കുളക്കാടന്‍ മലയുടെ വശ്യസൗന്ദര്യം ആസ്വദിച്ച് കുരുന്നുകള്‍
ശ്രീകൃഷ്ണപുരം: പുതുവര്‍ഷത്തില്‍ കുളക്കാടന്‍ മല ചുറ്റിനടന്നുള്ള കാഴ്ചകളോടൊപ്പം ഉയരങ്ങളില്‍ നിന്നുള്ള ആകാശക്കാഴ്ചകളും ആവോളം ആസ്വദിച്ചും വിവരശേഖരണം നടത്തിയും ശ്രീരാമജയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഹരിത ക്‌ളബ്ബിന്റെ മാമലയോരം പദ്ധതിയുടെ ഭാഗമായാണ് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചത്. കുറ്റിച്ചോല, ശ്രീരാമന്‍ എയ്ത അമ്പ് തറച്ചതായി വിശ്വസിക്കുന്ന അമ്പുകുത്തിപ്പാറ, മയിലുകള്‍ കൂട്ടായി നൃത്തമാടുന്ന മയിലാടിപ്പാറ, സദാസമയവും തെളിനീരൊഴുകുന്ന വെള്ളൊലിച്ചിപ്പാറ, ദേവതമാര്‍ ചരക്ക് വലിച്ചതിന്റെ ഭാഗമായി ചാലുകള്‍ രൂപപ്പെട്ടുവെന്ന് വിശ്വസിക്കുന്നതിന്റെ പാറമേലുള്ള പാടുകള്‍, വയറക്കുണ്ട്,കുറുക്കന്‍ പാറ, എന്നിവയൊക്കെ കുട്ടികള്‍ അത്ഭുതത്തോടെ നടന്നുകണ്ടു.
അദ്യകാലത്ത് വനവാസികള്‍ താമസിച്ചിരുന്ന ചാളക്കല്ല് പുതിയ കാഴ്ചയോടൊപ്പം ആദ്യകാല ജീവിതത്തിന്റെ അവശേഷിപ്പുകളായി. കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിനകം ഏതാണ്ട് പതിനഞ്ചു മീറററോളമാണ് പുറത്തേക്ക് തള്ളിവന്നിരിക്കുന്നത്. മലയിലേക്ക് ഇരതേടിപ്പോയ നാല്‍ക്കാലികളെ മലദേവത സംരക്ഷിച്ച് വിളിപ്പുറത്തെത്തിക്കുമെന്ന് വിശ്വസിച്ച്, ദശമിക്കു ശേഷം പൂജ നടത്തുന്ന കയറുപാറ ഉള്‍പ്പെടെ പ്രത്യേകതകള്‍ നിറഞ്ഞ സ്ഥലനാമങ്ങള്‍ക്കൊപ്പം നൂറുകണക്കിനു കിലോമീറ്ററുകളിലായി പരന്നുകിടക്കുന്ന താഴ് വരയുടെ ഹരിതഭംഗിയും എല്ലാം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ സമീപവാസികളും കൂട്ടിനെത്തിയിരുന്നു.
പ്രധാനാധ്യാപകന്‍ പി.ജി ദേവരാജ്, വിദ്യാലയ വികസനസമിതി ചെയര്‍മാന്‍ എം.കെ.ദ്വാരകാനാഥന്‍, ഷനൂബ്, സി.ഗോപാലകൃഷ്ണന്‍, രാമകൃഷ്ണന്‍, ഷിജു, സുമേഷ്, സുരേഷ്, ജിഷ്ണു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."