സോളാര്‍പദ്ധതി നടപ്പാക്കുന്നതിനെപ്പറ്റി സരിതയോട് ആരാഞ്ഞിരുന്നതായി മുന്‍മന്ത്രി കെ.സി ജോസഫ്
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് . നായരെ രണ്ടുതവണ കണ്ടിട്ടുള്ളതായി മുന്‍മന്ത്രി കെ.സി ജോസഫ് സോളാര്‍ അന്വേഷണകമ്മിഷന്‍ ജസ്റ്റിസ് ജി.ശിവരാജന്‍ മുന്‍പാകെ മൊഴി നല്‍കി. 2012 ജൂണ്‍ മാസത്തില്‍ തന്റെ ഓഫിസില്‍ വന്ന് സരിതയും മറ്റ് രണ്ടുപേരുംകൂടി കാണുകയായിരുന്നു. അന്ന് ലക്ഷ്മി നായര്‍ എന്നാണ് പരിചയപ്പെടുത്തിയത്. കടുത്തുരുത്തിയില്‍ സോളാര്‍ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കാനാണ് വന്നത്. അസൗകര്യം അറിയിച്ചപ്പോള്‍ ടീം സോളാറിനെപറ്റി വിശദീകരിക്കുകയും കമ്പനിയുടെ ബിസിനസ് പ്രമോഷനുവേണ്ടി സംസ്ഥാനത്തെ എല്ലാജില്ലകളിലെയും പട്ടികവര്‍ഗ കോളനികളില്‍ സൗജന്യമായി സോളാര്‍ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനമാണെന്നും പറഞ്ഞു. ഒരു നല്ല കാര്യമല്ലേ എന്ന് കരുതിയാണ് താന്‍ ഉദ്ഘാടനത്തിന് പോയതെന്നും കെ.സി ജോസഫ് പറഞ്ഞു. തനിക്കൊപ്പം കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫും പരിപാടിയില്‍ പങ്കെടുത്തിരുന്നു. തന്റെ മണ്ഡലമായ ഇരിക്കൂറിലെ ആദിവാസി കേന്ദ്രത്തില്‍ സോളാര്‍ വൈദ്യുതി വിതരണം ചെയ്യാന്‍ കഴിയുമോ എന്ന് ഉദ്ഘാടനത്തിന് ശേഷം ആരാഞ്ഞിരുന്നു. ഇതിന് സരിത അനുകൂലമായാണ് പ്രതികരിച്ചതെന്നും കെ.സി ജോസഫ് കമ്മിഷനില്‍ മൊഴി നല്‍കി. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് ഒരു പ്രവര്‍ത്തനവും നടന്നില്ലെന്നും കെ.സി ജോസഫ് പറഞ്ഞു.
ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ദേശിയ വികസന കൗണ്‍സില്‍ യോഗത്തില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം പങ്കെടുത്തിരുന്നു. എന്നാല്‍ അവിടെവെച്ച് സരിതയെ കണ്ടിട്ടില്ല. വിമാനയാത്രയ്ക്ക് സമയമായതിനാല്‍ യോഗം കഴിയുന്നതിനുമുന്‍പ് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെപോലും കാണാന്‍ കൂട്ടാക്കാതെ എയര്‍പോര്‍ട്ടിലേക്ക് തിരിക്കുകയായിരുന്നു.
നിയമസഭയില്‍ ഉമ്മന്‍ചാണ്ടി വിജ്ഞാന്‍ ഭവനിലെ യോഗത്തിന്റെ തിയതി തെറ്റായി പറഞ്ഞത് അറിയുമോ എന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടി തീയതി പിന്നീട് തിരുത്തിയിട്ടുണ്ടെന്നും ഇത് മനഃപൂര്‍വ്വമല്ലാത്ത വീഴ്ചയായിരുന്നെന്നും കെ.സി.ജോസഫ് പറഞ്ഞു.
2011ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് സി.എല്‍ ആന്റോ സമര്‍പ്പിച്ച സൗരോര്‍ജ-മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും വീതിച്ചെടുത്തുവെന്ന മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് എം.എല്‍.എ സോളാര്‍ കമ്മിഷന് നല്‍കിയ മൊഴി പൂര്‍ണമായും അവിശ്വസനീയമാണെന്ന് കെ.സി.ജോസഫ് കമ്മിഷന്‍ മുന്‍പാകെ മൊഴി നല്‍കി. സോളാര്‍ പ്രൊജക്ട് സഹകരണാടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ള നിര്‍ദേശം സി.എല്‍.ആന്റോ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശത്തിലുണ്ടായിരുന്നുവോയെന്ന് ഇപ്പോള്‍ ഓര്‍മയില്ലെന്നും കെ.സി ജോസഫ് വ്യക്തമാക്കി. 60,000 കോടിയുടെ സൗരോര്‍ജ പദ്ധതി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റെടുത്തപ്പോള്‍ ഒരു ലക്ഷം കോടിയുടെ മാലിന്യ നിര്‍മാര്‍ജന പദ്ധതി മുസ്‌ലിം ലീഗിന് വിട്ടു കൊടുക്കുകയായിരുന്നുവെന്നും ഇവിടെയാണ് സോളാര്‍ കുംഭകോണത്തിന്റെ ആരംഭമെന്നുമായിരുന്നു പി.സി ജോര്‍ജിന്റെ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."