ബുലന്ദ്ശഹര്‍ കൊലപാതകം: മുഖ്യപ്രതി യോഗേഷ് രാജ് അറസ്റ്റില്‍
ലക്‌നോ: ബുലന്ദ്ശഹര്‍ ആള്‍ക്കൂട്ട കലാപത്തിനിടെ പൊലിസുകാരനെ കൊലചെയ്ത കേസില്‍ മുഖ്യപ്രതി യോഗേഷ് രാജ് അറസ്റ്റില്‍. ബജ്‌റംഗ്ദള്‍ നേതാക്കള്‍ ഇയാളെ പൊലിസിന് കൈമാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 30 ദിവസമായി ഇയാള്‍ പൊലിസിന്റെ കണ്ണുവെട്ടിച്ച് നടക്കുകയായിരുന്നു.
ഈ മാസം മൂന്നിന് പൊലിസ് സ്റ്റേഷനില്‍ നിന്ന് 20 മീറ്റര്‍ മാത്രം അകലെയായിരുന്നു അക്രമം അരങ്ങേറിയത്. നാനൂറോളം വരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയായിരുന്ന സുബോധ് കുമാറിനു തുടക്കത്തില്‍ കല്ലേറില്‍ പരുക്കേറ്റു. തുടര്‍ന്ന് മറ്റൊരു പ്രതിയായ കലുവ കോടാലി കൊണ്ട് വെട്ടി വിരല്‍ മുറിക്കുകയും തലയ്ക്കടിക്കുകയും ചെയ്തു. സുബോധ് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ അദ്ദേഹത്തെ പിടികൂടി വലിച്ചിഴച്ചുകൊണ്ടുപോയി. പിന്നീട് സര്‍വീസ് റിവോള്‍വര്‍ കൈക്കലാക്കിയ പ്രശാന്ത് അദ്ദേഹത്തിന്റെ തലയില്‍ വെടിവച്ചു. പൊലിസുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ സുബോധിനെ വടികൊണ്ട് തുടര്‍ന്നും അടിച്ചുകൊണ്ടിരുന്നു.
സുബോധിനെ ജീപ്പില്‍ കയറ്റി ആശുപത്രിയിലാക്കാന്‍ ശ്രമിച്ചതോടെ ജനക്കൂട്ടം കല്ലേറു തുടങ്ങി. അതോടെ പൊലിസുകാര്‍ പലായനം ചെയ്തു. ജീപ്പിനു തീവയ്ക്കാനായിരുന്നു പിന്നീട് ജനക്കൂട്ടത്തിന്റെ ശ്രമം. അപ്പോഴേയ്ക്കും കൂടുതല്‍ പൊലിസുകാരെത്തി സുബോധിനെ ജീപ്പില്‍ നിന്നിറക്കി കൊണ്ടുപോവുകയായിരുന്നു. തൊട്ടടുത്തു നിന്ന് ഇടതു പുരികത്തിനു മുകളില്‍ വെടിവയ്ക്കുകയായിരുന്നുവെന്നും കൈകാലുകള്‍ ഒടിഞ്ഞിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രഥമ വിവര റിപ്പോര്‍ട്ടില്‍ 27 പ്രതികളാണുണ്ടായിരുന്നത്. ഇവരില്‍ ഒരു സൈനികനടക്കം 20 ല്‍പരം പേരാണ് ഇതുവരെ അറസ്റ്റിലായത്.കലുവയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പ്രധാന പ്രതികളെന്നു കരുതുന്ന ഡേവിഡ്, രാഹുല്‍, ജോണി, ലോകേന്ദര്‍ എന്നിവരും പിടിയിലായിട്ടുണ്ട്.
സംഭവം തൊട്ടടുത്തു നിന്ന് ചിത്രീകരിക്കുന്ന യുവാവിനെ വിഡിയോയില്‍ കാണാന്‍ കഴിഞ്ഞെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വിവരം നല്‍കുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."