ദക്ഷിണ കേരളത്തെ മലബാറിലെ ഉലമാക്കളുമായി ബന്ധിപ്പിച്ച കണ്ണി
ജലീല്‍ അരൂക്കുറ്റി#
കൊച്ചി: ലാളിത്യവും പാണ്ഡിത്യവും സംഘാടനവും ഒരുപോലെ സമന്വയിച്ച വി.എം മൂസ മൗലവി വടുതല ദക്ഷിണ കേരളത്തെ മലബാറിലെ ഉലമാക്കളുമായി ബന്ധിപ്പിച്ചിരുന്ന പ്രധാനപ്പെട്ട കണ്ണിയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരുമായി വളരെ അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്ന മൂസ മൗലവി അവസാനമായി കൊച്ചിയില്‍ പങ്കെടുത്ത പൊതുചടങ്ങ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുമായി വേദി പങ്കിട്ട പെരുമ്പാവൂരിലെ മദ്ഹുറസൂല്‍ സദസായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ആലുപ്പുഴ ജില്ലയിലെ ചന്തിരൂരിലെയും ആറാട്ടുപുഴയിലെയും ദര്‍സ് പഠനങ്ങള്‍ക്ക് ശേഷമാണ് അസ്സയ്യിദ് അസ്ഹരി തങ്ങളുടെ അടുക്കലേക്ക് ദര്‍സ് പഠനത്തിനായി മൂസ മൗലവി എത്തിച്ചേരുന്നത്. അറുപതോളം മുത്തവല്ലിമാരുമായി തലക്കടത്തൂരില്‍ ദര്‍സ് പഠനം നടത്തുന്നതിനിടയിലാണ് തങ്ങള്‍ മൂസ മൗലവിയെ വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിലേക്ക് അയക്കുന്നത്. തങ്ങള്‍ പിന്നീട് ഈജിപ്തിലേക്ക് പോയെങ്കിലും മൂസ മൗലവിയുമായുള്ള ബന്ധം വിട്ടിരുന്നില്ല. അവിടെ നിന്ന് അയച്ച അറബിയിലുള്ള കത്തുകള്‍ മൂസ മൗലവിക്ക് ഒരു നിധി തന്നെയായിരുന്നു. അറബിയിലുള്ള കത്തിനെ കുറിച്ച് മൂസ മൗലവി തന്റെ ആത്മകഥയായ റൗളത്തുല്‍ അഖ്ബാര്‍ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
പിന്നീട് ശൈഖ് ഹസന്‍ ഹസ്രത്തിന്റെ ശിക്ഷണത്തില്‍ കുടുതല്‍ പഠനങ്ങള്‍ നടത്തിയ അദ്ദേഹം അല്‍അവാഇലുസ്സുമ്പുലിയ്യ എന്ന ഹദീസ് സമാഹാരം അല്ലാമ മുഹമ്മദ് യാസീന്‍ അല്‍ഫാദാനി അല്‍മക്കിയില്‍നിന്ന് നേരിട്ട് പഠിക്കുകയുണ്ടായി. പ്രമുഖ സൂഫീ വര്യരും വലിയ്യുമായ മര്‍ഹൂം സി.എം വലിയുല്ലാഹ് ബാഖിയാത്തുസ്സ്വാലിഹാത്തിലെ മൂസ മൗലവിയുടെ സതീര്‍ഥ്യരില്‍ പ്രമുഖനാണ്. പഠനശേഷം നിരന്തരമായി ഇരുവരും എഴുത്തിലൂടെ ബന്ധപ്പെട്ടിരുന്നു. മലബാറിലെ മഹാന്മാരായ ഉലമാക്കളില്‍ പ്രമുഖരായ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, മര്‍ഹൂം കോട്ടുമല അബൂബക്കര് മുസ്‌ലിയാര്‍, കണ്ണിയത്ത് ഉസ്താദ് എന്നിവരുമായെല്ലാം ബന്ധപ്പെട്ടിരുന്ന അദ്ദേഹം തിരക്കുകള്‍ക്കിടയില്‍ സമസ്തയുടെ നേതാക്കളുമായുള്ള ബന്ധം വളര്‍ത്തിയെടുക്കാന്‍ സാധിക്കാത്തതിലുള്ള വിഷമവും പങ്കുവയ്ക്കുന്നുണ്ട്്.
1961ല്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ വര്‍ക്കിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് ശിഹാബുദ്ദീന്‍ മൗലവിയുടെ വേര്‍പാടിനെ തുടര്‍ന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 1963 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 40ഓളം തവണ ഹജ്ജ് കര്‍മം നിര്‍വഹിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."