ഭീകരത നിര്‍മിച്ചെടുക്കുന്ന സംഘി ഫാസിസം
കരീംലാല കൈപ്പമംഗലം
7736425645#
കഴിഞ്ഞവര്‍ഷം ശബരിമല സീസണിലെ നവംബര്‍ അവസാനവാരമായിരുന്നു 'ശബരിമല തീര്‍ഥാടകരെ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമം' എന്ന പേരില്‍ സംഘി ചാനലായ 'ജനം' ടിവിയിലും സംഘി പക്ഷപാതം പ്രചരിപ്പിക്കുന്ന സാമൂഹിക മാധ്യമങ്ങളിലും ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. തൃശൂര്‍ റെയില്‍വേ പൊലിസ് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍മാസ്റ്റര്‍ക്കു കൈമാറിയ വിവരം ചോര്‍ന്നുകിട്ടിയത് എന്നമട്ടിലായിരുന്നു പ്രചാരണം. നവംബര്‍ 25നാണ് പുറത്തുവിട്ടതെങ്കിലും അതിലെ തിയതി 26 എന്നും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, റെയില്‍വേ പൊലിസ് ഈ വാര്‍ത്ത നിഷേധിച്ചു. വാര്‍ത്തയുടെ വെളിച്ചത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയെങ്കിലും പിണറായി സര്‍ക്കാര്‍ യാതൊരുവിധ നടപടിയും കൈക്കൊള്ളുകയുണ്ടായില്ല. ഇത് ശബരിമല തീര്‍ഥാടനത്തിന്റെ തുടക്കത്തില്‍ നടന്നത്.
അതുപോലെത്തന്നെ തീര്‍ഥാടനത്തിന്റെ അവസാനഘട്ടത്തില്‍ തുടര്‍ച്ചയായി രണ്ടുപ്രാവശ്യം സംസ്ഥാനത്ത് അത്യന്തം മാരകശേഷിയുള്ളതും യുദ്ധവേളയില്‍ ശത്രുവിന് അതിഭയാനക പ്രഹരമേല്‍പിക്കാവുന്നതുമായ, സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളും 'ക്ലെമോര്‍'മൈനുകളും അതിവിദൂര സംവിധാനമുപയോഗിച്ച് സ്‌ഫോടനം നടത്തുന്ന സംവിധാനങ്ങളും കണ്ടെത്തി പിടിച്ചെടുത്തിരുന്നു. ഇവയെല്ലാം തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന പ്രവര്‍ത്തന ശേഷിയുള്ളതാണെന്ന് സൈന്യത്തിലെ വിദഗ്ധരുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുമുണ്ട്. ഇവയെല്ലാം മഹാരാഷ്ട്രയിലെ ചന്ദ്രാര്‍പുരയിലെ വെടിക്കോപ്പ് നിര്‍മാണകേന്ദ്രത്തില്‍നിന്നു പുല്‍ഗാവിലെ ആയുധപ്പുരയിലേക്കു കൈമാറിയതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍, ഇത്തരത്തിലുള്ള അതിഭീകരമായ വാര്‍ത്തയ്ക്ക് അന്ന് മുസ്‌ലിം മാനേജ്‌മെന്റുകളുടെ നേതൃത്വത്തില്‍ പുറത്തിറങ്ങുന്ന രണ്ടോ മൂന്നോ ദിനപത്രങ്ങളല്ലാതെ മറ്റു മാധ്യമങ്ങളൊന്നും തന്നെ യാതൊരുവിധ പ്രാമുഖ്യവും കൊടുത്തിരുന്നില്ല. വ്യാജ ലവ്ജിഹാദ് ആരോപണ വാര്‍ത്തകളും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഫ്‌ളാഷ്‌മോബുകളും കാണിച്ച് കേരളത്തെ ഭീകര സ്റ്റേറ്റാക്കി മാറ്റാന്‍ ശ്രമിച്ച ഉത്തരേന്ത്യന്‍ സംഘി പക്ഷ മാധ്യമങ്ങള്‍ പോലും ഇത്തരം കൊടും ഭീകരതയുടെ വാര്‍ത്ത എന്തുകൊണ്ട് തമസ്‌കരിച്ചുവെന്നത് ഒരു വര്‍ഷമായിട്ടും സമസ്യയായിത്തുടരുന്നു. കാസര്‍കോട് പടന്നയിലെ ഒരു ഇടവഴിക്ക് 'ഗസ്സ' എന്നു പേരിട്ട ചില കുട്ടികളുടെ പ്രവൃത്തിയില്‍പോലും ചിലര്‍ ഭീകരത കണ്ടു. കേരളത്തിലെ ദിനപത്രങ്ങളിലെ പ്രാദേശിക കോളങ്ങളില്‍പോലും ചെറിയൊരു വാര്‍ത്തപോലുമാകാത്ത ഈ സംഭവം പര്‍വതീകരിച്ച് അന്തിച്ചര്‍ച്ച സംഘടിപ്പിച്ചവര്‍ ഈ ആയുധച്ചോര്‍ച്ച എന്തുകൊണ്ട് കണ്ടില്ലെന്നു നടിച്ചു
