മങ്ങാട്ടുമുറി സ്‌കൂള്‍ ഇനി സര്‍ക്കാര്‍ സ്‌കൂള്‍; ആഹ്ലാദ പ്രകടനം നടത്തി നാട്ടുകാര്‍
കൊണ്ടോട്ടി: അടച്ചുപൂട്ടിയ മങ്ങാട്ടുമുറി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന വാര്‍ത്ത വിദ്യാര്‍ഥികളേയും നാട്ടുകാരേയും ആഹ്ലാദത്തിലാക്കി. ഇന്നലെ മന്ത്രിസഭാ യോഗത്തിലാണ് അടച്ചു പൂട്ടാന്‍ കോടതി ഉത്തരവിട്ട മങ്ങാട്ടുമുറി അടക്കമുളള നാലു സ്‌കൂളുകളും സര്‍ക്കാര്‍ സംരക്ഷിക്കാന്‍ തീരുമാനിച്ചത്.
ലാഭകരമല്ലെന്നു പറഞ്ഞു സ്‌കൂള്‍ മാനേജറുടെ പരാതി ശരിവെച്ചു ചൊവ്വാഴ്ച ഹൈക്കോടതിയുടെ നിര്‍ദേശത്തിലാണു മങ്ങാട്ടുമുറി സ്‌കൂള്‍ അടച്ചു പൂട്ടിയത്. എന്നാല്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വരികയും കുട്ടികളെ ക്ലാസ്് മുറിയിലിരുത്തി പഠിപ്പിക്കുകയും ചെയ്തു. ഇന്നലെയും പതിവു പോലെ വിദ്യാര്‍ഥികളും അധ്യാപകരുമെത്തി ക്ലാസുകള്‍ നടത്തി. ഓഫിസ് മുറി പൂട്ടി സീല്‍ ചെയ്തിരുന്നു. എന്നാല്‍ ക്ലാസ്മുറികളിലാണ് അധ്യാപകരും കുട്ടികളും ഇരുന്നത്. ഇതിനിടയിലാണു സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നറിയിപ്പുണ്ടായത്. ഇതോടെ നാട്ടുകാര്‍ ആഹ്ലാദപ്രകടനം നടത്തി. പുതിയേടത്ത് പറമ്പില്‍ നടന്ന പ്രകടനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. വേലായുധന്‍ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സമരസമിതി കണ്‍വീനര്‍ ശ്രീധരന്‍, പി.കെ.മോഹന്‍ദാസ് അധ്യക്ഷനായി. സമരസമിതി കണ്‍വീനര്‍ ശ്രീധരന്‍, അബ്ദുള്‍ അലി മാസ്റ്റര്‍ സംസാരിച്ചു.
സ്‌കൂള്‍ അടച്ചു പൂട്ടിയതിനെത്തുടര്‍ന്നു സ്ഥലം എംഎല്‍എ ടി.വി.ഇബ്രാഹീം ഇന്നലെ പുളിക്കലില്‍ സര്‍വ കക്ഷിയോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടി അനുകൂലമായതിനാല്‍ പുളിക്കല്‍ പഞ്ചായത്ത് ഹാളില്‍ ചേരാനുദ്ദേശിച്ച യോഗം മാറ്റി. സംഭവുമായി ബന്ധപ്പെട്ടു പുളിക്കല്‍ പഞ്ചായത്ത് അടിയന്തര ഭരണസമിതിയോഗം ചേര്‍ന്നു.
തീര്‍ത്തും മലയോരപ്രദേശമായ ഒളവട്ടൂര്‍, മങ്ങാട്ടുമുറി എന്നീമേഖലയിലെ സാധാരണക്കാര്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്‌കൂള്‍ കൂടിയാണിത്. 85 വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിരുന്ന സ്‌കൂളിനു 2009 ഓടെയാണ് അടച്ചുപൂട്ടല്‍ ഭീഷണി ഉണ്ടായത്. നിലവില്‍ സ്‌കൂളില്‍ 72 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമാണുള്ളത്. കഴിഞ്ഞദിവസം ഒന്നാംക്ലാസിലേക്കു 18 കുട്ടികള്‍ ചേര്‍ന്നിരുന്നു. സ്‌കൂളിന്റെ മൂന്നുകിലോമീറ്ററോളം ചുറ്റളവില്‍ പ്രൈമറി സ്‌കൂളുകളില്ലാത്തതിനാല്‍ സാധാരണക്കാരായവരുടെ മക്കളാണ് ഇവിടെ വിദ്യ തേടിയെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."