തിരുമ്പി വന്തിട്ടേന്‍ ഹൈദരാബാദിനെ 5-1ന് തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: തുടര്‍ തോല്‍വികളും സമനിലകളും സ്വപ്ന തുല്യമായ തിരിച്ചുവരവിലൂടെ മായ്‌ച്ചെടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇങ്ങനെ തിരിച്ചുവരുമെന്ന് ആരും കരുതിയില്ല. ഇന്നലെ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പുറത്താകല്‍ ഭീഷണിയില്‍നിന്ന് ബ്ലാസ്റ്റേഴ് തിരിച്ചു കയറിയത്.
സീസണിണില്‍ ഇതുവരെ ഒരു മത്സരം മാത്രം ജയിച്ച ബ്ലാസ്‌റ്റേഴ്‌സിന് ഇന്നലത്തെ മത്സരം ജീവന്‍ മരണപോരാട്ടമായിരുന്നു. കടുത്ത സമ്മര്‍ദങ്ങളുടെ നടുവില്‍ കളത്തിലിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് പക്ഷെ ആദ്യം തിരിച്ചടിയാണ് നേരിട്ടത്. കളിയുടെ 14ാം മിനുട്ടില്‍ ബോബോയുടെ ഗോളിലൂടെ ഹൈദരാബാദാണ് അക്കൗണ്ട് തുറന്നത്. ഇതോടെ പഴയ അവസ്ഥയിലേക്ക് പോകുമെന്നു കരുതിയ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചുവരവിന്റെ പാതയൊരുക്കിയത് 33ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഒഗ്ബച്ചോയുടെ ഗോളായിരുന്നു. ഇതിനു ശേഷം കളം നിറഞ്ഞുകളിക്കുന്ന ബ്ലാസ്റ്റേഴ്‌സിനെയാണ് മഞ്ഞപ്പട കണ്ടത്. ഒത്തിണക്കത്തോടെ ടീം മുന്നേറിയപ്പോള്‍ മികച്ച നീക്കങ്ങളും ഫിനിഷുകളുമായി ടീം നിറഞ്ഞാടി. നിലവില്‍ 11 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് കുതിക്കാനും ബ്ലാസ്റ്റേ്‌ഴ്‌സിനായി. തോല്‍വിയോടെ ഹൈദരാബാദ് ലീഗില്‍ നിന്ന് ഏറെക്കുറെ പുറത്തായി.
ആദ്യം തന്നെ ലഭിച്ച ഫ്രീകിക്ക് ഗോളാക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് ശ്രമം വിഫലമാകുന്ന കാഴ്ചയോടെയാണ് മത്സരം തുടങ്ങിയത്. വലതു മൂലയില്‍ കളി മെനഞ്ഞ് ഹൈദരാബാദിന്റെ നായകന്‍ മാഴ്‌സലിഞ്ഞോയായിരുന്നു മഞ്ഞപ്പടയുടെ പ്രതിരോധനിരയ്ക്ക് ഏറെ തലവേദന സൃഷ്ടിച്ചത്. 14-ാം മിനുട്ടില്‍ മാഴ്‌സലിഞ്ഞോയെ അവഗണിച്ച ബ്ലാസ്റ്റേഴ്‌സിന് അതിനുള്ള ശിക്ഷ ലഭിച്ചു. അഭിഷേക് ഹാള്‍ഡര്‍ക്ക് നല്‍കിയ പാസ് ബോക്‌സിലേക്ക് മാഴ്‌സലിഞ്ഞോ നീട്ടി നല്‍കിയപ്പോള്‍ പ്രതിരോധ താരങ്ങള്‍ നോക്കിനില്‍ക്കേ ബോബോയ്ക്ക് പന്തിലേക്ക് ഒന്നു തൊടുന്ന ജോലി മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഹൈദരാബാദ് എഫ്.സിക്ക് നിര്‍ണായക ലീഡ്. അപ്രതീക്ഷിതമായി ഗോള്‍ വഴങ്ങിയതിന്റെ ക്ഷീണത്തോടെ അല്‍പം ഉള്‍വലിഞ്ഞാണ് പിന്നീട് ബ്ലാസ്റ്റേഴ്‌സ് കളി മെനഞ്ഞത്. ക്യാപ്റ്റന്‍ മാഴ്‌സലിഞ്ഞോയും ബോബോയും അടങ്ങിയ കൂട്ടുകെട്ട് നിരന്തരം ആതിഥേയരെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. 