റെയില്‍വേ പാര്‍ക്കിങ്ങിന് കുടുംബശ്രീയുടെ 'ആപ്പ് '
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: റെയില്‍വേ പാര്‍ക്കിങ് സുഗമമാക്കുന്നതിനായി കുടുംബശ്രീയുടെ 'ആപ്പ്'. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍, തൃപ്പൂണിത്തുറ സ്റ്റേഷനുകളില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള പാര്‍ക്കിങ് മാനേജ്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. റെയില്‍വേയുടെ അനുമതി ലഭിച്ചാലുടന്‍ പദ്ധതി എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.
സ്റ്റാര്‍ട്ടപ്പ് മിഷനാണ് പദ്ധതിക്ക് ആവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കിയത്. സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലുള്ള എല്‍വിറ്റോ എന്ന കമ്പനിയും കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിന്‍പാര്‍ക്ക് എന്ന കമ്പനിയുമാണ് മൊബൈല്‍ ആപ്പുകള്‍ വികസിപ്പിച്ചെടുത്തത്.
പാര്‍ക്കിങ്ങിനായെത്തുന്ന വാഹനങ്ങളുടെ നമ്പറും ഉടമസ്ഥന്റെ മൊബൈല്‍ നമ്പറും ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തുകയാണ് ആദ്യം ചെയ്യുന്നത്. ഇതോടെ ഈ വണ്ടി മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യപ്പെടും. പിന്നീടെപ്പോഴെങ്കിലും ഈ വണ്ടി പാര്‍ക്കിങ്ങിനായി വരുമ്പോള്‍ വാഹന രജിസ്‌ട്രേഷന്‍ നമ്പറിന്റെ ആദ്യ അക്കങ്ങള്‍ എന്റര്‍ ചെയ്യുമ്പോള്‍ തന്നെ നേരത്തേ രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ ആപ്പിലൂടെ ലഭ്യമാകും. വാഹനം തിരികെ എടുക്കുമ്പോള്‍ ഈ നമ്പറിലുള്ള വണ്ടി എത്രസമയം പാര്‍ക്കിങ് ഇടത്തില്‍ കിടന്നുവെന്ന വിവരം ആപ്പിലൂടെ ലഭ്യമാകും. തുകയുടെ ബില്‍ നേരിട്ട് ആപ്പിലൂടെ പ്രിന്റ് ചെയ്യാനാകും. എത്രസമയം വാഹനം പാര്‍ക്ക് ചെയ്തു, ആകെ ബില്‍ തുക തുടങ്ങിയ വിവരങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വാഹന ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസ് അയയ്ക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."