മലപ്പുറം ജില്ലയില്‍ ഒരു പട്ടി കാഷ്ടിച്ചാല്‍പോലും അതില്‍ പാകിസ്താന്‍ മണക്കുന്ന കേരളത്തിലെ സംഘി സംഘടനകളിലൊന്നുപോലും എന്തുകൊണ്ട് അതിനെതിരേ ഒരു പ്രതിഷേധപ്രകടനം പോലും നടത്തിയില്ല അതീവ സുരക്ഷയുള്ള വെടിക്കോപ്പ് ഗോഡൗണുകള്‍ക്ക് സാധാരണ നമ്മുടെ നാട്ടില്‍ കടകള്‍ക്കു രാത്രി കാവലിരിക്കുന്ന വൃദ്ധരെയാണോ കാവലിരുത്തിയിരിക്കുന്നത് അവര്‍ രാത്രിയില്‍ ഉറക്കം തൂങ്ങുമ്പോള്‍ ചാക്കില്‍ക്കെട്ടി മോഷ്ടിച്ചു കൊണ്ടുപോകുംവിധമാണോ കോപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത്
ഇനി കഥയുടെ പ്രധാന വശം. വര്‍ഷങ്ങളായി സംഘികളുടേയും ചില ഇടതു സംഘികളുടേയും വ്യാജാരോപണം നേരിടുന്ന കേരളത്തീലെ ഏറ്റവും വലിയ ജില്ലയായ മലപ്പുറത്തെ ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിനടിയില്‍നിന്നാണ് ഇവയെല്ലാം കണ്ടെടുത്തത്. കഷ്ടകാലത്തിന് ജനസംഖ്യാനുപാതം നോക്കുമ്പോള്‍ അല്‍പം മുസ്‌ലിം ജനസംഖ്യ കൂടുതലായിപ്പോയതാണ് കുറ്റമായി എടുത്തുപറയാവുന്നത്. ഈയൊരു ജില്ലാ രൂപീകരണത്തിനു പണ്ടുതന്നെ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ എതിരുനിന്ന ചരിത്രമാണുള്ളത്.
വടക്കന്‍ പമ്പയെന്നറിയപ്പെടുന്ന കുറ്റിപ്പുറം പാലം ശബരിമല തീര്‍ഥാടകരുടെ ഇടത്താവളം കൂടിയാണ്. അയല്‍സംസ്ഥാനങ്ങളില്‍നിന്നടക്കം ഭക്തര്‍ കുളിച്ചുതൊഴുന്ന കടവില്‍ നിന്നുതന്നെയാണ് സ്‌ഫോടകവസ്തുക്കള്‍ ലഭിച്ചതും. അങ്ങനെ നൂറുകണക്കിന് ഭക്തജനങ്ങള്‍ കുളിച്ചുതൊഴുന്ന പ്രത്യേക പോയിന്റില്‍ യുദ്ധക്കളത്തില്‍മാത്രം വിദൂരനിയന്ത്രണ സംവിധാനമുപയോഗിച്ച് സ്‌ഫോടനം നടത്തുന്നത് അവിടെ കുളിക്കുന്ന അയ്യപ്പഭക്തരെ കൂട്ടക്കൊല നടത്താന്‍ ലക്ഷ്യം വച്ചുള്ളതാണെന്നതില്‍ യാതൊരു സംശയവുമില്ല. ഒരീച്ചയ്ക്കുപോലും കടക്കാന്‍ പറ്റാത്ത ഇന്ത്യയുടെ ആയുധപ്പുരയില്‍ നിന്ന് പടക്കോപ്പുകള്‍ എങ്ങനെ പുറത്തുപോയി കുറ്റിപ്പുറം കുളിക്കടവിലെത്തി അതിനുള്ള മറുപടി മാലേഗാവടക്കം നാലിടത്തു സ്‌ഫോടനം നടത്തി നിരപരാധികളെ കൊന്നൊടുക്കിയ ശ്രീകാന്ത് പുരോഹിത് എന്ന ഹിന്ദുത്വ ഭീകരന്‍ നമുക്ക് പറഞ്ഞുതരും. അതേ ജനുസ്സില്‍പെട്ട ഹിന്ദുത്വ വിഷം ചീറ്റുന്ന കേണല്‍മാരും മേജര്‍മാരും മലപ്പുറത്തിന്റെ ചുറ്റുവട്ടത്തുണ്ടെന്നതും മറക്കേണ്ട. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം പോലെ, അല്ലെങ്കില്‍ മറ്റൊരു ഗോധ്ര തീവയ്പ്പു പോലെ മറ്റൊരു ഉഗ്രന്‍ സ്‌ഫോടനം നടത്തി അതില്‍ നിന്ന് ലാഭം കൊയ്യാനുള്ള ക്ഷുദ്രശക്തികളുടെ ഈ ഹീനപ്രവൃത്തി കഴിയുംവേഗം അന്വേഷണം നടത്തി വെളിച്ചത്തുകൊണ്ടുവരേണ്ടതാണ്.
