എം.ടി രമേശിന്റെ ആഹ്വാനം; അക്രമം അഴിച്ചുവിട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍
തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം നടത്തിയതിനെതിരേ സംസ്ഥാന വ്യാപകമായി അക്രമം നടത്താന്‍ ആഹ്വാനം ചെയ്ത് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഇതിന് പിന്നാലെ സംസ്ഥാനത്തൊട്ടാകെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി ബി.ജെ.പിയുടെയും പോഷകസംഘടനകളുടെയും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായിരുന്ന വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം മര്‍ദിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായിരുന്ന ഫ്‌ളക്‌സുകളും ബോര്‍ഡുകളും നശിപ്പിച്ചു. സി.പി.എം കൊടികളും ബാനറുകളും സമരവേദിക്ക് മുന്നിലിട്ട് കത്തിക്കുകയും ചെയ്തു.
സുപ്രഭാതം ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്ത്, കൈരളി ടി.വിയിലെ കാമറ വുമണ്‍ ഷാജില, ന്യൂസ് 18 ചാനല്‍ ടെക്‌നീഷ്യന്‍ സന്തോഷ്, മീഡിയാ വണ്‍ റിപ്പോര്‍ട്ടര്‍ രാജേഷ്, മാതൃഭൂമി ടി.വി റിപ്പോര്‍ട്ടര്‍ ബിജു, ഡെക്കാന്‍ ക്രോണിക്കിള്‍ ഫോട്ടോഗ്രാഫര്‍ പീതാംബരന്‍ തുടങ്ങിയവര്‍ക്കാണ് മര്‍ദനമേറ്റത്. പലരുടെയും കാമറയും മൈക്കുകളും പിടിച്ചുവാങ്ങാനും നശിപ്പിക്കാനും ശ്രമം നടത്തി.
ശബരിമലയില്‍ ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയെക്കൊണ്ട് കണക്കു പറയിപ്പിക്കുമെന്നും അതിനായി ഏതറ്റംവരെയും പോകുമെന്നും എം.ടി രമേശ് പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പി സമരപ്പന്തലില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആചാരലംഘനം സര്‍ക്കാരിന്റെ അജന്‍ഡയാണെന്നും ശബരിമലയിലെത്തിയ ലക്ഷക്കണക്കിന് ഭക്തര്‍ക്ക് ദര്‍ശനം നടത്താനുള്ള അവകാശം നടയടപ്പിച്ച് നിഷേധിച്ച മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."