ബി.ജെ.പിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ തിരിച്ചടി; പൗരത്വ ഭേദഗതില്‍ കേന്ദ്രമന്ത്രിയോട് അതൃപ്തി തുറന്ന് പറഞ്ഞ് ജോര്‍ജ് ഓണക്കൂര്‍
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുടെ പ്രചാരണത്തിനായി ബി.ജെ.പി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിയില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി. ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി തന്റെ വീട്ടിലെത്തിയ കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി കിരണ്‍റിജ്ജു വിനോട് സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ തന്റെ വിയോജിപ്പ് തുറന്ന് പറഞ്ഞതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്.
വീടുകള്‍ കയറിയുള്ള ജനസമ്പര്‍ക്ക പരിപാടിക്കായി കിരണ്‍ റിജ്ജു സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ജോര്‍ജ് ഓണക്കൂറിന്റെ വീട്ടിലെത്തിയപ്പോഴാണ് പൗരത്വ നിയമ ഭേദഗതിയില്‍ അദ്ദേഹം തന്റെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്.
ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കി ആറ് മതങ്ങളെ പൗരത്വ ഭേദഗതി നിയമത്തില്‍ ഉള്‍പ്പെടുത്തിയ നടപടി ശരിയായില്ലെന്നും മുസ്‌ലിംകളെ മാത്രം ഒഴിവാക്കിയത് രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തിന് എതിരാണെന്നും ജോര്‍ജ് ഓണക്കൂര്‍ മന്ത്രിയോട് പറഞ്ഞു.
നിയമം ഏതെങ്കിലും ഒരു മതത്തിന് എതിരല്ലെന്നും താന്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ കുടിയേറ്റക്കാരായ നല്ല മുസ്‌ലിംകള്‍ക്ക് പൗരത്വം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു കിരണ്‍ റിജ്ജു ഇതിന് നല്‍കിയ മറുപടി. പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ കോരളത്തില്‍ കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ നടത്തിയ ബി.ജെ.പിയുടെ ആദ്യ ഗൃഹ സന്ദര്‍ശന പരിപാടിയായിരുന്നു ഇത്.
ജനാധിപത്യത്തില്‍ വിയോജിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് കിരണ്‍ റിജ്ജു പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. കേന്ദ്ര നിയമത്തിനെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."