HOME
DETAILS

ശത്രു സാമാന്യനല്ല, എങ്കിലും

  
backup
January 05 2020 | 02:01 AM

%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%81-%e0%b4%b8%e0%b4%be%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%8e%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf

 

 


പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ അകറ്റാന്‍ പര്യാപ്തമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൈവരിച്ച അഭൂതപൂര്‍വമായ ജനപിന്തുണയുടെ ബലത്തിലാണ് നരേന്ദ്രമോദിയും അമിത്ഷായും പൗരത്വ നിയമത്തില്‍ കൈവയ്ക്കാന്‍ ധൈര്യപ്പെട്ടത്. ഹിന്ദുത്വ അജന്‍ഡയെ രാജ്യം സാമാന്യമായി അംഗീകരിച്ചു കഴിഞ്ഞു എന്നായിരുന്നു രണ്ടുപേരുടെയും ആത്മവിശ്വാസം. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് തളര്‍ന്നുകിടക്കുകയാണ്, ഇടതുപക്ഷമാണെങ്കില്‍ ചിത്രത്തിലില്ല. സോഷ്യലിസ്റ്റ് ശക്തികളില്‍ വലിയൊരു വിഭാഗത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ സംഘ്പരിവാറിനു സാധിക്കുന്നുണ്ട്. പ്രാദേശിക പാര്‍ട്ടികളെ വരുതിയിലാക്കുകയോ അവഗണിക്കുകയോ ചെയ്യാം; ഇതൊക്കെ കണ്ടാണ് പറ്റിയ സമയമെന്ന് നിനച്ച് ബി.ജെ.പി സര്‍ക്കാര്‍ നിയമ ഭേദഗതിയ്ക്ക് ഒരുമ്പെട്ടിറങ്ങിയത്. ഈ കണക്കുകൂട്ടലില്‍ തെറ്റു പറയാനുമാകില്ല.
ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം പാര്‍ലമെന്റില്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടുമുണ്ടല്ലോ. ഹിന്ദുരാഷ്ട്രം എന്ന അവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിടുകയാണ് സംഘ്പരിവാറിന്റെ അജന്‍ഡ. വിഭജനത്തിന്റെ പൂര്‍ത്തീകരിക്കപ്പെടാത്ത അജന്‍ഡയാണത്. ഈ അജന്‍ഡ നടപ്പാക്കുമെന്ന് അമിത് ഷാ ചുമ്മാ പറഞ്ഞതല്ല. രാജ്യത്തുടനീളമുള്ള ബി.ജെ.പി നേതാക്കള്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന മോഹം അതു തന്നെ- മുസ്‌ലിംകള്‍ക്ക് പാകിസ്താന്‍ കിട്ടിയപ്പോള്‍ ഹിന്ദുക്കള്‍ക്ക് ലഭിച്ചത് ഒരു മതേതര രാഷ്ട്രം. അത് ഇന്ത്യാ വിഭജനമെന്ന പ്രക്രിയയില്‍ സംഭവിച്ച തെറ്റാണ്. ഈ തെറ്റ് ശരിയാക്കാനുള്ള വഴിയാണ് വീണ്ടുമൊരു വിഭജനം. ഈ വിഭജനത്തിലൂടെ ഹിന്ദുക്കളെയും മുസ്‌ലിംകളെയും രണ്ടാക്കിയ അജന്‍ഡ പൂര്‍ത്തീകരിക്കപ്പെട്ടു; സംഗതി വളരെ ലളിതം.
എന്നാല്‍ അത്ര ലളിതമല്ല കാര്യങ്ങള്‍ എന്ന് സംഘ്പരിവാര്‍ ശക്തികളെ ബോധ്യപ്പെടുത്തുന്ന തരത്തിലാണ് ഇന്ത്യയില്‍ മതേതര ശക്തികളുടെയും ബുദ്ധിജീവികളുടെയും ചിന്തകരുടെയുമെല്ലാം മുന്‍കൈയില്‍ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം ഇരമ്പിയാര്‍ത്തത്. അതുകൊണ്ടാണ് ആശങ്കകളെ ഇന്ത്യാമഹാരാജ്യം ഒരു പരിധിവരെ അസ്ഥാനത്താക്കുന്നുവെന്ന് പറയുന്നത്. നമ്മുടെ രാജ്യം ഇത്തരം ജനകീയ പ്രക്ഷോഭങ്ങള്‍ മുന്‍പും കണ്ടിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയ്‌ക്കെതിരായി ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം ഓര്‍ക്കുക. