അന്ന് രാത്രിക്കു രാത്രി; ഇന്ന് പിന്നെയാവട്ടെ!
മുംബൈ: കേരള, ബംഗാള്‍, പുതുച്ചേരി ഗവര്‍ണര്‍മാര്‍ അതാതു സംസ്ഥാന സര്‍ക്കാരുകളുമായി ഭിന്നതയിലാണെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ, മഹാരാഷ്ട്രയിലും ഗവര്‍ണര്‍ക്കെതിരേ ഭരണകക്ഷി നേതാക്കള്‍ രംഗത്ത്.
മന്ത്രിസഭാ വകുപ്പ് വിഭജനത്തിന്റെ ലിസ്റ്റ് അയച്ചുനല്‍കിയിട്ട് അത് അംഗീകരിക്കാന്‍ ഗവര്‍ണര്‍ സമയം വൈകിപ്പിച്ചുവെന്നാണ് ആരോപണമുയരുന്നത്.
മന്ത്രിസഭാ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അന്തിമ ലിസ്റ്റ് തയാറാക്കിയ ഭരണമുന്നണി, അന്നു വൈകിട്ടോടെ തന്നെ അത് ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. എന്നാല്‍, ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി ലിസ്റ്റ് ഉടന്‍ അംഗീകരിച്ചില്ല. ലിസ്റ്റ് ശനിയാഴ്ച വൈകിട്ട് 7.30ഓടെ ഗവര്‍ണര്‍ക്ക് അയച്ചെന്നാണ് എന്‍.സി.പി നേതാവ് ജയന്ത് പാട്ടീല്‍ വ്യക്തമാക്കിയത്.
എങ്ങനെയായാലും രാത്രി ഒന്‍പതിനു മുന്‍പ് അത് ഗവര്‍ണറുടെ ഓഫിസില്‍ ലഭിച്ചെന്നാണ് മുന്നണി ഉറപ്പിച്ചുപറയുന്നത്. എന്നാല്‍, പിറ്റേന്നാണ് ലിസ്റ്റ് അദ്ദേഹം അംഗീകരിച്ചത്. രാത്രി വൈകിയെത്തിയതിനാലാണ് ഇതെന്നാണ് ഗവര്‍ണറുടെ ഓഫിസ് വ്യക്തമാക്കുന്നത്.
എന്നാല്‍, ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അര്‍ധരാത്രിയും പുലര്‍ച്ചെയുമായി പ്രവര്‍ത്തിച്ച ഗവര്‍ണര്‍, സര്‍ക്കാര്‍ കാര്യത്തില്‍ എന്താണ് ആ വേഗത കാണിക്കാത്തതെന്നാണ് ശിവസേന, എന്‍.സി.പി നേതാക്കള്‍ ചോദിക്കുന്നത്. പൗരത്വ നിയമ ഭേദഗതി ബില്‍ അര്‍ധരാത്രി ഒപ്പിട്ട് നിയമമാക്കിയ രാഷ്ട്രപതിയുടെ നടപടിയും പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
മന്ത്രിസഭാ വകുപ്പ് വിഭജനം വൈകുന്നതില്‍ മഹാ വികാസ് അഘാഡി സഖ്യത്തെ പരിഹസിച്ച് നേരത്തെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഭരണമുന്നണിയിലും വകുപ്പ് വിഭജനം സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."