സമാധാന പ്രതിഷേധങ്ങള്‍ കാണാത്തത് എന്തുകൊണ്ട്?
പ്രധാനമന്ത്രി നരേന്ദ്രമോദിയായാലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോ മറ്റുമുതിര്‍ന്ന ബി.ജെ.പി നേതാക്കന്‍മാരോ, ഇനി അവരെ എതിര്‍ക്കുന്ന യശ്വന്ത് സിന്‍ഹ പോലുള്ള മുതിര്‍ന്ന നേതാക്കന്‍മാരോ ആയാലും സംസാരിക്കുക പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭത്തില്‍ മുസ്‌ലിംകള്‍ നടത്തുന്ന 'ആക്രമണങ്ങളെ' കുറിച്ച് മാത്രമാണ്. സത്യം പറഞ്ഞാല്‍ പല ടെലിഷന്‍ ചാനലുകളും കാര്യങ്ങള്‍ അങ്ങിനെയാണ് അവതരിപ്പിക്കുന്നത്. എവിടെയെല്ലാം മുസ്‌ലിംകള്‍ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ടോ അവിടെയെല്ലാം അക്രമം അനിവാര്യമാണ് എന്ന നിലയിലാണ് പല മാധ്യമങ്ങളും പൗരത്വ നിയമ ഭേദഗതിരേയുള്ള പ്രതിഷേധങ്ങളെ അവതരിപ്പിക്കുന്നത്.
എന്നാല്‍ അതെല്ലാം വാസ്തവത്തില്‍ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് അതിവിദൂരമാണ്. രാജ്യമാകെ മുസ്‌ലിംകള്‍ വലിയ തോതില്‍ സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അതെല്ലാം തികച്ചു സമാധാനപരമായിട്ടാണ് നടക്കുന്നത്. ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ഥികളുടെ സമരം അന്താരാഷ്ട്രതലത്തില്‍ വരെ വാര്‍ത്താപ്രാധാന്യം നേടുന്നതിനുമുമ്പേ അവര്‍ അവിടെ സമരംചെയ്യുന്നുണ്ടായിരുന്നു. പുറത്തുനിന്നുള്ളവരാണ് ജാമിഅയില്‍ പ്രശ്‌നങ്ങള്‍ അഴിച്ചുവിട്ടതെന്ന വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താനോ, ആരെയെങ്കിലും അറസ്റ്റുചെയ്യാനോ ഡല്‍ഹി പൊലിസ് ഇനിയും തയാറായിട്ടില്ല.
ഷഹീന്‍ ബാഗില്‍ ആയിരക്കണക്കിന് മുസ്‌ലിം വനിതകള്‍ നടത്തുന്ന, വന്‍തോതില്‍ മാധ്യമശ്രദ്ധനേടിയ പ്രതിഷേധസമരംതന്നെയെടുത്തുനോക്കാം. എത്ര സമാധാനപൂര്‍ണമാണത്. അതുപോലെ തന്നെ ഈസ്റ്റ് ഡല്‍ഹിയിലെ സീലംപൂരില്‍ നടന്ന പ്രതിഷേധം ആദ്യമൊക്കെ സമാധാനപൂര്‍ണമായിരുന്നു, എന്നാല്‍ പൊലിസ് കയ്യേറ്റം തുടങ്ങിയപ്പോഴാണ് അത് അക്രമാസക്തമായത്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും പൗരത്വ നിയമ ഭേദഗതി പാസായതോടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ മുസ്‌ലിംകള്‍ നടത്തിയ ഡസന്‍കണക്കിന് സമാധാനപൂര്‍ണമായ പ്രതിഷേധസമരങ്ങളുണ്ടായി. 5000-10000, രണ്ടുലക്ഷം മുതല്‍ മൂന്നുലക്ഷം പേര്‍ പങ്കെടുത്ത റാലികളായിരുന്നു അവയില്‍ മിക്കതും. എന്നാല്‍, ആ പ്രതിഷേധങ്ങള്‍ക്കെല്ലാം അര്‍ഹിക്കുന്ന മാധ്യമ കവറേജ് ലഭ്യമായില്ലെന്ന് മാത്രമല്ല, ദേശീയതലസ്ഥാനം ആസ്ഥാനമാക്കിയിട്ടുള്ള മുഖ്യധാര മാധ്യമങ്ങള്‍ പലകാരണങ്ങള്‍ക്കൊണ്ട് ആ പ്രതിഷേധസമരങ്ങള്‍ക്ക് നേരെ കണ്ണടക്കുകയായിരുന്നു.