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിവിരുദ്ധ പ്രക്ഷോഭം ഓര്‍ക്കുക, നിര്‍ഭയ കേസിനോടനുബന്ധിച്ച് ഉയര്‍ന്ന പ്രതിഷേധാഗ്നി ശ്രദ്ധിക്കുക. എന്നാല്‍ അവയെല്ലാം താരതമ്യേന ചില പ്രത്യേക കേന്ദ്രങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചു നിന്നതും ജനങ്ങളെ പൊതുവില്‍ ഉത്തേജിപ്പിക്കാന്‍ പര്യാപ്തമല്ലാത്തതുമായ സമരങ്ങളായിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ അവയില്‍നിന്നു വ്യത്യസ്തമാണ്. ലോക്പാലിനെ നിയമിക്കുക, ബലാത്സംഗക്കേസുകളിലെ കുറ്റവാളികളെ ശിക്ഷിക്കുക, ജനാധിപത്യം പുനഃസ്ഥാപിക്കുക തുടങ്ങിയവയായിരുന്നു നേരത്തെ പറഞ്ഞ പ്രക്ഷോഭങ്ങളുടെ ലക്ഷ്യം. എന്നാല്‍ ബി.ജെ.പി ഇറങ്ങിത്തിരിച്ചത് കുറേക്കൂടി ശക്തമായ ചില ലക്ഷ്യങ്ങളുമായാണ്. നമ്മുടെ ഭരണഘടനയെ തീര്‍ത്തും അപ്രസക്തമാക്കി ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പുനര്‍നിര്‍വചിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. അതിനുവേണ്ടിയാണ് പൗരത്വ നിയമ ഭേദഗതിയുണ്ടാക്കിയത്. അതുകൊണ്ടുതന്നെ, മതേതരസ്വഭാവം വീണ്ടെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ് ക്കേണ്ടതുണ്ട്, സാമൂഹ്യ ദൗത്യങ്ങള്‍ പുനര്‍നിര്‍ണയിക്കേണ്ടതുണ്ട്. ഇത് ഏറ്റവും നന്നായി തിരിച്ചറിഞ്ഞത് വിദ്യാര്‍ഥികളാണ്; യുവാക്കളാണ്. രാജ്യത്ത് നിലനിന്നുപോന്ന ഭീതിയുടെ മുഖാവരണം വലിച്ചുമാറ്റി സമരരംഗത്തിറങ്ങാന്‍ അവര്‍ കാണിച്ച ധൈര്യമാണ് പൗരത്വ നിയമ ഭേദഗതിവിരുദ്ധ പ്രക്ഷോഭത്തിന് ഏറ്റവുമധികം ആന്തരികബലം നല്‍കുന്ന ഘടകം.
പാഠം പഠിക്കുമോ?
എന്നാല്‍ ഹിന്ദുത്വശക്തികള്‍ ഈ ജനകീയ പ്രക്ഷോഭത്തില്‍നിന്ന് പാഠം പഠിക്കുമോ, ഇപ്പോള്‍ കുറെയൊക്കെ ക്ഷമാപണ സ്വരത്തില്‍ സംസാരിക്കുന്നുണ്ടെങ്കിലും തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോകാന്‍ തയാറില്ലെന്ന സന്ദേശമാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ പ്രക്ഷോഭത്തെ നേരിട്ടതെങ്ങനെയാണെന്ന് നോക്കിയാല്‍ മാത്രം മതി ഇതു വ്യക്തമാകും. യു.പിയിലും കര്‍ണാടകയിലും ബി.ജെ.പിയാണ് ഭരിക്കുന്നത്. പ്രക്ഷോഭകാരികളെ രണ്ടിടത്തും അത്യന്തം ഭീകരമായാണ് പൊലിസ് നേരിട്ടത്. രണ്ടിടത്തും വെടിവയ്പുണ്ടായി. നിരപരാധികളായ ആളുകള്‍ മരിച്ചു. അവര്‍ക്കൊന്നും യാതൊരു നഷ്ടപരിഹാരവും നല്‍കിയില്ലെന്നു മാത്രമല്ല, കര്‍ണാടകയില്‍ കൊടുക്കാമെന്നു പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക കൊടുത്തതുമില്ല. മരിച്ചത് അക്രമത്തിലേര്‍പ്പെട്ടവരാണെന്നത്രേ അതിനു പറയുന്ന ന്യായം.
യു.പിയില്‍ നിരപരാധികളായ മുസ്‌ലിം കുടുംബങ്ങളുടെ നേരെ പൊലിസ് നടത്തിയ നരനായാട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഫിറോസാബാദില്‍ വെടിവയ്പില്‍ മരിച്ചവരില്‍ അഞ്ചുവയസുകാരി പെണ്‍കുട്ടിയും അവളുടെ ഭിന്നശേഷിക്കാരനായ പിതാവുമുണ്ട്. സിവില്‍ സര്‍വിസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന യുവാവുമുണ്ട്. വെറുതെ നടന്നുപോകുന്നവരെപ്പോലും പിടികൂടി വെടിവച്ചു കൊന്നു. അതിനുപുറമെയാണ് അക്രമസംഭവങ്ങളുടെ പേരില്‍ മുസ്‌ലിം കുടുംബങ്ങളുടെ സ്വത്ത് പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമം. ഇത് മുസ്‌ലിംകളെ സാമ്പത്തികമായി നിരാധാരരാക്കാനുള്ള ആസൂത്രിത ശ്രമമാണ്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തങ്ങളുടെ അജന്‍ഡ കൃത്യമായി നടപ്പിലാക്കിക്കഴിഞ്ഞു. യു.പിയില്‍ ക്രമസമാധാനനില തകര്‍ന്നുവെന്ന് ലോകമാധ്യമങ്ങള്‍ പോലും വിധിയെഴുതിക്കഴിഞ്ഞപ്പോള്‍ നരേന്ദ്രമോദി യു.പി ഭരണത്തിനു നല്‍കിയ സാക്ഷ്യപത്രം കാര്യക്ഷമതയുടെ പേരില്‍. അച്ഛന്‍ ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ഒന്നുതന്നെ.
