പശ്ചിമേഷ്യയില്‍ യുദ്ധ മേഘങ്ങള്‍
ഇറാഖിലെ യു.എസ് വ്യോമാക്രമണത്തെ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട ഇറാന്‍- അമേരിക്ക സംഘര്‍ഷം മൂര്‍ദ്ധന്യതയില്‍ എത്തിയിരിക്കുകയാണ്. അമേരിക്കയുടെ ആക്രമണത്തില്‍ ഇറാനിലെ കരുത്തനായ രണ്ടാമന്‍ സേനാ കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയും മറ്റു പ്രമുഖരായ ഏഴുപേരും കൊല്ലപ്പെട്ടത് ഇറാനെ പ്രതികാരമൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതിന് പ്രതികാരം ചോദിക്കാതെ അടങ്ങിയിരിക്കുകയില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനാഇ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ ഇറാഖിലെ യു.എസ് എംബസിക്ക് നേരെയും ഇറാഖിലെ അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെയും റോക്കറ്റാക്രമണം നടന്നു. ആക്രമണത്തില്‍ ആളപായമില്ലെങ്കിലും കാര്യമായ നാശ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഉത്തരവാദിത്വം എറ്റെടുത്തിട്ടില്ലെങ്കിലും സംശയത്തിന്റെ മുന ഇറാനിലേക്ക് തന്നെയാണ് നീളുന്നത്. ആക്രമണത്തിനെതിരേ ട്രംപ് ഭീഷണിയുമായി ഇന്നലെ തന്നെ രംഗത്തെത്തി. ഇറാഖിലെ അമേരിക്കന്‍ സൈനികര്‍ക്കോ പൗരന്മാര്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് ട്രംപ് മുഴക്കിയ ഭീഷണി .
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഇറാഖ് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയും സംഘവും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ യു.എസ് ആക്രമണം ഉണ്ടായത്. ഖാസിം സുലൈമാനി അമേരിക്കക്കാരെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു എന്നാരോപിച്ചാണ് ആക്രമണത്തിന് ട്രംപ് ഏകപക്ഷീയമായി ഉത്തരവിട്ടത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിടുമ്പോള്‍ യു.എസ് കോണ്‍ഗ്രസ്സിന്റെ അനുമതി വാങ്ങണമെന്നുണ്ട്. അത് ട്രംപ് പാലിച്ചിട്ടില്ല. ആക്രമണത്തിന് തൊട്ടു പിന്നാലെ ഇറാഖിലെ യു.എസിന്റെ 35 കേന്ദ്രങ്ങള്‍ തങ്ങളുടെ ആക്രമണ പരിധിക്കുള്ളിലാണെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. സുസ്ഥിര സൈനിക ശേഷിയുള്ള രാജ്യമായ ഇറാന്, ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കെതിരേ ആക്രമണം നടത്താന്‍ കഴിയും.
ഇറാന്‍ - യു.എസ് സംഘര്‍ഷം പശ്ചിമേഷ്യയെ യുദ്ധമുനമ്പില്‍ എത്തിച്ചിരിക്കുകയാണ്. സംഘര്‍ഷം മൂര്‍ഛിക്കുകയാണെങ്കില്‍ അമ്പത് ലക്ഷം ഇന്ത്യന്‍ പ്രവാസികളെ അത് ഗുരുതരമായി ബാധിക്കും.പലര്‍ക്കും നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഇന്ത്യയുടെ തകര്‍ന്ന സാമ്പത്തിക നിലയെ അത് കൂടുതല്‍ ആഴത്തില്‍ ബാധിക്കും. ഓരോ ദിവസവും എണ്ണ വില ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുകയുമാണ്.
ഇംപീച്ച്‌മെന്റ് നേരിടുന്ന ട്രംപിന്റെ ജനപ്രീതിയും യു.എസില്‍ കുത്തനെ ഇടിഞ്ഞിരിക്കുന്നു. യു.എസ് സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം എന്നതിനാല്‍ ഇംപീച്ച്‌മെന്റ് പ്രമേയം പരാജയപ്പെട്ടേക്കാം. പ്രതിനിധി സഭ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയിരുന്നു. പക്ഷെ ഇടിഞ്ഞ ജനപ്രീതി തിരിച്ച് പിടിക്കാന്‍ ട്രംപ് ഉപയോഗിച്ച കുബുദ്ധിയാണ് ഇറാഖില്‍ നടന്ന വ്യോമാക്രമണം.
