യു.എന്‍ പ്രതിനിധിയെ സോമാലിയ പുറത്താക്കി
മൊഗാദിശു: യു.എന്‍ പ്രതിനിധിയെ സോമാലിയ പുറത്താക്കി. രാജ്യത്തിന്റെ പരമാധികാരത്തിന് വിരുദ്ധമായ ഇടപെടല്‍ നടത്തിയെന്ന് ആരോപിച്ച് യു.എന്‍ സെക്രട്ടറി ജനറലിന്റെ സോമാലിയയിലെ പ്രത്യേക പ്രതിനിധി നിക്കോളാസ് ഹൈസമിനെയാണ് സോമാലിയ പുറത്താക്കിയത്. ഉടന്‍ രാജ്യം വിടണമെന്ന് അദ്ദേഹത്തോട് സോമാലിയന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
മോശമായ പെരുമാറ്റത്തെ തുടര്‍ന്നാണ് നടപടിയെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. തീവ്രവാദികളായ അല്‍ ശബാബിന്റെ മുന്‍ വക്താവായിരുന്ന മുക്താര്‍ റോബോയുടെ അനുയായികള്‍ക്കെതിരേയുള്ള സര്‍ക്കാര്‍ നടപടിക്കെതിരേ നിക്കോളസ് ഹൈസം നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സര്‍ക്കാരിനെതിരേ പ്രതിഷേധിച്ചതിന് 15 പേരെ കൊലപ്പെടുത്തിയെന്നും 300 പേരെ തടവിലിട്ടെന്നും യു.എന്‍ ആരോപിച്ചിരുന്നു. റോബോയുടെ അറസ്റ്റിനെതിരേ സോമാലിയന്‍ സര്‍ക്കാരിന് ഡിസംബര്‍ 30ന് നിക്കോളസ് ഹൈസം കത്തയച്ചിരുന്നു. ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്. സോമാലിയന്‍ സുരക്ഷാ സേനക്ക് ആവശ്യമുള്ള പരിശീലനങ്ങള്‍, സ്റ്റൈപ്പെന്റുകള്‍ എന്നിവ യു.എന്‍ ആണ് നല്‍കുന്നത്.
അല്‍ ശബാബില്‍ നിന്ന് 2017ല്‍ ആണ് മുക്താര്‍ റോബോ പിന്‍വാങ്ങിയത്.
സോമാലിയയിലെ തെക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇദ്ദേഹം കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ സര്‍ക്കാര്‍ തടയുകയും അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."