പട്ടിണിക്കിടയില്‍ കടലിളകി; തീരത്ത് ദുരിതത്തിന്റെ കാറ്റും കോളും
പരപ്പനങ്ങാടി: കടല്‍ അരിച്ചുപെറുക്കി മത്സ്യബന്ധനം നടത്തിയിട്ടും മീന്‍കിട്ടാതെ വെറും കൈയോടെ കരക്കണയുന്ന മത്സ്യ തൊഴിലാളികള്‍ മാസങ്ങളായി കടുത്ത വറുതിയിലാണ്. ഇതിനിടക്കാണ് വേലിയേറ്റത്തെ തുടര്‍ന്നുള്ള കടല്‍ക്ഷോഭം തീരത്തെ ഭീതിയിലാഴ്ത്തുന്നത്. കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായിട്ടില്ലെങ്കിലും യാമത്തല എന്നപെരിലറിയപ്പെടുന്ന കരഭാഗത്തെകടലിളക്കം മാത്രമാണുള്ളത്. പലയിടങ്ങളിലും കോടികള്‍ ചെലവഴിച്ചുള്ള കടല്‍ഭിത്തി നിര്‍മാണം യാഥാര്‍ഥ്യമായെങ്കിലും വള്ളങ്ങള്‍ കരക്കടുപ്പിക്കുന്നതിനുള്ള സൗകര്യാര്‍ത്ഥം ചിലഭാഗങ്ങളില്‍ ഭിത്തിനിര്‍മിച്ചിട്ടില്ല.
ഭിത്തിയില്ലാത്ത ഭാഗങ്ങളിലാണ് കടല്‍ നാശംവിതക്കുക. താനൂരില്‍ ഹാര്‍ബറിനായി കടലില്‍ ഭീമന്‍ കല്ലുകള്‍ വിന്യസിച്ചതുകാരണം സമീപ സ്ഥലങ്ങളില്‍ കടല്‍ കരകയറുമെന്ന ഭയം നിലനിക്കുന്നുണ്ട്. കഴിഞ്ഞ തവണ ചാപ്പടിയില്‍ ഇരുപതോളം ചാപ്പകളും നിരവധി ഷെഡുകളുംകടലെടുക്കുകയും ഇവിടുത്തെ ഖബര്‍സ്ഥാനും ടിപ്പുസുല്‍ത്താന്‍ റോഡും തിരമാലകള്‍ തല്ലിതകര്‍ക്കുകയും ചെയ്തിരുന്നു. നിലവിലുള്ള കടല്‍ഭിത്തി തകര്‍ത്താണ് നൂറുമീറ്ററോളം കര കടല്‍ നക്കിയെടുത്തത്. കോടികളുടെ നാഷനഷ്ടങ്ങളാണ് അന്നുണ്ടായത്.
അത് ഇത്തവണയും ആവര്‍ത്തിക്കുമെന്ന ഭീതിയിലാണ് കടലോരം. കൂടാതെ ആലുങ്ങല്‍ ബീച്ചില്‍ രണ്ടെക്കാല്‍ കോടിരൂപ ചെലവില്‍ ഭിത്തിനിര്‍മാണം പൂര്‍ത്തിയാക്കിയതും മറ്റുഭാഗങ്ങളില്‍ കടല്‍തിക്കാനിടയാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മത്സ്യലഭ്യത കുറഞ്ഞതുകാരണം മത്സ്യതൊഴിലാളികള്‍ കടുത്ത ദുരിതത്തിലാണ്. വറുതികാലത്ത് സംഘടനകളും വ്യക്തികളും നല്‍കിവരാറുള്ള റിലീഫ് പ്രവര്‍ത്തനവും മറ്റും മാത്രമാണ് ചെറിയൊരു ആശ്വാസത്തിന് വക ലഭിക്കാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."