സര്‍ക്കാരിനെതിരേ സി.പി സുഗതനും
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് ഭക്തരെ വേദനിപ്പിക്കുന്നെന്ന് നവോത്ഥാന വനിതാമതില്‍ ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് സുഗതന്‍ വനിതകളെ ശബരിമലയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരേ പ്രതികരിച്ചത്.
സുപ്രിം കോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അതു നടപ്പാക്കുന്നതും പാത്തും പതുങ്ങിയുമാകരുത്. ഭക്തര്‍ ശബരിമല കയറുന്നത് ഇങ്ങനെയാണോ. ആ രണ്ടു യുവതികളും ഭക്തരല്ല. ആക്ടിവിസ്റ്റ് യുവതികളെ മലചവിട്ടാന്‍ അനുവദിച്ചത് യഥാര്‍ഥ ഭക്തര്‍ക്ക് വേദനയുണ്ടാക്കുന്നു. ഞങ്ങള്‍ ആ വേദനക്കൊപ്പം. നവോത്ഥാന മൂല്യസങ്കല്‍പങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം യഥാര്‍ഥ ഭക്തരെ അഭിമാനത്തോടെ ഭക്തിയോടെ ജീവിക്കാന്‍ അനുവദിക്കുകയും വേണമല്ലോ. നവോത്ഥാന നായകരെല്ലാം ഈശ്വര വിശ്വാസികളും ഭക്തരും ആയിരുന്നു എന്നുള്ള കാര്യം ആരും മറന്നുപോകരുത്. തുലാമാസ പൂജക്ക് യുവതികള്‍ എത്തിയപ്പോള്‍ എന്റെ നേതൃത്വത്തില്‍ അവരെ തടഞ്ഞു. പിന്നീട് ഞങ്ങള്‍ തടയാന്‍ പോകുന്നില്ല എന്നു തീരുമാനിച്ചു. ഗ്രേഡ്-1 ഹിന്ദുക്കളായ ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വം യുവതികളെ തടയല്‍ ഏറ്റെടുത്തു. അവര്‍ മകരവിളക്കുവരെ അവിടെ യുവതികളെ തടയാന്‍ ആര്‍ജവം കാണിക്കാതെയിരുന്നത് എന്തുകൊണ്ടാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം പോരല്ലോ. ഭക്തരുടെ വികാരം കൂടി സംരക്ഷിക്കേണ്ടവരല്ലേ അവര്‍. അതുപോലെ യുവതികള്‍ കയറിയപ്പോള്‍ നട അടച്ചു ശുദ്ധികലശം നടത്തി അരമണിക്കൂര്‍ കഴിഞ്ഞു തുറക്കാതെ ഒരു നീണ്ട കാലത്തേക്ക് നട അടച്ചിട്ടു ധൈര്യം കാണിക്കാന്‍ തന്ത്രിമാര്‍ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല. വരുമാന നഷ്ടവും ജോലി നഷ്ടവും അവര്‍ ഭയക്കുന്നു. അതല്ലേ സത്യം? ഇന്ന് മന്നം ജയന്തിയാണ്.
പെരുന്നയില്‍ കൂടിയ ഒരു ലക്ഷം പേരില്‍ നിന്ന് ഒരു പതിനായിരം ചെറുപ്പക്കാരെ ശബരിമല യുവതി പ്രവേശം തടയാന്‍ എന്‍.എസ്.എസിനും അയക്കാമായിരുന്നല്ലോ. നട്ടെല്ലില്ലാത്തവര്‍ നയിക്കുന്ന ഹിന്ദു സമൂഹം. അതാണ് ഹിന്ദു നേരിടുന്ന ഇന്നത്തെ പ്രശ്‌നമെന്നും പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."