രാഷ്ട്ര നേതാക്കള്‍ അവരുടെ ഭരണ രംഗങ്ങളില്‍ അമ്പേ പരാജയപ്പെടുമ്പോള്‍ അതിര്‍ത്തികളില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന രാഷ്ട്രതന്ത്രജ്ഞരുടെ നിഗമനമാണ് ഇറാഖില്‍ പുലര്‍ന്നിരിക്കുന്നത്. ഇന്ത്യയിലും ഇത് മോദി ഭരണത്തില്‍ പ്രകടമാണ്. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ കച്ചകെട്ടിയിരിക്കുന്ന ട്രംപ്, ഇറാന്‍ കാര്‍ഡ് പുറത്തെടുത്തിരിക്കുകയാണ്. അമേരിക്കന്‍ നയപ്രതിനിധികളുടെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഖാസിം സുലൈമാനിയെ വധിച്ചതെന്ന വീരപരിവേഷം എടുത്തണിഞ്ഞ് രക്ഷകന്‍ എന്ന കീര്‍ത്തി ചുളുവില്‍ നേടിയെടുക്കാനും അത് വഴി നവംബറില്‍ നടക്കാന്‍ പോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പദവി തട്ടിയെടുക്കാനുമുള്ള സൂത്രവിദ്യയായി വേണം യു.എസിന്റെ ഇറാഖ് വ്യോമാക്രമണത്തെ കാണാന്‍. ഇന്ത്യയിലേതുപോലെ രാജ്യസ്‌നേഹത്തിന്റെ കാപട്യമായി മാത്രമേ ഇറാഖിലെ ബഗ്ദാദില്‍ യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തെ കാണാനാകൂ.
സമ്പുഷ്ട യുറേനിയം യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് രാജ്യാന്തര ആണവോര്‍ജ സമിതി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആണവശക്തി രാജ്യങ്ങള്‍ ഇറാനെതിരേയുള്ള ഉപരോധം പിന്‍വലിച്ചിരുന്നു. അമ്പത് വര്‍ഷം മുമ്പേ ഇറാനുമായി കൊമ്പുകോര്‍ക്കാന്‍ തുടങ്ങിയ അമേരിക്കയും ഭാഗികമായിട്ടെങ്കിലും ഇറാനെതിരേയുള്ള വര്‍ഷങ്ങളായുള്ള ഉപരോധം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ 2018ല്‍ വളരെ പെട്ടെന്ന് തന്നെ അമേരിക്ക കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറി. ഇസ്‌റാഈലിന്റെ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു ഈ പിന്മാറ്റം. ആണവായുധങ്ങളെക്കുറിച്ചുള്ള പല വിവരങ്ങളും ആണവ പരിശോധകരില്‍ നിന്ന് മറച്ചുവെച്ചു എന്നാരോപിച്ചായിരുന്നു ഈ പിന്മാറ്റം.
പശ്ചിമേഷ്യയില്‍ ഇറാനുള്ള സൈനിക ശക്തിയാണ് നിരന്തരം പ്രകോപനങ്ങളുണ്ടാക്കാന്‍ യു.എസിനെ പ്രേരിപ്പിക്കുന്നത്. ഇറാന്റെ മിസൈല്‍ പരിധിയില്‍ വരുന്നതിനാല്‍ ഇറാനെ തകര്‍ക്കേണ്ടത് ഇസ്‌റാഈലിന്റെ കൂടി ആവശ്യമാണ്. അവരെ അക്രമിക്കാനായി തക്കം പാര്‍ത്തിരിക്കുകയാണ് ഇസ്‌റാഈല്‍. 17 കൊല്ലം മുന്‍പ് യു.എസ് തന്നെ തുടക്കമിട്ട യുദ്ധത്തിന്റെ കെടുതികള്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇറാഖ്. ഇതിനിടയില്‍ മറ്റൊരു യുദ്ധം കൂടി തങ്ങാനുള്ള ശേഷി അവര്‍ക്കില്ല. ഇറാനാണെങ്കില്‍ ഉപരോധത്താല്‍ തകര്‍ന്ന സാമ്പത്തിക സാഹചര്യമാണുള്ളത്. ആഭ്യന്തര സംഘര്‍ഷത്താലും ബാഹ്യ ഇടപെടലിനാലും തകര്‍ന്ന പശ്ചിമേഷ്യയില്‍ മറ്റൊരു യുദ്ധമുണ്ടാവാതിരിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."