മുമ്പും ഇതിനു സമാനമായ നികൃഷ്ട പ്രവൃത്തികള്‍ അരങ്ങേറിയിട്ടുണ്ട്. ആറു വര്‍ഷം മുമ്പ് മലപ്പുറം ജില്ലയിലെ കിഴക്കന്‍ മേഖലയിലൊരു ഭാഗത്ത് അറവു മാലിന്യം രാത്രിയുടെ മറവില്‍ ഒരു ക്ഷേത്രമുറ്റത്തു കൊണ്ടിട്ട് പശുവിനെക്കൊന്ന് ക്ഷേത്രത്തില്‍ കൊണ്ടുതള്ളി എന്നു പറഞ്ഞുപരത്തി പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചതും പാലത്തിനടിയില്‍ ബോംബുകള്‍ നിക്ഷേപിച്ചതുമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അന്നു മറുനാട്ടുകാരനായ അവിടുത്തെ പൊലിസ് മേധാവി പറഞ്ഞത് മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു എന്നായിരുന്നു. അന്നു പൊലിസിന്റെ അന്വേഷണത്തിന്നൊടുവില്‍ പിടിയിലായത് ഒരു സംഘ്പരിവാര്‍ പ്രവര്‍ത്തകനാണ്. ആ കേസ്തന്നെ പിന്നീട് തേഞ്ഞുമാഞ്ഞുപോയി. അങ്ങനെ എത്രയെത്ര സംഭവങ്ങള്‍. അതിനെക്കുറിച്ചൊന്നും പിന്നീട് യാതൊരുവിധ തുടരന്വേഷണങ്ങളും നടന്നിട്ടില്ല.
കഴിഞ്ഞ വര്‍ഷത്തെ വെടിക്കോപ്പുകള്‍ കടത്തിയുള്ള കലാപശ്രമവും അതേവഴിക്കു തന്നെയാണ് നീങ്ങിയത്. കേരളത്തില്‍ നിന്ന് മഹരാഷ്ട്രയിലേക്കു പോയ അന്വേഷണസംഘം പട്ടി ചന്തയ്ക്കു പോയപോലെ തിരിച്ചുവരികയായിരുന്നു. പ്രതിരോധ വിഭാഗം പറഞ്ഞത് അവര്‍ അന്വേഷണം ഏറ്റെടുത്തു പിന്നീടു കണ്ടുപിടിച്ചുകൊള്ളാമെന്നാണ്. അതിനാണെങ്കില്‍ മാസങ്ങള്‍ പിടിക്കുമെന്നും. അതില്‍ത്തന്നെ എല്ലാം അടങ്ങിയിരിക്കുന്നു. അതിലേറെ കഷ്ടം ആ ഭീകരശ്രമത്തിനെതിരേ ഏതാനും വര്‍ഷം മുമ്പ് ജന്മമെടുത്ത ഒരു ചെറു രാഷ്ട്രീയപ്പാര്‍ട്ടിയൊഴികെ കേരളത്തിഒരു മുഖ്യധാരാ പാര്‍ട്ടികളില്‍ ഒന്നുപോലും അന്വേഷണം ആവശ്യപ്പെട്ടില്ലെന്നുള്ളതാണ്.
