എലിപ്പനിക്കെതിരേ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്
ആലപ്പുഴ: മഴ കനത്തതോടെ ജില്ലയില്‍ എലിപ്പനിക്കെതിരേ ജനങ്ങള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തലവേദന, കണ്ണുകള്‍ക്ക് ചുവപ്പുനിറം, ശരീരവേദന എന്നീ ലക്ഷണങ്ങളോട് കൂടിയ പനി എലിപ്പനിയാകാം.
സ്വയംചികില്‍സ നടത്താതെ എത്രയും വേഗം അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടണം. കെട്ടിക്കിടക്കുന്ന വെള്ളം, മലിനമാക്കപ്പെട്ട കുളങ്ങള്‍, തോടുകള്‍ എന്നിവിടങ്ങളില്‍ കൈകാലുകളും മുഖവും കഴുകരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാന്‍ കുട്ടികളെ അനുവദിക്കരുത്.
മലിനമാക്കപ്പെട്ട കുളങ്ങള്‍, തോടുകള്‍ എന്നിവ വൃത്തിയാക്കുന്നവര്‍, പുല്ല് ചെത്തുന്നവര്‍, മീന്‍ പിടിക്കാനിറങ്ങുന്നവര്‍ തുടങ്ങിയവര്‍ ജോലിക്കുശേഷം കൈകാലുകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, മീന്‍ പിടിക്കാനിറങ്ങുന്നവര്‍, മലിനജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന മറ്റ് തൊഴിലുകള്‍ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ ആരോഗ്യപ്രവര്‍ത്തരുടെ നിര്‍ദ്ദേശം അനുസരിച്ച് ഡോക്‌സിസൈക്ലിന്‍ എന്ന പ്രതിരോധ മരുന്ന് നിര്‍ബന്ധമായും കഴിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."