കര്‍ണാടകയിലും ഇതേരീതിയില്‍ തന്നെയായിരുന്നു കാര്യങ്ങള്‍ നീങ്ങിയത്. ഡല്‍ഹിയില്‍ ജാമിഅ മില്ലിയ കാംപസില്‍ കടന്നുകയറി ലൈബ്രറി തല്ലിത്തകര്‍ക്കുകയും ഫര്‍ണിച്ചര്‍ നശിപ്പിക്കുകയും ചെയ്യുകയായിരുന്നുവെങ്കില്‍ മംഗളൂരുവില്‍ സമരക്കാരെ തേടി ആശുപത്രികളില്‍ പൊലിസ് കടന്നുചെന്നു. പരുക്കേറ്റവരെ ചികിത്സിച്ച ആശുപത്രികളിലായിരുന്നു പൊലിസിന്റെ സംഹാരതാണ്ഡവം. യുദ്ധത്തില്‍പോലും ആശുപത്രികളില്‍ കയറരുതെന്നാണ് അന്താരാഷ്ട്ര നിയമം. ജനീവ കണ്‍വന്‍ഷന്റെ 18-ാം അനുച്ഛേദത്തില്‍ 'സിവിലിയന്‍ ആശുപത്രികളില്‍ കിടക്കുന്ന മുറിവേറ്റവരെയും രോഗികളെയും ഗര്‍ഭിണികളെയും ഒരു കാരണവശാലും ആക്രമണലക്ഷ്യമാക്കരുതെന്ന് പറയുന്നുണ്ട്. ഇന്ത്യ ഈ ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുണ്ട്; അതൊന്നും യെദ്യൂരപ്പയുടെ പൊലിസിന് വിഷയമായില്ല. ഡല്‍ഹിയിലും പ്രക്ഷോഭകാരികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനെ പൊലിസ് തടയുകയുണ്ടായി. ഡല്‍ഹി പൊലിസ് ഒരു മെഡിക്കല്‍ വാന്‍ ആക്രമിച്ചതായും പരുക്കേറ്റ സമരക്കാര്‍ക്ക് വൈദ്യസഹായം നല്‍കുന്നവരെ തടഞ്ഞുവച്ചതായും വാര്‍ത്തകളുണ്ട്. അതായത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഔദ്യോഗിക സംവിധാനങ്ങളുപയോഗിച്ച് പ്രക്ഷോഭങ്ങളെ ഹിംസാത്മകമായി നേരിടുകയാണ് ചെയ്തത്.
മുസ്‌ലിം പ്രക്ഷോഭകാരികള്‍ മാത്രമല്ല സര്‍ക്കാരിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ളത്. രാജ്യത്ത് പലയിടത്തും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് മുസ്‌ലിം മതനേതാക്കളോ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളോ അല്ലതാനും. മറിച്ച് മതേതര പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവര്‍ത്തകരുമാണ്. അവരില്‍ മുസ്‌ലിംകളും ഉണ്ടായേക്കാം. ഇത്തരം പൊതുപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും തടവിലിടുകയും ചെയ്തുകൊണ്ടാണ് ഭരണകൂടം പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നത്. ലഖ്‌നൗവിലെ തലമുതിര്‍ന്ന അഭിഭാഷകനും സോഷ്യലിസ്റ്റ് നേതാവുമായ മുഹമ്മദ് ശുഹൈബ് എന്ന എഴുപത്തിരണ്ടുകാരനെ ഡിസംബര്‍ 18ന് പൊലിസ് പിടിച്ചുകൊണ്ടുപോയി. അതുപോലെ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും അംബേദ്കര്‍ ചിന്തകളുടെ പ്രയോക്താവുമായ എസ്.ആര്‍ ധാരാപുരിയും വീട്ടുതടങ്കലിലായി. രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് തന്റെ വീട് പൊലിസ് വളഞ്ഞതായി ധാരാപുരി കണ്ടത്. അദ്ദേഹം പ്രക്ഷോഭത്തിലൊന്നും പങ്കെടുത്തിരുന്നില്ല, ചെയ്തത് ആകെക്കൂടി ഇത്രമാത്രം. 'പൗരത്വം സംരക്ഷിക്കുക' എന്ന് രേഖപ്പെടുത്തിയ പ്ലക്കാര്‍ഡ് അണിഞ്ഞുകൊണ്ടുള്ള ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തലമുതിര്‍ന്ന ഒരു മുന്‍ പൊലിസ് ഉദ്യോഗസ്ഥന്‍ പോലും അതോടെ യു.പി ഭരണകൂടത്തിന് രാജ്യദ്രോഹിയായിത്തീര്‍ന്നു.
അജന്‍ഡ പഴയതുതന്നെ
