പുരുഷഗ്രഹണങ്ങള്‍ മറച്ച നക്ഷത്രങ്ങള്‍
സ്ത്രീയുടെ സ്വത്വത്തെ അപഹരിച്ച് അവളുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ മൂടിവയ്ക്കുന്ന സാമൂഹികാവസ്ഥ അനവധി കാലമായി ലോകമെമ്പാടും നാം കണ്ടിട്ടുളളതാണ്. സ്ത്രീ വിമോചനമെന്നത് നിരവധി സങ്കീര്‍ണതകള്‍ നിറഞ്ഞ ഒരു സമസ്യയാണിന്നും. എന്താണ് സ്ത്രീ ആഗ്രഹിക്കുന്ന യഥാര്‍ഥ സ്വാതന്ത്ര്യമെന്നത് ഇനിയും വേണ്ട രീതിയില്‍ നിര്‍വചിച്ചു തീര്‍ന്നിട്ടില്ല. ഒരു സ്വതന്ത്രവ്യക്തിയെന്ന നിലയില്‍ തങ്ങള്‍ ജീവിക്കുന്ന സാമൂഹികാന്തരീഷത്തില്‍ അവര്‍ക്ക് പലതും നിഷേധിക്കപ്പെടുന്നുവെന്നത് ഇന്നും അനിഷേധ്യമായ ഒരു സത്യമാണ്. പലതിനും പാരമ്പര്യത്തിന്റെയും സാംസ്‌കാരികത്തനിമയുടെയും മേല്‍വിലാസം ചാര്‍ത്തിക്കൊണ്ട് യഥാര്‍ഥത്തില്‍ സ്ത്രീകളുടെ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കൂച്ചുവിലങ്ങിടുകയാണിന്നും നമ്മുടെ പുരുഷകേന്ദ്രിത സമൂഹം.
സ്ത്രീകളുടെ സര്‍ഗാത്മകവസന്തങ്ങളെ പലതിന്റെയും പേരില്‍ നിത്യഗ്രീഷ്മങ്ങളാക്കാന്‍ ശ്രമിച്ചിരുന്ന ആണ്‍കോയ്മയുടെ ഒട്ടനവധി കഥകള്‍ ഇക്കാലത്ത് പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കമിതാക്കളും, ഭാര്യമാരും, വെപ്പാട്ടിമാരുമായി ദീര്‍ഘകാലം തങ്ങളുടെ പുരുഷന്മാരോടൊത്ത് ജീവിക്കുകയും അക്കാലത്ത് തങ്ങളുടെ ഇണകളാല്‍ തമസ്‌കരിക്കപ്പെട്ട് അണിയറയില്‍ ആരോരുമറിയാതെ ഒടുങ്ങുകയുംചെയ്യുമായിരുന്ന ചിലര്‍ തിരശ്ശീലകള്‍ വലിച്ചുകീറി പുറത്തു വന്നിരിക്കുന്നു.