കേന്ദ്രത്തിലെ ആഭ്യന്തര, പ്രതിരോധ വകുപ്പുകളറിയാതെ ആയുധപ്പുരകളില്‍നിന്ന് ഒരു മൊട്ടുസൂചി പോലും പുറത്തുകടക്കില്ലെന്നുറപ്പാണ്. വളരെ ശാന്തമായി ജീവിക്കുന്ന ഒരു സംസ്ഥാനത്തെയും അതിലെ ഒരു സമുദായത്തെയും മനഃപൂര്‍വം കെണിയില്‍ പെടുത്തി കുറ്റവാളികളാക്കി മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിച്ച, ഇതിനുത്തരവാദികളായ കൊടും ഭീകരരായ രാജ്യദ്രോഹികളെ വെളിച്ചത്തുകൊണ്ടു വരാന്‍ സത്യസന്ധരും ദേശസ്‌നേഹികളുമായ അന്വേഷണോദ്യോഗസ്ഥര്‍ക്കു മാത്രമേ കഴിയൂ. നിര്‍ഭാഗ്യവശാല്‍ അത്തരം ഉദ്യോഗസ്ഥരും ഇപ്പോള്‍ കേരള പൊലിസില്‍ കുറ്റിയറ്റുപോയിരിക്കുകയാണെന്നാണ് പൊലിസിലെ സംഘി ബന്ധമുള്ളവരെക്കുറിച്ചന്വേഷിക്കാനുള്ള ഐ.ബി വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പൂഴ്ത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്ത വെളിപ്പെടുത്തുന്നത്. തത്ത്വമസി എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സംഘി വാട്‌സ്ആപ്പ് ഗ്രൂപ്പ് നിലനില്‍ക്കുന്നുവെന്നതിനുള്ള തെളിവാണ് മുന്‍ ഡി.ജി.പിയുടെ ഈയിടെയുണ്ടായ വെളിപ്പെടുത്തലുകള്‍. നിലവിലെ കൂട്ടിലടച്ച തത്തകളെക്കൊണ്ട് ഒരിക്കലും ഇത് അന്വേഷിച്ചു കണ്ടെത്താനാവില്ല.
മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലെ ഒരു കോളജില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോളജ് ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ പ്രത്യേക കറുപ്പ് വസ്ത്രം ധരിച്ചുള്ള നേരമ്പോക്കുപരിപാടി അല്‍ഖാഇദയുടെ പരിപാടിയാണെന്ന് ഈയടുത്തദിവസം ഒരുസംഘി ചാനല്‍ പ്രചരിപ്പിക്കുകയുണ്ടായി. ഇങ്ങനെ ഭീകരത നിര്‍മിച്ചെടുക്കാന്‍ ഗൂഢാലോചന നടത്തിയത് അതിലെ വിശിഷ്ടവ്യക്തിയായി പങ്കെടുത്ത നടന്‍ സലിം കുമാര്‍ കാരണമാണ് ചീറ്റിപ്പോയത്. അതേസമയം സലിംകുമാറിനു പകരം മറ്റൊരു നടനായ അബുസലിം ആയിരുന്നു കറുപ്പ് വസ്ത്രം ധരിച്ചു പങ്കെടുത്തതെങ്കില്‍ ഒരു മഹാ വിസ്‌ഫോടനം തന്നെ നടക്കുമായിരുന്നു.
ഏതാനും ദിവസം മുമ്പ് അസമില്‍ ഐ.എസ് പതാക മരത്തില്‍ കെട്ടിവച്ച് ആ ഭീകരസംഘടനയില്‍ അംഗമാകാന്‍ ക്ഷണിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ കുടുങ്ങിയത് ഒരു നേതാവടക്കം അഞ്ചു സംഘികള്‍. വര്‍ക്കല കോളജില്‍ രഹസ്യമായി ഭീകരസംഘടനയുടെ തന്നെ കൊടിവച്ചതും അവര്‍ തന്നെയാണെന്നതിനുള്ള തെളിവാണ് പിറ്റേന്ന് സെക്രട്ടേറിയറ്റിനരികില്‍ പരസ്യമായി പൊലിസിന്റെ സാന്നിധ്യത്തില്‍ സംഘികള്‍ ആ ഭീകര സംഘടനയുടെ കൊടികത്തിച്ചത്. ഇതുകണ്ടു കൈകെട്ടി നോക്കിനിന്ന പൊലിസ്, ഇവരുടെ കൈയിലെങ്ങനെ ഭീകരസംഘടനയുടെ ഈ കൊടി ലഭ്യമായതെന്ന് അന്വേഷിക്കുക പോലുമുണ്ടായില്ല. ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴിലും സംഘികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുവിഘ്‌നവും സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്നുമാത്രമല്ല, പ്രോത്സാഹിപ്പിക്കുമെന്നുള്ളതിന്റെ തെളിവാണിത്. അതുപോലെ തന്നെ മുസ്‌ലിം മാനേജ്‌മെന്റുകളുടെ കീഴില്‍ പുറത്തിറങ്ങുന്ന നിഷ്പക്ഷ മാധ്യമങ്ങളെയും മറ്റു പ്രസിദ്ധീകരണങ്ങളേയും വ്യാജ ആരോപണങ്ങളില്‍ മുക്കിക്കൊല്ലുന്ന പ്രവൃത്തി, പരസ്യമായി ഒരുസമുദായത്തിനു മേല്‍ വ്യാജാരോപണങ്ങള്‍ ചുമത്തുന്ന ഹിന്ദുത്വ മാധ്യമങ്ങള്‍ക്കും ബാധകമാക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."