ഇതെല്ലാംവച്ച് ചിന്തിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്; ഒരുവശത്ത് പ്രക്ഷോഭങ്ങള്‍ കത്തിക്കാളുമ്പോഴും ഹിന്ദുത്വരാഷ്ട്രീയം അതിന്റെ അജന്‍ഡയില്‍ ഉറച്ചുനില്‍ക്കുന്നു. ജമ്മുകശ്മിര്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് സ്ഥാപകനുമായ ശൈഖ് അബ്ദുല്ലയുടെ ജന്മദിനമായ ജൂലൈ 13 ഒഴിവുദിനപ്പട്ടികയില്‍നിന്ന് എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ഇതോട് ചേര്‍ത്തു വായിക്കണം.
1931ല്‍ ദോഗ്രാ വംശത്തില്‍പ്പെട്ട രാജാവിനെതിരായുള്ള ജനകീയ സമരത്തില്‍ 22 കശ്മിരികള്‍ വധിക്കപ്പെടുകയുണ്ടായി. അതിന്റെ സ്മാരകമായി ജൂലൈ 13 രക്തസാക്ഷിദിനമായി ആചരിക്കാറുണ്ട് കശ്മിരില്‍. ഇക്കൊല്ലം അതും എടുത്തുകളഞ്ഞു. അതിനുപകരം ഒക്ടോബര്‍ 26 ഒഴിവുദിനമാക്കിയിരിക്കുന്നു. കശ്മിരിന് ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തതിന്റെ ഓര്‍മയെ അടയാളപ്പെടുത്താനുള്ള കൂട്ടിച്ചേര്‍ക്കല്‍ദിനം എന്ന നിലയിലാണിത്. ഇതിലൊരു വൈരുധ്യമുണ്ട്. ജമ്മുകശ്മിരിനെ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച നേതാവാണ് ശൈഖ് അബ്ദുല്ല. അദ്ദേഹം മുഹമ്മദ് അലി ജിന്ന മുന്നോട്ടുവച്ച ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു. പകരം അദ്ദേഹം മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ക്കൊപ്പം നിന്നു. ഇന്ത്യയുമായി കൂടിച്ചേരണമെന്ന് ഏറ്റവും ശക്തമായി വാദിച്ചതും കശ്മിര്‍ ജനതയെ അതിനു സജ്ജമാക്കിയതുമാണ് ശൈഖ് അബ്ദുല്ലയുടെ പ്രത്യേകത. അതേസമയം അന്നത്തെ കശ്മിരിലെ ഹിന്ദുമഹാസഭ കശ്മിര്‍ ഇന്ത്യയുടെ ഭാഗമാകുന്നതിന് അനുകൂലിച്ചിരുന്നില്ല. മതേതര രാജ്യമായ ഇന്ത്യയായിരുന്നില്ല, ഹിന്ദുരാഷ്ട്രമായ സ്വതന്ത്രകശ്മിര്‍ ആയിരുന്നു ഹിന്ദുമഹാസഭയുടെ സ്വപ്നം; പക്ഷേ ഇന്ത്യന്‍ മതേതരത്വത്തില്‍ അടിയുറച്ചു വിശ്വസിച്ച ശൈഖ് അബ്ദുല്ല ഹിന്ദുത്വരാഷ്ട്രീയത്താല്‍ നയിക്കപ്പെടുന്ന ഇന്ത്യാ ഗവണ്‍മെന്റിന് അനഭിമതന്‍. കാര്യങ്ങളുടെ ഗതി നോക്കൂ.
ഇത്തരം സംഭവങ്ങളെല്ലാം നമ്മെ നിരന്തരമായി ഒരു കാര്യം ഓര്‍മിപ്പിക്കുന്നു. രാജ്യത്ത് ഇന്നു ജീവിക്കുന്ന ബുദ്ധിജീവികളും രാഷ്ട്രതന്ത്രജ്ഞരും സാമൂഹ്യചിന്തകരുമെല്ലാം മോദി-അമിത് ഷാ കൂട്ടുകെട്ട് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപായസൂചനകള്‍ തിരിച്ചറിയുന്നുണ്ട്. നമ്മുടെ ആന്റിനകളെല്ലാം സജീവമാണ്. അതിന്റെ തെളിവാണ് ജനാധിപത്യ-മതേതരവാദികളായ ഇന്ത്യക്കാര്‍ രാജ്യത്തുടനീളം പൗരത്വ നിയമ ഭേദഗതിക്കെതിരായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ചെറുത്തുനില്‍പ്പുകള്‍. അതേസമയം, ഹിന്ദുത്വശക്തികള്‍ ഒരിഞ്ചുപോലും പിറകോട്ടു പോയിട്ടില്ല. ജനപിന്തുണയുടെ ബലത്തില്‍ സ്വന്തം പ്രതിലോമ നിലപാടുകളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഈ ശക്തികളുടെ ഉദ്യമം. അതിനാല്‍ പോരാട്ടമല്ലാതെ നമ്മുടെ മുന്‍പാകെ വേറെ യാതൊരു വഴിയുമില്ല. ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സും നമ്മുടെ ബഹുസ്വരതയുടെ ആന്തരിക ചൈതന്യവും ഉയര്‍ത്തിപ്പിടിച്ച് നമുക്ക് മുന്നോട്ടുപോയേ തീരൂ. ശത്രു സാമാന്യനല്ല കേട്ടോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശാന്തിനെതിരേ നടപടി; പ്രിന്‍സിപ്പലില്‍ നിന്ന് വിശദീകരണം തേടി ആരോഗ്യവകുപ്പ്

