സിഡ്‌നിയില്‍ ഗ്രാന്റ് ഫിനാലെ
സിഡ്‌നി: ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്ര വിജയം കുറിക്കാന്‍ ഇന്ത്യ ഇന്ന് സിഡ്‌നിയില്‍ ഇറങ്ങുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചിനാണ് മത്സരം. പരമ്പരയില്‍ 2-1 ന് മുന്നിലായ ഇന്ത്യ ഗവാസ്‌കര്‍- ബോര്‍ഡര്‍ ട്രോഫി ഉറപ്പിച്ചു കഴിഞ്ഞു. 3-1 വിജയത്തോടെ ചരിത്രം രചിക്കാനാണ് വിരാട് കോഹ്്‌ലിയും സംഘവും ലക്ഷ്യം വെയ്ക്കുന്നത്. സിഡ്‌നിയിലെ ഇതുവരെയുള്ള ടെസ്റ്റ് പോരാട്ട ചരിത്രം ഇന്ത്യക്ക് എതിരാണ്. ആസ്‌ത്രേലിയക്ക് വിജയ പ്രതീക്ഷകള്‍ നല്‍കുന്നതും ഇതുതന്നെയാണ്. പരമ്പരയില്‍ പിന്നിലാവേണ്ടി വന്നതിന്റെ കേട് സിഡ്‌നിയില്‍ മറികടന്നു പരമ്പര സമനിലയില്‍ എത്തിക്കാനാണ് ആസ്‌ത്രേലിയ ശ്രമിക്കുക. ഇന്ത്യ 13 അംഗ സാധ്യത ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ ഓസീസ് ടീം പ്രഖ്യാപനം അവസാന നിമിഷത്തിലേക്ക് മാറ്റി.
കാലാവസ്ഥ
തുണയ്ക്കണം
കാലാവസ്ഥ ഇടയ്ക്കിടെ മാറി മറിയുന്ന സിഡ്‌നി. വരണ്ടതും വേഗം കുറഞ്ഞതുമായ പിച്ച്. സ്പിന്നര്‍മാരെ ഏറെ പിന്തുണയ്ക്കുന്ന പിച്ച്. എന്നാല്‍, സിഡ്‌നിയിലെ പിച്ചില്‍ ഏഷ്യന്‍ ടീമുകള്‍ക്ക് ഇതുവരെ കാര്യമായ നേട്ടം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. കാലാവസ്ഥയുടെ തിരിച്ചടിയില്‍ സിഡ്‌നിയിലെ ടെസ്റ്റുകളിലേറെയും സമനിലയിലായിരുന്നു. സിഡ്‌നിയില്‍ ഓസീസിനെ ഇന്ന് ഇന്ത്യ നേരിടാന്‍ ഇറങ്ങുന്നത് 12 ാമത്തെ ടെസ്റ്റിലാണ്. ഇതുവരെ 11 ടെസ്റ്റുകള്‍ സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് വിജയിക്കാനായത് ഒരെണ്ണത്തില്‍ മാത്രമാണ്. അഞ്ചു ടെസ്റ്റുകളില്‍ തോറ്റു. അതില്‍ മൂന്നെണ്ണം ഇന്നിങ്‌സ് തോല്‍വിയായിരുന്നു. മൂന്ന് ടെസ്റ്റുകള്‍ സമനിലയിലായി.
ഏകജയം 40 വര്‍ഷം മുന്‍പ്
1978 ല്‍ ബിഷന്‍സിങ് ബേദി നയിച്ച ഇന്ത്യന്‍ ടീമാണ് സിഡ്‌നിയില്‍ ഏക ജയം നേടിയത്. ബോബി സിംപ്‌സണ്‍ നായകനായ ആസ്‌ത്രേലിയയെ ഇന്നിങ്‌സിനും രണ്ടു റണ്‍സിനുമാണ് ബേദിയും സംഘവും തോല്‍പ്പിച്ചത്.
ഇഷാന്ത് പുറത്ത്, ആശ്രയം
സ്പിന്നര്‍മാര്‍
ഓസീസിനെതിരായി പ്രയോഗിച്ചു വിജയിച്ച പേസ് ത്രയത്തില്‍ വിള്ളല്‍ വീഴ്ത്തിയാണ് സാധ്യത ഇലവനെ ഇന്ത്യ പ്രഖ്യാപിച്ചത്. ബുംമ്ര-ഷമി- ഇഷാന്ത് വിജയ ഫോര്‍മുലയില്‍ മാറ്റം വരുത്തിയാണ് ഇന്ത്യ സിഡ്‌നിയില്‍ ഇറങ്ങുന്നത്. ടീമില്‍ കാര്യമായ അഴിച്ചു പണി തന്നെ നടത്തി. സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കി. ഉമേഷ് യാദവ് ടീമിലെത്തി. ഇഷാന്ത് പരുക്കിന്റെ പിടിയിലാണെന്നാണ് സൂചന.
കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പുറമേ പരുക്കിന്റെ പിടിയിലായിരുന്ന ആര്‍. അശ്വിനെ ഉള്‍പ്പെടുത്തി. അശ്വിന്‍ അന്തിമ ഇലവനില്‍ ഇടംപിടിക്കുമോയെന്നത് സംബന്ധിച്ചു വ്യക്തതയില്ല. കായികക്ഷമത പ്രകടിപ്പിച്ചാല്‍ മാത്രമേ അശ്വിനെ ഉള്‍പ്പെടുത്തൂ. കുഞ്ഞ് ജനിച്ചതിനേ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങിയ രോഹിത് ശര്‍മയെയും ഒഴിവാക്കി.
ടീം ഇന്ത്യ: വീരാട് കോഹ്്‌ലി (ക്യാപ്റ്റന്‍), അജിങ്ക്യാ രഹാന (വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, രവിചന്ദ്ര അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംമ്ര, ഉമേഷ് യാദവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."