അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്; സാഭിമാനം സല്‍മാന്‍
മൂഡബിദ്രിയില്‍ നിന്ന്
മെഡല്‍ വരള്‍ച്ചയുടെ കടമ്പതാണ്ടി കാലിക്കറ്റിന്റെ അഭിമാനതാരമായി സല്‍മാന്‍ ഹാരിസ്. 42 വര്‍ഷത്തിന് ശേഷം ഡെക്കാത്ത്‌ലണില്‍ കാലിക്കറ്റ് സര്‍വകലാശാലയ്‌ക്കൊരു സ്വര്‍ണം. അനാഥത്വത്തിന്റെ കഠിന വഴികള്‍ താണ്ടി സല്‍മാന്‍ ഓടിച്ചാടി സ്വര്‍ണ പതക്കം എറിഞ്ഞു വീഴ്ത്തി. 1977-78 വര്‍ഷങ്ങളില്‍ ടോം ജോസഫ് സ്വര്‍ണം നേടിയ ശേഷം ആദ്യമായാണ് ഡെക്കാത്ത്‌ലണില്‍ കാലിക്കറ്റിന്റെ മറ്റൊരു താരം ഒന്നാമനാവുന്നത്.
അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ഡെക്കാത്ത്‌ലണില്‍ 6,645 പോയിന്റുമായാണ് സല്‍മാന്‍ ഹാരിസിന്റെ ചരിത്ര നേട്ടം. നിലവിലെ റെക്കോര്‍ഡ് ജേതാവ് മംഗളൂരു സര്‍വകലാശാലയുടെ കൃഷ്ണകുമാറിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സല്‍മാന്റെ വിജയം. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തായിരുന്നു സല്‍മാന്‍. കഠിനവും ചിട്ടയുമായ പരിശീലനമാണ് പത്തിനങ്ങളിലും സ്ഥിരതയാര്‍ന്ന പ്രകടനത്തിന് വഴിയൊരുക്കിയത്. 100, 400 മീറ്ററുകളിലും ലോങ്ജംപ്, ഹൈജംപ്, ഷോട്ട്പുട്ട് പോരാട്ടം പൂര്‍ത്തിയാക്കിയ സല്‍മാന്‍ 3,532 പോയിന്റുമായി മുന്നിലെത്തി. 110 മീറ്റര്‍ ഹര്‍ഡില്‍സ്, ഡിസ്‌കസ് ത്രോ, പോള്‍വോള്‍ട്ട്, ജാവലിന്‍ ത്രോ, 1500 മീറ്റര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ സല്‍മാനിലൂടെ ചാംപ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണം കാലിക്കറ്റിന്റെ മെഡല്‍ ബാസ്‌ക്കറ്റിലേക്ക്.
കുട്ടിക്കാലം മുതല്‍ ജീവിതത്തിന്റെ കഠിന വഴികളിലൂടെയായിരുന്നു സഞ്ചാരം. മലപ്പുറം കോട്ടയ്ക്കല്‍ പൂവഞ്ചിറയില്‍ മൊയ്തുണ്ണിയുടെയും സൈനബയുടെയും പുത്രന് ബാല്യം അനാഥത്വത്തിന്റേതായിരുന്നു. പത്താം ക്ലാസ് വരെ പഠനം കൂട്ടിലങ്ങാടി പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഓര്‍ഫനേജില്‍. ഇവിടെ തുടങ്ങിയതാണ് ഓട്ടവും ചാട്ടവും.
സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പുകളിലെ മികച്ച പ്രകടനം കോഴിക്കോട് സായിയിലേക്കുള്ള പ്രവേശനം ഉറപ്പാക്കി. 2013ലെ ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ വെങ്കല പതക്കം നേടി വരവറിയിച്ചു. ട്രാക്കിലെ മോഹങ്ങള്‍ക്ക് മീതേ വില്ലനായ പരുക്കുകളെ വേഗം മറികടന്നു. കരുത്തും വഴികാട്ടിയുമായ പിന്റോ ജെ. റെബല്ലോയുടെ കീഴിലെ പരിശീലനമാണ് സല്‍മാനെ അഭിമാനതാരമാക്കിയത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ രണ്ടാം വര്‍ഷ ബിരുദ ചരിത്ര വിദ്യാര്‍ഥിയായ സല്‍മാന്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഒരു ജോലി സ്വപ്നം കാണുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."