ഗള്‍ഫില്‍ തിരക്കിട്ട ചര്‍ച്ച; ഖത്തര്‍ മന്ത്രി ഇറാനില്‍ സഊദി പോംപിയോയെ വിളിച്ചു, കുവൈത്തില്‍ ജാഗ്രത നിർദ്ദേശം
ജിദ്ദ: അമേരിക്കക്കെതിരെ ഇറാന്‍ ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന സൂചനകള്‍ക്കിടെ ഗള്‍ഫില്‍ ഭീതി പരന്നു. ഗള്‍ഫ് നേതാക്കള്‍ ഇറാനുമായും അമേരിക്കയുമായും ചര്‍ച്ച നടത്തി. ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി ഇറാനിലെത്തി. അതേ സമയം സഊദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായി സംസാരിച്ചു.
കുവൈത്ത് അതീവ ജാഗ്രതയിലാണ്. ആള്‍ത്തിരക്കേറിയ പ്രദേശങ്ങളില്‍ നിന്ന് പൗരന്‍മാര്‍ ഒഴിഞ്ഞുനില്‍ക്കണമെന്നും കുവൈത്ത് അഭ്യര്‍ഥിച്ചു.
അതിനിടെ, ഇറാന്‍ തിരിച്ചടിച്ചാല്‍ 52 ഇടങ്ങളില്‍ ആക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കി. യുദ്ധസൂചന നല്‍കി ഇറാനില്‍ ചെങ്കൊടി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി. ചൊവ്വാഴ്ചയ്ക്ക് ശേഷം ഇറാന്‍ ആക്രമണം തുടങ്ങുമെന്നാണ് സൂചനകള്‍. വിശദാംശങ്ങള്‍...
ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് അല്‍ത്താനി ഇറാനിലെത്തി പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ചര്‍ച്ച നടത്തി. ഇറാനുമായി അടുപ്പം പുലര്‍ത്തുന്ന ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. ഖത്തറിലാണ് അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമുള്ളത്.
അമേരിക്കയുടെ നടപടിയാണ് മേഖലയില്‍ അശാന്തി പരത്തിയതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഇറാഖില്‍ ആക്രമണം നടത്തിയതിലൂടെ അമേരിക്ക ഇറാഖിനെ അപമാനിക്കുകയാണ് ചെയ്തത്. ഒരു രാജ്യത്തിന്റെ അധികാരം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നുംറൂഹാനി പറഞ്ഞു.
അമേരിക്ക നടത്തിയ ആക്രമണം എല്ലാ രാജ്യങ്ങളും അപലപിക്കണം. അമേരിക്കയുടേത് ഭീകര പ്രവര്‍ത്തനമാണ്. അതിനെതിരെ മേഖലയുടെ ഐക്യം ആവശ്യമാണ്. അമേരിക്കന്‍ സൈന്യം മേഖലയ്ക്ക് ഭീഷണിയാണ്. അമേരിക്ക പശ്ചിമേഷ്യയിലുള്ള കാലത്തോളം സമാധാനം ഉണ്ടാകില്ലെന്നും റൂഹാനി പറഞ്ഞു.
അതിനിടെ ഇത്രയും ആശങ്കയുള്ള സാഹചര്യം ഗള്‍ഫ് മേഖലയില്‍ ആദ്യമായിട്ടാണെന്ന് ഖത്തര്‍ മന്ത്രി മുഹമ്മദ് അല്‍ത്താനി പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയും സമാധാനവും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് സുരക്ഷ സംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി.
അതേസമയം, സഊദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായി ഫോണില്‍ സംസാരിച്ചു. മേഖലയില്‍ സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖുമായി വിഷയത്തില്‍ ചര്‍ച്ച നടത്താനും സഊദി തീരുമാനിച്ചു.
പശ്ചിമേഷ്യയിലെ അസ്ഥിരത ആഗോള വ്യാപാരത്തെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ലോകരാജ്യങ്ങള്‍ ഇടപെടണമെന്ന സഊദി വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇറാഖിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുണ്ട്. എല്ലാവരും സംയമനം പാലിക്കണമെന്നും സഊദി വിദേശകാര്യമന്ത്രാലയം അഭ്യര്‍ഥിച്ചു.
കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് നീങ്ങാതെ വിവേകത്തോടെ പ്രശ്‌നം പരിഹരിക്കണമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് ആവശ്യപ്പെട്ടു. ബഹ്‌റൈനും സമാധാന ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അമേരിക്കയുടെ സഖ്യരാജ്യങ്ങളാണ് ഗള്‍ഫിലുള്ളത്. അതുകൊണ്ടുതന്നെ ഇറാന്റെ ആക്രമണം ഗള്‍ഫ് രാജ്യങ്ങളെ നേരിട്ട് ബാധിക്കും.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."