പൗരത്വ നിയമത്തിനെതിരെ മുസ്‌ലിം ലീഗ് ശക്തമായി പോരാടും: ആബിദ് ഹുസ്സൈൻ തങ്ങൾ എം. എൽ.എ
ജിദ്ദ: കേന്ദ്ര സർക്കാർ നടപ്പാക്കാൻ തീരുമാനിച്ച പൗരത്വ ഭേദഗതി നിയമം ഭരണ ഘടന വിരുദ്ധമാണെന്നും ഇതിനെതിരെ മുസ്‌ലിം ലീഗ് അവസാനം വരെ പോരാട്ടം തുടരുമെന്നും സംസ്ഥാന സെക്രട്ടറിയും കോട്ടക്കൽ മണ്ഡലം എം. എൽ. എ യുമായ പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ പറഞ്ഞു. ഈ നിയമത്തിനെതിരെ ആദ്യമായി പ്രതിഷേധിച്ചതും ഇതിന്റെ ഭവിഷ്യത്ത് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തിയതും ഇതിനെതിരെ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്‌തതും മുസ്‌ലിം ലീഗ് ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണ ഘടന ഉറപ്പു നൽകുന്ന ന്യുനപക്ഷാവകാശങ്ങൾ അട്ടിമറിച്ചു അധിക കാലം ഭരിക്കാൻ മോഡി സർക്കാരിന് കഴിയില്ല. ഇന്ത്യയിലെ ഫാസിസ്റ്റുകളുടെ അനുഭവം ഹിറ്റ്ലർക്കും മുസ്സോളിനിക്കും സംഭവിച്ച അതെ ദുരന്തം തന്നെയായിരിക്കുമെന്നും ചരിത്രം ഉണർത്തി അദ്ദേഹം പറഞ്ഞു. രാജ്യം ഭരിക്കുന്ന ഫാസിസ്റ്റുകൾക്കെതിരെ ജാതി - മത - രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് മുഴുവൻ ജനങ്ങളും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഉംറ നിർവഹിക്കാൻ എത്തിയ എംഎൽഎ, കോട്ടക്കൽ - മങ്കട മണ്ഡലം കെഎംസിസി കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു. കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫിസ് ഹാളിൽ വെച്ച് നടന്ന സ്വീകരണ സമ്മേളനം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്‌തു. കോട്ടക്കൽ മണ്ഡലം കെഎംസിസി ചെയർമാൻ ലത്തീഫ് ചാപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. നാലു പതിറ്റാണ്ട് പ്രവാസം പൂർത്തിയാക്കിയ ചന്ദ്രിക റീഡേഴ്‌സ് ഫോറം സ്ഥാപക നേതാവും കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റുമായ കെ.എം മൂസ ഹാജിയെ ആദരിച്ചു. കോട്ടക്കൽ മണ്ഡലം കെഎംസിസി മെമെന്റോ ആബിദ് ഹുസ്സൈൻ തങ്ങൾ എം എൽ എ മൂസ ഹാജിക്ക് സമ്മാനിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വി.പി. മുസ്തഫ, ഇസ്മായിൽ മുണ്ടക്കുളം മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഗഫൂർ പട്ടിക്കാട്, ജില്ല ആക്ടിങ് സെക്രട്ടറി വി. വി. അഷ്‌റഫ്, നാസർ കാടാമ്പുഴ, ഗഫൂർ അമ്പലക്കൂത്ത്, മജീദ് കോട്ടീരി , സലാഹ് കാരാടൻ എന്നിവർ സംസാരിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പരിപാടിയിൽ മങ്കട മണ്ഡലം കെഎംസിസി പ്രസിഡന്റ് അഷ്‌റഫ് മുല്ലപ്പളളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൗരത്വ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു കൊല്ലപ്പെട്ടവർക്കു വേണ്ടി ജാഫർ ഫൈസിയുടെ നേതൃത്വത്തിൽ പരിപാടിയിൽ വെച്ച് പ്രത്യേക പ്രാർത്ഥനയും നടത്തിയിരുന്നു. കോട്ടക്കൽ മണ്ഡലം കെഎംസിസി വക ഉപഹാരം പ്രസിഡന്റ് മൂസ ഹാജി ആബിദ് ഹുസ്സൈൻ തങ്ങൾ എം എൽ എ ക്കു സമ്മാനിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ എം എൽ എ യെ ഷാൾ അണിയിച്ചു. വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ട്രഷറർ ഇബ്രാഹിം ഹാജി എം.എൽ.ക്കു കൈമാറി. സമദ് മങ്കട ഖിറാഅത് നടത്തി. മങ്കട മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി ഇ.സി. അഷ്‌റഫ് സ്വാഗതവും കോട്ടക്കൽ മണ്ഡലം കെഎംസിസി ആക്ടിങ് സെക്രട്ടറി ഹംദാൻ മണ്ടായപ്പുറം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."