രണ്ടായിരത്തി പത്തൊന്‍പതില്‍ പുറത്തുവന്ന ചില അന്തര്‍ദേശീയ കണക്കെടുപ്പുകള്‍ അത്തരത്തിലുളള നിരവധി സത്യങ്ങളാണ് പുറത്തുകൊണ്ടുവരുന്നത്. 1919 ല്‍ ജര്‍മനിയില്‍ സ്ഥാപിതമായ ബോഹസ് കലാവിദ്യാലയം യൂറോപ്പിലെ ആധുനിക കലാപ്രസ്ഥാനത്തിന്റെ വക്താക്കളായ ക്ഷുഭിതയൗവ്വനങ്ങളുടെ മക്കയായിരുന്നു. 1933 ല്‍ സ്ഥാപനം പൂട്ടിയതുപോലും ആധുനികചിന്തയുടെ ഭാഗമായിരുന്നു. അക്കാലത്ത് ബോഹസില്‍ കല പഠിക്കാന്‍ ചെന്ന ആനി ആല്‍ബര്‍ എന്ന യുവതിക്ക് അന്നത്തെ ആണ്‍കോയ്മ വിദ്യാലയത്തിലെ ക്രിയാത്മക ചിത്രരചനപോലുളള പ്രധാന കലാപരിശീലനത്തിന് വിലക്ക് കല്‍പ്പിച്ചു. അവരുടെ നിരന്തരമായ സമ്മര്‍ദ്ദത്താല്‍ താരതമ്യേന പ്രാധാന്യം കുറഞ്ഞ, തുണിത്തരങ്ങളില്‍ അലങ്കാരങ്ങള്‍ ചെയ്യുന്ന വിദ്യപഠിക്കുന്നതിന് പ്രവേശനം നല്‍കി. പുരുഷകേന്ദ്രിത സമൂഹത്തിന്റെ ഈ തിന്മയ്‌ക്കെതിരെ അവര്‍ക്ക് വാശിയോടെ ജീവിതം മുഴുവന്‍ പോരാടേണ്ടിവന്നതിന് അവരോടൊപ്പം ബോഹസില്‍ പഠിച്ചിരുന്ന യോസേഫ് ആല്‍ബര്‍ എന്ന ജര്‍മനിക്കാരനായ പ്രമുഖ ചിത്രകാരന്‍ അവരുടെ ഭര്‍ത്താവായിരുന്നുവെന്നതും ഒരു കാരണമായിരുന്നു. 1899 ല്‍ ജര്‍മനിയില്‍ ജനിച്ച ആനി 1994 ല്‍ തന്റെ തൊണ്ണൂറ്റാഞ്ചാമത്തെ വയസില്‍ മരിക്കുമ്പോഴും അര്‍ഹമായ അംഗീകാരങ്ങളൊന്നും ലഭിച്ചില്ല. ഭര്‍ത്താവിന്റെ ജീവിതകാലം മുഴുവന്‍ അയാളുടെ നിഴലില്‍ കഴിഞ്ഞ ആനിയുടെ ചിത്രങ്ങള്‍ ലണ്ടനിലെ വിഖ്യാത കലാകേന്ദ്രമായ റ്റെയ്റ്റ് മോഡേണ്‍ ബോഹസിന്റെ നൂറാം വാര്‍ഷികത്തോനുബന്ധിച്ച് ഈയിടെ പ്രദര്‍ശിപ്പിച്ചു. കലാലോകം അത്ഭുതത്തോടെ വീക്ഷിച്ച ഈ പ്രദര്‍ശനം ഒരു കലാകാരിയെ ആണുങ്ങളുടെ അധികാരാഭിവാഞ്ഛ ജീവിതം മുഴുവന്‍ ഇരുളില്‍ നിര്‍ത്തിയതിന്റെ കരാളത വിളിച്ചോതുന്ന ഒന്നായികൂടി വിലയിരുത്തുന്നു. ഒരു മികച്ച കലാകാരിയായിരുന്നിട്ടും ഭര്‍ത്താവ് ഉള്‍പ്പെടെയുളള പുരുഷകേസരികളുടെ അടിച്ചമര്‍ത്തലുകളില്‍ കാലം അറിയാതെ പോകുമായിരുന്ന ഒരു കലാപ്രതിഭയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ മുന്നോട്ടു വന്ന ലണ്ടനിലെ റ്റെയ്റ്റ് മോഡേണ്‍ കലാകേന്ദ്രത്തോടുളള കലാലോകത്തിന്റെ ആദരവിന് മാറ്റ് കൂടുകയാണിപ്പോള്‍.
