വിദേശികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കില്ലെന്ന് തൊഴില്‍ മന്ത്രി
ജിദ്ദ: സഊദിയിലെ വിദേശികളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യം തങ്ങള്‍ക്കില്ലെന്ന് സഊദി തൊഴില്‍ സാമൂഹികക്ഷേമ മന്ത്രി ഡോ. മുഫരിജ് അല്‍ ഹഖ്ബാനി. വിദേശികള്‍ നാട്ടിലേക്കയയ്ക്കുന്ന പണത്തിനു നികുതി ഈടാക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. വിദേശികള്‍ നാട്ടിലേക്കയയ്ക്കുന്ന പണത്തിനും വരുമാനത്തിനും നികുതി ഈടാക്കാന്‍ നേരത്തേ ശൂറ കൗണ്‍സിലില്‍ നിര്‍ദേശം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിതന്നെ വിശദീകരണവുമായി നേരിട്ടു വന്നത്. സ്വദേശികള്‍ക്ക് വരുമാന നികുതി ഏര്‍പ്പെടുത്തണമെന്നത് ഒരു പഴയ നിര്‍ദേശമാണെന്നും അത് വിഷന്‍ 2030 ന്റെ ഭാഗമല്ലെന്നും അദ്ദേഹം അറിയിച്ചു.
വിദേശികള്‍ സ്വദേശങ്ങളിലേക്കയയ്ക്കുന്ന പണത്തിനും വിദേശികളുടെ വരുമാനത്തിനും നികുതി ഏര്‍പ്പെടുത്താന്‍ ശൂറ നിര്‍ദേശമുണ്ടെന്ന രീതിയില്‍ കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിര്‍ദേശം അംഗീകരിക്കപ്പെടുകയാണെങ്കില്‍ 2020 മുതല്‍ വരുമാന നികുതി പ്രാബല്യത്തില്‍ വരുമെന്നായിരുന്നു റിപ്പോര്‍ട്ട്.
അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദേശത്തേക്ക് പണമൊഴുകുന്ന രാജ്യം സഊദിയാണ്. വര്‍ഷം തോറും രാജ്യത്ത് നിന്ന് പുറത്തേക്കയയ്ക്കുന്ന പണത്തിന്റെ തോത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദേശികള്‍ പുറത്തേക്ക് പണമയയ്ക്കുന്നതിന് ടാക്‌സ് ഈടാക്കുന്നത് വഴി ചുരുക്കിക്കൊണ്ട് വന്ന് രാജ്യത്തിനകത്ത് തന്നെ മുടക്കാന്‍ പ്രേരിപ്പിക്കുകയും അത് ദേശീയ പുരോഗതിക്ക് അനുകൂലമാക്കുകയും ചെയ്യുകയാണ് അധികൃതര്‍ ലക്ഷ്യമാക്കുന്നത്. സഊദിയിലെ പുതിയ ഗ്രീന്‍ കാര്‍ഡ് പദ്ധതിയും ഇതിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."