അനിശ്ചിതകാല നിരാഹാര സമരം: എന്തു ചെയ്യണമെന്നറിയാതെ ബി.ജെ.പി
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുടങ്ങിയ ബി.ജെ.പി സമരത്തിന്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തില്‍. മകരവിളക്കിനുശേഷം അവസാനിപ്പിക്കാമെന്ന് കരുതിയ സെക്രട്ടേറിയറ്റിനു മുന്നിലെ അനിശ്ചിതകാല നിരാഹാര സമരം ഇനി എങ്ങിനെ അവസാനിപ്പിക്കാമെന്ന ആശയക്കുഴപ്പത്തിലാണ് ബി.ജെ.പി നേതൃത്വം.
സുപ്രിംകോടതിയുടെ വിധി വന്നതിനുശേഷം ശബരിമലയിലും നിലയ്ക്കലും പമ്പയിലും വന്‍ അക്രമമാണ് ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്നത്. തുലാമാസ പൂജക്കും ചിത്തിര ആട്ടവിശേഷത്തിനും നട തുറന്നപ്പോഴുള്ള അവസ്ഥ നിയന്ത്രിക്കാനായിരുന്നു മണ്ഡലകാലത്ത് സര്‍ക്കാര്‍ ഇവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സന്നിധാനം ഉള്‍പ്പെടെ സംഘര്‍ഷഭരിതമാകുകയും ഇതിനെതിരേ പ്രതിഷേധം കനക്കുകയും ശബരിമലയിലെ നടവരവ് കുറയുകയും ചെയ്തതോടെ അവിടുത്തെ സമരത്തില്‍നിന്ന് പിന്മാറേണ്ട അവസ്ഥ ബി.ജെ.പിക്കുണ്ടായി. തുടര്‍ന്നാണ് സമരം സെക്രട്ടേറിയറ്റ് നടയിലേക്ക് മാറ്റിയത്.
ഇതിനിടെ യുവതീ പ്രവേശവും ആചാര ലംഘനവും ഉപേക്ഷിച്ച ബി.ജെ.പി സി.പി.എം സര്‍ക്കാരിനെതിരേയാണ് സമരമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആദ്യം നിരാഹാരം അനുഷ്ഠിച്ച എ.എന്‍ രാധാകൃഷ്ണന്റെ സമരം അനിശ്ചിതമായി നീണ്ടതോടെ ജീവന്‍ രക്ഷിക്കണമെന്നായി ബി.ജെ.പിയുടെ സമരത്തിന്റെ ആവശ്യം. ഇതുന്നയിച്ച് യുവമോര്‍ച്ച സെക്രട്ടേറിയറ്റ് നടയില്‍ അക്രമ സമരവും നടത്തി. നിരാഹാരപ്പന്തലില്‍ വന്നവര്‍ക്ക് കാര്യമായ പ്രതികരണം സൃഷ്ടിക്കാന്‍ കഴിയാതെ പോയതോടെ സെക്രട്ടേറിയറ്റിനു മുന്നിലെ ബി.ജെ.പിയുടെ നിരാഹാര സമരത്തിന് ഒരു പ്രതികരണവും ഉണ്ടാക്കാനായില്ല.
ഈ സമരം എങ്ങനെ അവസാനിപ്പിക്കുമെന്ന് ആലോചിക്കുമ്പോഴാണ് വനിതാ മതില്‍ നിര്‍മിച്ച ശേഷം സര്‍ക്കാര്‍ തന്നെ യുവതികളെ ശബരിമല കയറ്റി അവസരം നല്‍കിയത്. ബി.ജെ.പിക്കും സംഘ്പരിവാറിനും കനത്ത തിരിച്ചടിയായ സംഭവത്തോടെ ശക്തമായ അക്രമസമരമാണ് സംസ്ഥാനത്തുടനീളം അവര്‍ ആരംഭിച്ചിരിക്കുന്നത്. അക്രമം നടത്തുന്നതിന് അണികള്‍ക്ക് നേതൃത്വം ആഹ്വാനം നല്‍കുകയും ചെയ്തു. യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ച സാഹചര്യത്തില്‍ ഈ അക്രമസമരം വരുംദിവസങ്ങളില്‍ എന്തുപറഞ്ഞ്, എങ്ങിനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശയക്കുഴപ്പം ബി.ജെ.പിയുടേയും സംഘ്പരിവാറിന്റേയും നേതൃത്വങ്ങള്‍ക്കിടയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."