ലണ്ടനിലെ മറ്റൊരു പ്രശസ്ത കലാപ്രദര്‍ശനശാലയായ ബാര്‍ബിക്കന്‍ ആര്‍ട് ഗാലറി 'ജീവിക്കുന്ന നിറങ്ങള്‍' എന്ന പേരില്‍ നടത്തിയ പ്രദര്‍ശനം പുരുഷാധിപത്യം മറയ്ക്കുളളില്‍ ഒതുക്കിയ മറ്റൊരു കലാകാരിയെ വെളിച്ചത്തിലേയ്ക്ക് തുറന്നിടുന്നതാണ്. 1908 ല്‍ അമേരിക്കയില്‍ ജനിച്ച ലീ ക്രാസ്‌നര്‍ എന്ന ചിത്രകാരി 1945 ല്‍ അമൂര്‍ത്തയുടെ വക്താവായ വിഖ്യാത ചിത്രകാരന്‍ ജാക്‌സണ്‍ പൊളളാക്കിനെ വിവാഹം കഴിക്കുന്നതുവരെ കലാലോകത്ത് നിറഞ്ഞു നിന്നിരുന്നു. വിവാഹശേഷം പ്രദര്‍ശനങ്ങളിലൊന്നും സാന്നിധ്യമറിയിക്കാതെ മാറി നിന്നത് ഭര്‍ത്താവിന്റെ നിരുത്സാഹപ്പെടുത്തലായിരുന്നോയെന്ന് സംശയിക്കുകയാണ് കലാലോകം. ജാക്‌സണ്‍ പൊളളാക്കിനെപ്പോലെ സുപ്രസിദ്ധനായ ഒരാളുടെ ഭാര്യയായിരുന്നിട്ടും, കലാലോകത്ത് സ്വന്തം സ്വത്വം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നിട്ടും അവരുടെ ശോഭ മങ്ങിയതിന് പിന്നില്‍ മറ്റാരാണ് വര്‍ത്തിച്ചത് എന്നത് കലാകാരന്മാര്‍ക്കിടയില്‍ കൗതുകമുണര്‍ത്തുന്ന ഒരു സംഗതിയാണ്. ജീവിച്ചിരുന്നപ്പോള്‍ പല കലാനിരൂപകരും അവരുടെ രചനകളില്‍ പൊളളാക്കിന്റെ സ്വാധീനമുണ്ടെന്ന് വിമര്‍ശിച്ചിരുന്നതും ഈ പിന്‍മാറ്റത്തിന് കാരണമായി ചിലര്‍ കരുതുന്നുണ്ട്. അടുത്തവര്‍ഷം വരെ പലയിടങ്ങളിലായി തുടരുന്ന ഈ പ്രദര്‍ശനം ലീ ക്രസ്‌നര്‍ പൊളളാക്കിനെ വിവാഹം കഴിച്ചിരുന്നില്ലെങ്കില്‍ ഇത്രയും മികവാര്‍ന്ന കലാസൃഷ്ടികള്‍ തങ്ങള്‍ക്ക് എന്നേ കാണാനാവുമായിരുന്നുവെന്ന ആസ്വാദകരുടെ അഭിപ്രായപ്രകടനവുമായാണ് മുന്നോട്ട് പോകുന്നത്. 1984 ല്‍ അന്തരിച്ച ലീയുടെ കലാസൃഷ്ടികള്‍ക്ക് കലാവിപണിയില്‍ നല്ല പ്രതികരണം ലഭിക്കുന്നുണ്ടിപ്പോള്‍.
ലോകം കണ്ട മഹാനായ കലാകാരന്മാരിലൊരാളായ പാബ്ലോ പീകാസോയുടെ കാമുകിയായിരുന്ന ഫ്രഞ്ച് ചിത്രകാരിയും ഛായാഗ്രഹികയും കവയിത്രിയുമായിരുന്ന ദോറ മാറിന്റെ ഛായാച്ചിത്രം 1937 ല്‍ പീകാസോ വരച്ചത് കലാചരിത്രത്തിനുളളിലെ മറ്റൊരു ചരിത്രമാണ്. പിന്നീട് പീകാസോയുടെ ഒട്ടനവധി ചിത്രങ്ങളുടെ മാതൃകയായിരുന്നു അവര്‍. സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തിന്റെ കെടുതികളില്‍ മനംനൊന്ത് പീകാസോ കുറെ രചനകള്‍ നടത്തിയിരുന്നു. അവയില്‍ 'കരയുന്ന സ്തീ' യെന്ന രചനയില്‍ ദോറയായിരുന്നു