കാതിക്കുടം എന്‍.ജി.ഐ.എല്‍ കമ്പനിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്
ചാലക്കുടി: വെള്ളം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് ഉല്‍പാദനം നിര്‍ത്തി വച്ച കാതിക്കുടം എന്‍.ജി.ഐ.എല്‍ കമ്പനിയുടെ പ്രശ്‌നപരിഹാരത്തിനായി വ്യവസായ വകുപ്പ് മന്ത്രി വിളിച്ച യോഗം വീണ്ടും മാറ്റിവച്ചു. ഇതോടെ ലേ ഓഫിലേക്ക് നീങ്ങുന്ന കമ്പനി മാനേജ്‌മെന്റിന്റെ നടപടികള്‍ക്ക് ഈ യോഗത്തിലൂടെ മാറ്റം വരുമെന്ന് പ്രതീക്ഷിച്ച തൊഴിലാളികള്‍ ആശങ്കയിലായി. ഹര്‍ത്താലിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് മന്ത്രി അധ്യക്ഷനായി ചേരാന്‍ നിശ്ചയിച്ച യോഗം ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്നത്. നേരത്തെ ഡിസംബര്‍ 26ന് ഈ യോഗം ചോരാന്‍ തീരുമാനിച്ചിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ ആ യോഗം ജനുവരി മൂന്നിലേക്ക് നീട്ടുകയായിരുന്നു. എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെംബര്‍, ആക്ഷണ്‍ കൗണ്‍സില്‍ ഭാരവാഹികള്‍, കമ്പനി മാനേജ്‌മെന്റ്, കമ്പനി യൂനിയന്‍ ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്താനിരുന്ന ചര്‍ച്ചയാണ് മാറ്റിവച്ചത്.
ചാലക്കുടിപുഴയില്‍ നിന്നും വെള്ളം എടുക്കാന്‍ തടസം വന്നതോടെയാണ് എന്‍.ജി.ഐ.എല്‍ കമ്പനിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായത്. പ്രളയത്തിന് ശേഷം കഴിഞ്ഞ മൂന്ന് മാസത്തിലധികമായി കമ്പനിയിലെ ഉല്‍പാദനം നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലേ ഓഫ് അടക്കമുള്ള നടപടിയിലേക്ക് നീങ്ങാന്‍ മാനേജുമെന്റ് നിര്‍ബന്ധിതരായി. ഡിസംബര്‍ 27മുതല്‍ ലേഓഫ് ചെയ്യാനും തീരുമാനിച്ചു. എന്നാല്‍ തൊഴിലാളി യൂനിയനുകളുടേതടക്കമുള്ളവരുടെ കനത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആ നടപടി തല്‍ക്കാലം മാറ്റിവയ്ക്കുകയായിരുന്നു. ജനുവരി മൂന്നിന് നടക്കുന്ന യോഗത്തിന് ശേഷം ലേഓഫ് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങിയാല്‍ മതിയെന്ന യൂനിയനുകളുടെ ആവശ്യപ്രകാരമാണ് ലേ ഓഫ് നടപടിയില്‍ നിന്നും മാനേജുമെന്റ് തല്‍ക്കാലം പിന്‍വാങ്ങിയത്. എന്നാല്‍ ഇന്ന് നടക്കേണ്ടതായിരുന്ന യോഗം വീണ്ടും മാറ്റിവച്ചതോടെ ലേഓഫീന് സാധ്യത കൂടുകയാണ്. ഇത് യൂനിയനുകള്‍ക്കും തൊഴിലാളികള്‍ക്കും ഒരു പോലെ ആശങ്കയുണര്‍ത്തുന്നുണ്ട്.
പുഴയില്‍ നിന്നും വെള്ളം എടുക്കാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ ലേഓഫ് പ്രഖ്യാപിക്കാതിരിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് തൊഴിലാളികള്‍ക്കും യൂനിയനുകള്‍ക്കും അറിയാം. വരുന്ന മൂന്ന് മാസങ്ങള്‍ വരള്‍ച്ചയുടെ കാലമാകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ലേഓഫ് പ്രഖ്യാപിച്ചാല്‍ അത് ജൂണ്‍ വരെ നീളാനും സാധ്യതയുണ്ട്. ഇതാണ് തൊഴിലാളികളെ വലയ്ക്കുന്നത്. ഉല്‍പാദനമില്ലാത്തതിനാല്‍ ശമ്പളമടക്കമുള്ള കാര്യങ്ങള്‍ നല്‍കാനാകാത്ത അവസ്ഥയാണ് മാനേജുമെന്റിന്.
പുഴയില്‍ വെള്ളമില്ലാത്തതാണ് കമ്പനി നേരിടുന്ന പ്രതിസന്ധി. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പ്രതിദിനം കമ്പനിയുടെ പ്രവര്‍ത്തനത്തിനായി വേണ്ടിവരുന്നത്.
വെള്ളം ലഭിക്കാതെ വന്നപ്പോള്‍ പുഴയില്‍ ചാല്‍ കീറി കമ്പനി പമ്പ് ഹൗസിലേക്ക് വെള്ളമെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പ്രദേശവാസികളുടേയും ആക്ഷണ്‍ കൗണ്‍സിലിന്റേയും കനത്ത എതിര്‍പ്പിനെ തുടര്‍ന്ന് ആ ശ്രമം പരാജയപ്പെട്ടു.
പഞ്ചായത്ത് ആക്ട് പ്രകാരം പുഴ, വെള്ളം, മത്സ്യബന്ധനം എന്നിവയുടെ അധികാരം പഞ്ചായത്തിന് ആണെന്നിരിക്കെ കാടുകുറ്റി പഞ്ചായത്തിന്റെ അനുമതി വാങ്ങാതെ ചാല്‍കീറിയത് എന്തിനാണെന്ന ആക്ഷേപമാണ് കമ്പനിക്ക് നേരെ ഉയരുന്നത്. മുന്‍പും ഇതുപോലെ ചാല്‍കീറിയപ്പോള്‍ പഞ്ചയാത്ത് ഇടപെടുകയും കമ്പനിക്ക് താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്.
വീണ്ടും കമ്പനി നിയമവിരുദ്ധമായി ആ പ്രവൃത്തി ആവര്‍ത്തിച്ചപ്പോള്‍ പൊലിസില്‍ പരാതി നല്‍കിയതടക്കമുള്ള നടപടികള്‍ ഉണ്ടായി. വെള്ളം ലഭിക്കാന്‍ ഒരു സാധ്യതയും ഇല്ലാത്ത സാഹചര്യത്തില്‍ കമ്പനി അടച്ചുപൂട്ടുക മാത്രമെ നിര്‍വാഹമുള്ളൂ. ഇതിന് പുറമെ സ്ഥിരമായുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ സമരവും പ്രദേശവാസികളുടെ എതിര്‍പ്പിലും മനം മടുത്ത് കാതിക്കുടത്ത് നിന്ന് കമ്പനി മാറ്റാനുള്ള ആലോചനയും കമ്പനി മാനേജുമെന്റിന്റെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്.
ഇത് സംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ചകളും നടക്കുന്നുമുണ്ട്. ഇതിനൊക്കെ ഒരു പരിഹാരം ഇന്ന് നടക്കാനിരുന്ന യോഗത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച തൊഴിലാളികളാണ് യോഗം മാറ്റിവച്ചതിനെ തുടര്‍ന്ന് ആശങ്കയിലായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."