താനൂര്‍ നഗരസഭാ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
താനൂര്‍: അടുത്ത വര്‍ഷത്തേക്കുള്ള താനൂര്‍ നഗരസഭയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരം. 11 കോടി രൂപയുടെ പദ്ധതികളാണ് കാലയളവില്‍ നടപ്പിലാക്കുന്നത്. പദ്ധതിയില്‍ ഭവന നിര്‍മാണത്തിനാണ് മുന്തിയ പരിഗണന നല്‍കിയിരിക്കുന്നത്. ഒന്നരക്കോടി രൂപ ഈ ഇനത്തില്‍ ചെലവഴിക്കും. ഭവന നവീകരണത്തിന് 44 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ രണ്ട് കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. നഗരസഭാ പരിധിയിലെ മുഴുവന്‍ സ്‌കൂളുകളും അങ്കണവാടികളും സബ് സെന്ററുകളും നവീകരിക്കും. നഗരസഭയിലെ യു.പി സ്‌കൂളുകളിലെ എല്ലാ ക്ലാസുകളിലും ലൈബ്രറി സംവിധാനമൊരുക്കും.
മത്സ്യത്തൊഴിലാളികളുടെ ബിരുദ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കും.വിവിധ റോഡുകളുടെ നവീകരണത്തിന് രണ്ട് കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കല്യാണ സല്‍ക്കാരങ്ങള്‍ മാലിന്യ മുക്തമാക്കുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്റ്റീല്‍ പാത്ര യൂനിറ്റ് തുടങ്ങും. പരിസ്ഥിതി സൗഹൃദത്തിന്റെ ഭാഗമായി തുണിസഞ്ചി നിര്‍മാണ യൂനിറ്റിന് ധനസഹായം നല്‍കും. ജീവിത ശൈലി രോഗം, കിഡ്‌നി രോഗ നിര്‍ണയ ക്യാംപുകള്‍ സംഘടിപ്പിക്കും. പ്രവാസികള്‍ക്ക് വേണ്ടിയുള്ള പദ്ധതിയും അംഗീകാരം ലഭിച്ചവയില്‍ ഉണ്ട്. ഹൈമാസ്റ്റ് ലൈറ്റുകളും എല്‍.ഇ.ഡി കളും സ്ഥാപിക്കാന്‍ 25 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. തീരദേശത്ത് കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റു പദ്ധതികളും അംഗീകാരം ലഭിച്ചവയിലുണ്ട്. ജീവനക്കാരുടെ കുറവുണ്ടായിട്ടുണ്ടും ഭരണസമിതിയും ജീവനക്കാരും കാര്യക്ഷമമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."