Kerala
  •  2 months ago
No Image

സി.പി.എം നേതാവ് കെ.ജെ ജേക്കബ് അന്തരിച്ചു

Kerala
  •  2 months ago
No Image

ഉള്ള്യേരിയില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റു 12 പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

കൊയിലാണ്ടിയിലെ എടിഎം കവര്‍ച്ച; പരാതിക്കാരനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു- പണം കവര്‍ന്നെന്ന പരാതി വ്യാജമെന്ന്

Kerala
  •  2 months ago
No Image

ജമ്മുകശ്മീര്‍ ഭീകരാക്രമണത്തില്‍ മരണസംഖ്യ ഏഴായി; ഇനിയും ഉയരാമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല

National
  •  2 months ago
No Image

ബജറ്റ് വിഹിതത്തിന് ഭരണാനുമതിയില്ല: അതിദരിദ്രരുടെ അടിയന്തര ചികിത്സ മുടങ്ങുന്നു

Kerala
  •  2 months ago
No Image

ഹൈക്കോടതി റദ്ദാക്കിയെങ്കിലും ശനിയാഴ്ചകളിൽ ക്ലാസുകൾ തുടർന്ന് സ്‌കൂളുകൾ

Kerala
  •  2 months ago
No Image

ബില്ലുകൾ മാറിനൽകുന്നില്ല: കരാറുകാര്‍ക്ക് കുടിശ്ശിക- 1166 കോടി

Kerala
  •  2 months ago
No Image

ക്രോസ് വോട്ട്: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി സരിൻ

Kerala
  •  2 months ago
No Image

പാർട്ടിചിഹ്നം നൽകാതിരുന്നത് പൊന്നാനി പകർന്ന പാഠം

Kerala
  •  2 months ago