മാതൃക. ഗ്രീക്ക് ഇതിഹാസങ്ങളില്‍ കല, ശാസ്ത്രം, സാഹിത്യം തുടങ്ങിയ സര്‍ഗാത്മകപ്രവര്‍ത്തനങ്ങളുടെ ദേവതയായ മ്യുസ് (മ്യുസിയം എന്ന വാക്കിന്റെ ഉല്‍പ്പത്തി ഇതില്‍ നിന്നാണ്) ആണ് പീകാസോയ്ക്ക് ദോറ എന്ന് കലാലോകം അക്കാലത്ത് വിശ്വസിച്ചിരുന്നു. അത്രമേല്‍ ആരാധനയായിരുന്നു പീകാസോയ്ക്ക് ദോറയോട്. സ്വയം ഒരു കലാകാരിയായിരുന്നിട്ടും പീകാസോയോടുളള ആരാധനമൂത്ത് അവര്‍ സ്വന്തം രചനകള്‍ ആരേയും കാണിക്കാന്‍ മുതിര്‍ന്നില്ല. ഒരു നല്ല ഛായാഗ്രാഹികകൂടിയായിരുന്ന ദോറയുടെ രചനകളുടെ ഒരു സമ്പൂര്‍ണ പ്രദര്‍ശനം ഈ വര്‍ഷം റ്റെയ്റ്റ് മോഡേണ്‍ ലണ്ടനില്‍ തുടങ്ങുകയാണ്. ആറു പതിറ്റാണ്ട് കാലം പീകാസോയുടെ നിഴല്‍പ്പാടില്‍ മറഞ്ഞിരുന്ന ദോറയുടെ സര്‍ഗാത്മക ജീവിതം അങ്ങനെ ഭാവുകനുമുന്നില്‍ തുറക്കപ്പെടാന്‍ പോകുന്നത് ആകാംക്ഷയോടെയാണ് കലാപ്രേമികള്‍ കാത്തിരിക്കുന്നത്.
ആദ്യകാല ദാദായിസത്തിന്റെ വക്താവായിരുന്ന ജര്‍മനിക്കാരനായ മറ്റൊരു ചിത്രകാരന്‍ മാക്‌സ് ഏണ്‍സ്റ്റിന്റെ ഭാര്യ ഡോറോത്ത്യ റ്റാനിങ് അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവരാണ്. മാക്‌സ് ഏണ്‍സ്റ്റിനെ വിവാഹം ചെയ്തതിനു ശേഷം മൂന്നു പതിറ്റാണ്ട് കാലം പാരീസിലായിരുന്നു ജീവിതം. നല്ലൊരു കലാകാരിയായിരുന്നിട്ടും തന്റെ രചനകള്‍ സമൂഹമധ്യത്തില്‍ എത്തിക്കാന്‍ അവര്‍ക്ക് കഴിയാതിരുന്നത് അവരുടെ ഭര്‍ത്താവിന്റെ നിസ്സഹകരണം മാത്രമല്ല അവരുടെ രചനാശൈലിയായിരുന്ന സര്‍റിയലിസം കൂടി ഒരു കാരണമായെന്നും കരുതണം. മാക്‌സ് ഏണ്‍സ്റ്റിന്റെ മരണശേഷം അവര്‍ അമേരിക്കയിലേക്ക് തന്നെ താമസം മാറ്റിയെങ്കിലും ഏകാന്തതയുടെ ആ വര്‍ഷങ്ങളില്‍ അവര്‍ കുറച്ചുകാലം സര്‍ഗാത്മകനിദ്രയിലായിരുന്നു. റ്റെയ്റ്റ് മോഡേണ്‍ ചിത്രശാല അവരുടെ രചനകളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കുവാന്‍ മുന്നോട്ടു വന്നിരിക്കുകയാണിപ്പോള്‍. സ്ത്രീ ചിത്രകാരിയെന്നും പുരുഷചിത്രാകാരനെന്നുമുളള വിവേചനത്തിന് ഡോറോത്ത്യ എതിരാണ്. അത്തരത്തിലുളള ലിംഗപരമായ വേര്‍തിരിവുകള്‍ കലയില്‍ അപഹാസ്യപരമായ ഒന്നാണെന്ന് അവര്‍ കരുതുന്നു. ഡോറോത്ത്യയുടെ പ്രദര്‍ശനം കലാചിന്തയുടെ എതിര്‍ദിശയിലേയ്ക്കും ഭാവുകനെ സഞ്ചരിപ്പിക്കുമെന്ന് കലാനിരൂപകര്‍ കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."