നാട്ടുകാരുടെ എതിര്‍പ്പിനിടെ നിര്‍മിച്ച മൊബൈല്‍ ടവര്‍ തകര്‍ന്നുവീണു
വാടാനപ്പള്ളി: നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍മാണം നടത്താനാകാതെ വരികയും വര്‍ഷങ്ങള്‍ക്കു ശേഷം കോടതി അനുമതിയോടെ പണി പൂര്‍ത്തിയാക്കുകയും ചെയ്ത മൊബൈല്‍ ഫോണ്‍ ടവര്‍ തകര്‍ന്നു വീണു. സ്ഥലം ഉടമ അത്ഭുതകരമായി രക്ഷപ്പെട്ടു.
വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ എം.എല്‍.എ വളവില്‍ നിര്‍മിച്ച ബി.എസ്.എന്‍.എല്‍ ടവറാണ് മൂന്നാം ദിവസം നിലം പൊത്തിയത്. മൂന്ന് ദിവസം മുന്‍പ് പണി പൂര്‍ത്തിയാക്കി തൊഴിലാളികള്‍ തിരിച്ചു പോയിരിക്കെ ഇന്നലെ രാവിലെ ഏഴരയോടെ തകര്‍ന്ന് വീഴുകയായിരുന്നു. ജനവാസ കേന്ദ്രത്തിലെ ടവര്‍ നിര്‍മാണത്തിനെതിരേ എട്ട് വര്‍ഷം മുന്‍പ് അന്നത്തെ ഗ്രാമ പഞ്ചായത്തംഗം എ.ടി ഷെബീറലിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സമരം ആരംഭിക്കുകയും തുടര്‍ന്ന് നിര്‍മാണാനുമതി പഞ്ചായത്ത് റദ്ദാക്കുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് പണി ആരംഭിക്കാനായില്ല. എന്നാല്‍ ഹൈക്കോടതി ഉത്തരവോടെ ഒരാഴ്ച മുന്‍പ് നിര്‍മാണം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് നിര്‍മാണാനുമതി നല്‍കിയിട്ടില്ലെന്ന് പറയുന്നു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ആന്റിന , കേബിള്‍ ഘടിപ്പിക്കുന്ന ജോലി ഒഴികെ ബാക്കിയെല്ലാം പൂര്‍ത്തിയാക്കി മൂന്ന് ദിവസം മുന്‍പ് തൊഴിലാളികള്‍ മടങ്ങിയത്. അതിനു പിന്നാലെ ഇന്നലെ രാവിലെ ടവര്‍ തകരുകയായിരുന്നു. ഇതിനടുത്ത് നില്‍ക്കുകയായിരുന്ന സ്ഥലം ഉടമ മഞ്ഞിപ്പറമ്പില്‍ നളിനാക്ഷന്‍ അവിടെ നിന്നും പോയി മിനുറ്റുകള്‍ക്കകമാണ് അപകടം.
ടവര്‍ വീണ് ഒരു തെങ്ങും രണ്ട് കവുങ്ങുകളും ഒരു മാവും ഒടിഞ്ഞുവീണിട്ടുണ്ട്. വൈദ്യുതി ലൈനും പൊട്ടിവീണു. അതേസമയം ടവര്‍ കോണ്‍ക്രീറ്റില്‍ ഉറപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന നട്ടുംമ്പോള്‍ട്ടുകള്‍ ഇടാത്തതിനെ തുടര്‍ന്നാണ് കാറ്റില്‍ ടവര്‍ വീണത്. നിലവിലെ പഞ്ചായത്ത് ഭരണ സമിതി നിര്‍മാണാനുമതി നല്‍കിയിട്ടില്ലെന്ന വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി. എസ് വൈശാഖ് ആരോപിച്ചു. ടവര്‍ തകര്‍ന്നുവീണ സാഹചര്യത്തില്‍ ബി.എസ്.എന്‍.എല്ലിലും സ്ഥലം ഉടമയ്ക്കും പഞ്ചായത്തിനുമെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."