2019 ഡിസംബര്‍ 19ന് മഹാരാഷ്ട്രയിലെ മുസ്‌ലിം ഭൂരിപക്ഷമുള്ള മാലേഗാവില്‍ ഒരു വന്‍ പ്രതിഷേധ റാലി നടന്നു. ദസ്തൂര്‍ ബച്ചാവേ കമ്മിറ്റി(ഭരണഘടന സംരക്ഷണ കമ്മിറ്റി)യുടെ ആഭിമുഖ്യത്തില്‍ നടന്ന റാലിയില്‍ ഏകദേശം രണ്ടുലക്ഷം പേര്‍ പങ്കെടുത്തു. ഇതില്‍ കൂടുതലും മുസ്‌ലിംകളാണെന്നാണ് പ്രാദേശിക റിപോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യന്‍ എക്‌സപ്രസ് റിപോര്‍ട്ട് ചെയ്തത് 60,000 പേര്‍ പങ്കെടുത്തുവെന്നാണ്.
സമരക്കാരെ അഭിസംബോധന ചെയ്യവേ ദസ്തൂര്‍ ബച്ചാവോ കമ്മിറ്റിയുടെ കണ്‍വീനറും ആള്‍ ഇന്ത്യ മുസ്‌ലിം പെഴ്‌സണല്‍ ലോ ബോര്‍ഡ് സെക്രട്ടറിയുമായ മൗലാന ഉംറെയ്ന്‍ മെഹ്ഫൂസ് റഹ്മാനി പറഞ്ഞത്; ഡിസംബര്‍ 19 ചരിത്രപ്രധാനമായ ദിനമാണ്. ബ്രിട്ടിഷുകാരോട് പൊരുതിയ സ്വാതന്ത്ര്യസമരസേനാനികളായ അഷ്ഫാഖുല്ലാ ഖാനെയും രാംപ്രസാദ് ബിസ്മില്ലിനെയും ബ്രിട്ടിഷുകാര്‍ തൂക്കിലേറ്റിയ ദിനമാണിത്. നാം അവരുടെ പിന്‍തലമുറക്കാരാണ്. ആവശ്യം വന്നാല്‍ രാജ്യത്തിനുവേണ്ടി സ്വജീവന്‍ നല്‍കാനും നാം തയാറാണ്'' എന്നാണ്.
അടുത്തദിവസം നാഗ്പൂരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 40,000 പേരും നിരവധി മുസ്‌ലിം സംഘടനകളും അതില്‍ പങ്കെടുത്തു. ഭാരത് മാതാകി ജയ് എന്ന മുദ്രാവാക്യം ഉയര്‍ത്തി, ചിട്‌നിസ് പാര്‍ക്കില്‍നിന്ന് കുറച്ച് കിലോമീറ്റര്‍ അകലെയുള്ള വിധാന്‍ഭവനിലേക്ക് അവര്‍ മാര്‍ച്ച് ചെയ്തു. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ബാനര്‍ പാടില്ലായെന്ന് സംഘാടകര്‍ പ്രതിഷേധക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ദേശീയ പതാകകള്‍ മാത്രമാണ് മാര്‍ച്ചില്‍ കണ്ടെതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തത്.
ഇതുപോലെ വിദര്‍ഭയിലെ നഗരങ്ങളിലും മറ്റുപ്രദേശങ്ങളിലും പ്രതിഷേധറാലികള്‍ സംഘടിപ്പിക്കപ്പെട്ടു. നാഗ്പൂരില്‍ നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്, ഈ കൊടിയശൈത്യത്തിലും നിരവധി മുസ്‌ലിംകള്‍ തെരുവില്‍ സമരംചെയ്യുന്നത് ജനങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നാണ്. മുമ്പ്ര, ഷോലാപൂര്‍, മഹാരാഷ്ട്രയിലെ മറ്റുപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സമാധാനപൂര്‍ണമായ സമരങ്ങള്‍ നടന്നു.2019 ഡിസംബര്‍ 23ന് ബംഗളൂരുവില്‍ പൗരത്വ നിയമത്തിനെതിരേ വലിയൊരു പ്രക്ഷോഭത്തിനു സാക്ഷിയായി.
നഗരത്തിലെ ഖുദ്ദുസ് സാഹേബ് ഈദ്ഗാഹ് മൈതാനങ്ങളില്‍ ഏകദേശം ഒരുലക്ഷത്തിനുമുകളില്‍ ജനം ഒത്തുകൂടി. അധികവും മുസ്‌ലിംകളായിരുന്നു. ഇവിടെ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. പൊലിസ് കണക്കനുസരിച്ച് അവിടെ നാലുലക്ഷം പേര്‍ ഉണ്ടായിരുന്നുവെന്നാണ്പരിപാടിയില്‍ പങ്കെടുത്ത പ്രഫ. മോഹന്‍ റാവു പറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച്ച നഗരത്തിലെ മുസ്‌ലിംകള്‍ വീണ്ടുമൊരു പ്രതിഷേധറാലി സംഘടിപ്പിച്ചു. ഇത്തവണ ബനശങ്കരിയിലെ ഈദ്ഗാഹില്‍ 10,000 പേര്‍ പങ്കെടുക്കാനെത്തി. മറ്റുപ്രദേശങ്ങളിലും സമാധാനപൂര്‍ണമായ റാലികള്‍ നടന്നതായി റിപോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും മൈസൂരിലും വലിയ പ്രതിഷേധറാലികള്‍ നടന്നിട്ടുണ്ട്.
