പൊലിസ് വാദം തെറ്റ്; ജാമിഅ വിദ്യാര്‍ഥികള്‍ക്കുനേരെ വെടിവയ്പുണ്ടായി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികളുടെ സമരത്തോടനുബന്ധിച്ച് ഡിസംബര്‍ 15നുണ്ടായ പൊലിസ് അതിക്രമത്തിനിടെ രണ്ടു പൊലിസുകാര്‍ പ്രതിഷേധക്കാര്‍ക്കുനേരെ വെടിവച്ചതായി ഡല്‍ഹി പൊലിസിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്.
വെടിവച്ചുവെന്ന ആരോപണം പൊലിസ് നിഷേധിച്ചിരിക്കേയാണ് ഡല്‍ഹി പൊലിസ് സൗത്ത് ഈസ്റ്റ് ജില്ലാ പൊലിസിലെ ഓഫിസര്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഇതു ശരിവച്ചിരിക്കുന്നത്. വെടിയേറ്റ മുറിവുകളുമായി മൂന്നുപേരെ സഫ്ദര്‍ജങ് ആശുപത്രിയിലും ഹോളിഫാമിലി ആശുപത്രിയിലുമായി പ്രവേശിപ്പിക്കുകയും അക്കാര്യം ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വെടിയേറ്റവരുടെ വിഡിയോയും പ്രചരിച്ചിരുന്നു. രണ്ടു പൊലിസുകാര്‍ എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മുന്നില്‍വച്ച് മൂന്നുതവണ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട് പറയുന്നു.
സമാധാനപരമായി നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ഥികളും നാട്ടുകാരും പങ്കെടുത്തിരുന്നു. സമരക്കാരില്‍ ചിലര്‍ കല്ലെറിഞ്ഞതോടെയാണ് ലാത്തിച്ചാര്‍ജ് നടത്തിയതെന്നാണ് പൊലിസ് വാദം. ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ അജാസ് അഹമ്മദ് (20), മുഹമ്മദ് ശുഹൈബ് (23) എന്നിവരെയാണ് സഫ്ദര്‍ ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മുഹമ്മദ് തമീം (23) എന്നയാളെ ഹോളിഫാമിലിയിലും പ്രവേശിപ്പിച്ചു. വെടിയേറ്റ പാടാണ് തമീമിന്റെ ശരീരത്തിലുള്ളതെന്ന് ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും വെടിവയ്പുണ്ടായില്ലെന്നാണ് പൊലിസ് അവകാശപ്പെട്ടിരുന്നത്.
വെടിവയ്പ് നടത്തിയ പൊലിസുകാര്‍ ആരെല്ലാമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും അവരുടെ മൊഴികള്‍ കേസ് ഡയറിയില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജാമിഅ സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഡല്‍ഹി പൊലിസ് പ്രത്യേക അന്വേഷണ വിഭാഗത്തിനു കേസ് ഡയറി കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."