നാല് മാസത്തിനിടെ 25 ലക്ഷം ഉംറ വിസ അനുവദിച്ചു
ജിദ്ദ: നാലുമാസത്തിനിടെ വിദേശ തീര്‍ഥാടകര്‍ക്ക് 25 ലക്ഷം ഉംറ വിസ അനുവദിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മുഹര്‍റം ഒന്നുമുതല്‍ ജുമാദല്‍ ഊലാ ഏഴുവരെയുള്ള കാലത്ത് ആകെ 25,70,809 ഉംറ വിസകളാണ് അനുവദിച്ചത്. ഇതില്‍ 22,41,014 തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തി.
തീര്‍ഥാടകരില്‍ 21,20,677 പേര്‍ വിമാനമാര്‍ഗവും 3,928 പേര്‍ കപ്പല്‍ മാര്‍ഗവുമാണ് രാജ്യത്തെത്തിയത്. അവശേഷിക്കുന്നവര്‍ കരമാര്‍ഗം എത്തി. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് പാകിസ്താനില്‍ നിന്നാണ് (5,32,634).ഇന്തോനേഷ്യയില്‍ നിന്ന് 4,77,554 തീര്‍ഥാടകരും ഇന്ത്യയില്‍നിന്ന് 2,80,388 പേരും മലേഷ്യയില്‍ നിന്ന് 1,20,714 തീര്‍ഥാടകരും ഈജിപ്തില്‍ നിന്ന് 1,20,609 പേരും എത്തി.
ഉംറ തീര്‍ഥാടകര്‍ക്കുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിത്തുടങ്ങിയതായും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസമാണ് ഉംറ തീര്‍ഥാടകര്‍ക്കുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചത്. ജനുവരി ഒന്നുമുതല്‍ ഇത് നടപ്പാക്കിത്തുടങ്ങി. ഉംറ വിസയെ ഇന്‍ഷുറന്‍സ് പോളിസിയുമായി ബന്ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. സഊദിയില്‍ പ്രവേശിക്കുന്ന നിമിഷം മുതല്‍ തീര്‍ഥാടകര്‍ക്ക് പോളിസി പ്രകാരമുള്ള പരിരക്ഷകള്‍ ലഭിക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് ഇന്‍ഷുറന്‍സ് പോളിസി പ്രയോജനപ്പെടുത്തുന്നതിന് തീര്‍ഥാടകര്‍ക്ക് സാധിക്കും. വിമാന സര്‍വിസുകള്‍ക്ക് കാലതാമസം നേരിടല്‍, സര്‍വിസുകള്‍ റദ്ദാക്കല്‍, അപകടങ്ങളിലും പ്രകൃതിദുരന്തങ്ങളിലും അകപ്പെടല്‍ എന്നീ സാഹചര്യങ്ങളിലെല്ലാം ഇന്‍ഷുറന്‍സ് പോളിസി പ്രകാരം തീര്‍ഥാടകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. സമഗ്ര ഇന്‍ഷുറന്‍സ് പോളിസി നിരക്കായി വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഉംറ തീര്‍ഥാടകര്‍ 189 റിയാലാണ് അടയ്‌ക്കേണ്ടത്. ഒരുമാസ കാലാവധിയുള്ള ഇന്‍ഷുറന്‍സ് പോളിസിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."