32 മിനിട്ടുവരെ കാത്തുനില്‍ക്കേണ്ടി വന്നു ബ്ലാസ്റ്റേഴ്‌സിന്റെ മറുപടിക്ക്. ബ്ലാസ്റ്റേഴ്‌സിന്റെ മോശം കളിയില്‍ ആരാധകരില്‍ നിന്ന് കൂക്കുവിളി മുറുകിയ വേളയിലാണ് ഗോളിന്റെ പിറവി. പന്തുമായി മുന്നിലേക്ക് കയറിയ ജിയാനി സ്യൂവര്‍ലോണ്‍ അളന്ന് മുറിച്ച് നല്‍കിയ പാസ് കിട്ടുമ്പോള്‍ മധ്യഭാഗത്തായിരുന്നു ഒഗ്ബച്ചെ. എന്നാല്‍ പ്രതിരോധനിരയെ ഒന്നാകെ ഓടിത്തോല്‍പ്പിച്ച് ബോക്‌സിലേക്ക് കയറിയ ഒഗ്ബച്ചെ ഹൈദരാബാദ് ഗോളിയെയും കാഴ്ചക്കാരനാക്കി നിര്‍ത്തി പന്ത് വലയിലെത്തിച്ചു. കൃത്യം ഏഴു മിനിട്ടിനുള്ളില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ വക രണ്ടാം ഗോളിനും മൈതാനം സാക്ഷ്യംവഹിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ആ ഗോളിലേക്കുള്ള തുടക്കം. കിക്കെടുത്ത സെത്യാന്‍സിങ്ങിലേക്ക് തന്നെ പന്തെത്തി. കൂട്ടമായി നിന്ന കളിക്കാര്‍ക്കിടയിലേക്ക് പന്ത് സെത്യന്‍ അടിച്ച് നല്‍കി. കൂട്ടപ്പൊരിച്ചിലുകള്‍ക്കൊടുവില്‍ ഗോളെന്ന നിയോഗം ദ്രോബറോവിന്റെ കാലിലായിരുന്നു. (2-1). ഒരു ഗോളിന്റെ ലീഡ് കൂടി നേടിയതോടെ വിജയംമുന്നില്‍ കണ്ട് ബ്ലാസ്റ്റേഴ്‌സിന്റെ കൂട്ടായ ആക്രമണം. ആദ്യ പകുതിയുടെ 44-ാം മിനിട്ടില്‍ ഒരിക്കല്‍കൂടി ബ്ലാസ്റ്റേഴ്‌സ് വലകുലുക്കി. ഇക്കുറി മെസി ബൗളിയായിരുന്നു സ്‌കോറര്‍. ഹോളിചരണ്‍ നാര്‍സാറി നല്‍കിയ ത്രൂബോള്‍ ഏറെ പ്രയാസപ്പെട്ടാണ് മെസി ബൗളി ഗോളാക്കി മാറ്റിയത്.
ആദ്യപകുതിയുടെഅവസാന 12 മിനിട്ടില്‍ നേടിയ മൂന്ന് ഗോളിന്റെ ആനുകൂല്യവുമായാണ് രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. തോല്‍വി മുന്നില്‍ കണ്ടിട്ടും കാര്യമായ തിരിച്ചടികള്‍ക്ക് ശ്രമിക്കാതെയാണ് ഹൈദരാബാദ് പന്ത് തട്ടിയത്. ലക്ഷ്യംതെറ്റിയ പാസിങും അവര്‍ക്ക് തിരിച്ചടിയായി. മാഴ്‌സലിഞ്ഞോയ്ക്ക് പന്തെത്തിച്ച് നല്‍കുന്നതില്‍ മധ്യനിര പരാജയപ്പെട്ടിടത്താണ് ഹൈദരാബാദിന്റെ കണക്ക് കൂട്ടലുകള്‍ പിഴച്ചത്. പകച്ചുനിന്ന ഹൈദരാബാദിനെ കാഴ്ചക്കാരാക്കി 59-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നാലാം ഗോള്‍. മധ്യനിരയില്‍ നിന്ന് ഒറ്റയ്ക്ക് പന്തുമായി കയറിയ സെത്യന്‍ സിങ് കൂടുതല്‍ പാസുകള്‍ക്ക് മുതിരാതെ പോസ്റ്റിലേക്ക് നിറയൊഴിച്ചു. അപ്രതീക്ഷിതമായ നീക്കത്തില്‍ ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണി ഒന്ന് പകച്ചു.
കയ്യില്‍ തട്ടി പന്ത് വലയിലേക്ക്. സന്തോഷം അടക്കാനാകാതെ കോച്ച് ഷാട്ടോരിയും ആരാധകര്‍ക്കൊപ്പം മതിമറന്ന് ആസ്വദിച്ചു. അഞ്ചാം ഗോളിലേക്കും അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല. 75-ാം മിനിട്ടില്‍ ക്യാപ്റ്റന്‍ ഒഗ്ബച്ചെ ഹൈദരബാദിന്റെ പെട്ടിയില്‍ അവസാന ആണിയും അടിച്ചു. ഗോളി ടി.പി രഹ്‌നേഷ് ഉയര്‍ത്തി നല്‍കിയ പന്ത് കാലിലേറ്റുവാങ്ങി മെസി ബൗളി ബോക്‌സിലേക്ക് കുതിച്ചു. മുന്നോട്ട് കയറിവന്ന ഹൈദരാബാദ് ഗോളിയുടെ ദേഹത്ത് തട്ടിയ പന്ത് കാത്ത് നിന്ന ഒഗ്ബച്ചെ അനായാസം വലയിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."