ബിഹാറിലെ സീമാഞ്ചല്‍ ഭാഗത്തുള്ള പുരുണിയ, അറാറിയ, ഫോര്‍ബ്‌സ്ഗഞ്ച്, കിഷന്‍ഗഞ്ച്, എന്നിവിടങ്ങളില്‍ സമാധാനപൂര്‍ണമായ വന്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. എന്നാല്‍ അതൊന്നും മാധ്യമശ്രദ്ധ നേടിയില്ല. ബിഹാറിലെ ഭഗല്‍പ്പൂര്‍, പറ്റ്‌ന, സമസ്തിപൂര്, ദര്‍ബഗംഗ, ഇസ്റ്റ് ചംമ്പാരന്‍, അറാറിയ തുടങ്ങിയ അരഡസനോളം ജില്ലകളില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. നിരവധി പ്രതിഷേധങ്ങള്‍ വെള്ളിയാഴ്ച്ചമാത്രം ബിഹാറില്‍ നടന്നെങ്കിലും അത് റിപോര്‍ട്ട് ചെയ്യപ്പെട്ടത് സമരം അക്രമാസക്തമായപ്പോള്‍ മാത്രമാണ്. രാജസ്ഥാനിലെ കോട്ടയില്‍ വലിയൊരു പ്രതിഷേധ പ്രകടനം നടന്നു. ഹിന്ദിപത്രമായ രാജസ്ഥാന്‍ പത്രിക റിപോര്‍ട്ട് ചെയ്തത് ആ റാലി അഞ്ചുകിലോമീറ്റര്‍ നിണ്ട നിരയായിരുന്നുവെന്നും അത് തികച്ചു സമാധാനപൂര്‍ണമായിരുന്നുവെന്നുമാണ്. ജയ്പൂരിലെ റാലിയും സമാധാനപൂര്‍ണമായിരുന്നു. വെള്ളിയാഴ്ച്ച അജ്മീര്‍ ദര്‍ഗയിലെ ഖാദിമാര്‍ പൗരത്തനിയമത്തിനെരിരേ രംഗത്തുവരികയും വിവാദനിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സമൂഹത്തില്‍ സമാധാനം നിലനില്‍ക്കട്ടെ എന്നായിരുന്നു സമരക്കാരുടെ പ്രധാന മുദ്രാവാക്യം.
ഉത്തരാഖണ്ഡിലെ ഡെറഡൂണിലല്‍ വിവാദനിയമത്തിനെതിരേ മുസ്‌ലിംകള്‍ നോമ്പനുഷ്ഠിച്ചു. ഷാഹര്‍ ഖാസിയായ മൗലാന മുഹമ്മദ് അഹമ്മദ് ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് മുസ്‌ലിംകള്‍ വേറിട്ടൊരു പ്രതിഷേധവുമായി മുന്നിട്ടറങ്ങിയത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ പ്രാദേശിക റിപോര്‍ട്ട് പറയുന്നത്. വെള്ളിയാഴ്ച്ചയിലെ ജുമാ നിസ്‌കാരത്തില്‍ 90 പള്ളികളില്‍ പ്രത്യേകം പ്രാര്‍ഥനയുണ്ടായി. എല്ലാ പ്രതിഷേധങ്ങളും സമാധാനപരമായിരുന്നെന്നും അക്രമത്തിന്റെ ഒരു കണികപോലും കണ്ടെത്താനായില്ലെന്നും എസ്.പി ശ്വേത ചൗബേ വ്യക്തമാക്കിയിരുന്നു. പള്ളികള്‍ക്കരികില്‍ കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഒരാള്‍പോലും നിയമം കൈയ്യിലെടുത്തില്ല എന്നതും ശ്രദ്ധേയമാണ്.
രാജ്യത്തുണ്ടായ പ്രതിഷേധങ്ങളുടെ ഒരു സംക്ഷിപ്ത കുറിപ്പല്ലയിത്. എങ്കിലും ഇത്രയെല്ലൊം പ്രതിഷേധങ്ങള്‍ ഇവിടെ നടന്നു അതും സമാധാനപൂര്‍ണമായി എന്നതിന്റെ ചെറുസൂചകമാണീ ലേഖനം. തെലങ്കാന, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍, കേരളം, ഗോവ, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ സമരങ്ങളും മുഖ്യധാരമാധ്യമങ്ങള്‍ സൗകര്യപൂര്‍വം തമസ്‌കരിക്കുകയാണ്.
(ദ വയര്‍ ഉര്‍ദു എക്‌സിക്യൂട്ടീവ് എഡിറ്ററാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."