബികളും റവന്യൂ അധികൃതര്‍ പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."