ശാപമോക്ഷം തേടി പഞ്ചായത്ത് കമ്യൂനിറ്റി ഹാള്‍
ആലക്കോട്: അധികൃതരുടെ അവഗണനയേറ്റു നശിച്ചുകൊണ്ടിരിക്കുന്ന ആലക്കോട് പഞ്ചായത്ത് കമ്യൂനിറ്റി ഹാള്‍ ശാപമോക്ഷം തേടുന്നു. ആലക്കോട് ടൗണിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന കമ്യൂനിറ്റി ഹാള്‍ അശാസ്ത്രീയമായ നിര്‍മാണ പ്രവൃത്തി കാരണമാണ് തകര്‍ച്ചയിലായത്. വന്‍തുക മുടക്കി പലതവണ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ശോചനീയാവസ്ഥക്ക് പരിഹാരമുണ്ടായില്ല. മേല്‍ക്കൂരയോട് ചേര്‍ന്നുള്ള സീലിങ് പലയിടത്തും തകര്‍ന്ന് താഴേക്കു പതിക്കാറായ അവസ്ഥയിലാണ്. അശാസ്ത്രീയമായ തറകളും പടികളും കമ്യൂനിറ്റി ഹാളിലെത്തുന്നവര്‍ക്കു ഏറെ അപകടമാണ് ഉയര്‍ത്തുന്നത്. വനിതാ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ പലരും ഇവിടെ കാല്‍തെറ്റി വീണു പരുക്കേറ്റ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
പഞ്ചായത്തിന്റെ വിവിധ പരിപാടികള്‍ നടത്തുന്നതിനുള്ള സൗകര്യങ്ങളും നിലവിലുള്ള കെട്ടിടത്തില്‍ ഇല്ല. എന്നാല്‍ പലതവണ പ്രഖ്യാപനങ്ങള്‍ നടത്തിയ അധികൃതര്‍ കമ്യൂനിറ്റി ഹാള്‍ ഓഡിറ്റോറിയം ആധുനിക സംവിധാനങ്ങളോടെ പുനര്‍നിര്‍മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാതെ അനാസ്ഥ കാട്ടുന്നതായാണ് ആക്ഷേപം. ഫണ്ട് ലഭ്യമായിട്ടും മാറിമാറി ഭരണത്തിലെത്തിയ പഞ്ചായത്ത് അധികൃതര്‍ കമ്യൂനിറ്റി ഹാളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."