'തല്ലിച്ചതച്ചു, ദാഹിച്ചപ്പോള്‍ കുടിക്കാന്‍ മൂത്രം തന്നു'- യു.പി മദ്രസാ വിദ്യാര്‍ഥികളോട് യോഗി പൊലിസ് നടത്തിയ ക്രൂരതകളില്‍ ഇതും
മുസഫര്‍നഗര്‍: യു.പിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചെന്നു പറഞ്ഞ് തടവിലാക്കിയ മദ്രസാ വിദ്യാര്‍ഥികളോട് യോഗി പൊലിസ് നടത്തിയ കൂടുതല്‍ ക്രൂരതകള്‍ പുറത്ത്. ദാഹിച്ചപ്പോള്‍ മൂത്രം കുടിക്കാന്‍ നല്‍കിയെന്നാണ് പുതിയ വെളിപെടുത്തല്‍. പൊലിസ് വിട്ടയച്ച കുട്ടികളാണ് ഇക്കാര്യം വെളിപെടുത്തിയത്.
മുസഫര്‍ നഗറില്‍ പൊലിസ് പിടിച്ചു കൊണ്ടുപോയ സാദത്ത് യതീംഖാന ഹോസ്റ്റലിലെ കുട്ടികള്‍ക്കു നേരെയാണ് അതിക്രമം. നൂറോളം കുട്ടികളെയാണ് പൊലിസ് പിടിച്ചു കൊണ്ടുപോയത്.
പൊലിസ് തടവിലാക്കിയ കുട്ടികള്‍ക്ക് പ്രകൃതി വിരുദ്ധ പീഡനം നന്നതായി കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. .ഇവരില്‍ പലര്‍ക്കും മലദ്വാരത്തില്‍ രക്തസ്രാവമുള്ളതായും ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
അതിക്രൂരമായ മര്‍ദ്ദനമാണ് ഇവര്‍ക്ക് പൊലിസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടികളെ ടോയ്‌ലറ്റില്‍ പോവാന്‍ പോലും പൊലിസ് അനുവദിച്ചില്ലെന്നും കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് സല്‍മാന്‍ സഈദ് പറയുന്നു.
ഇവരുടെ അധ്യാപകനായ മൗലാന ആസാദിന് നേരെ പൊലിസ് നടത്തിയ അതിക്രമം രൂക്ഷ വിമര്‍ശനത്തനിടയാക്കിയിരുന്നു. ഹോസ്റ്റലില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് ഈ 82കാരനെ ലാത്തികൊണ്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തായിരുന്നു. പൊലിസ് പിടികൂടിയ ശേഷം കൊടും തണുപ്പില്‍ അദ്ദേഹത്തെ ദിവസം മുഴുവന്‍ ഇരുട്ടു മുറിയില്‍ അടച്ച് മര്‍ദ്ദിച്ചെന്നും അദ്ദേഹം ബന്ധുക്കളോട് പറഞ്ഞു. തൊട്ടടുത്ത മുറിയില്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളും ക്രൂര മര്‍ദ്ദനത്തിനിരയാവുകയായിരുന്നു. കുട്ടികളെ ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."