മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മാതൃശിശു ആശുപത്രിയില്‍ ചികിത്സ തുടങ്ങാനായില്ല
പൊന്നാനി: ഏറെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പൊന്നാനിയിലെ മാതൃശിശു ആശുപത്രിയില്‍ ചികിത്സ തുടങ്ങാനായില്ല. ചികിത്സയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയിലെത്തുന്ന നിരവധി രോഗികളാണ് നിരാശരായി മടങ്ങുന്നത്. ചികിത്സാ സൗകര്യങ്ങള്‍ പൂര്‍ണമായി സജ്ജമാക്കാതെ തിരക്കിട്ട് ഉദ്ഘാടനം ചെയ്തതാണ് ജനങ്ങളെ ദുരിതത്തിലാക്കാന്‍ കാരണം.
ഉദ്ഘാടനം ചെയ്ത പിറ്റേദിവസം മുതല്‍ ചികിത്സ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ നിലവില്‍ നടന്നിരുന്ന ഒ.പി പരിശോധനയിലെ 10 ഡോക്ടര്‍മാരെ പകുതിയിലധികമായി കുറയ്ക്കുകയാണ് ചെയ്തത്. ഇതുമൂലം ഒ.പിയിലെത്തുന്നവരും ഏറെ നേരം കാത്തിരിക്കേണ്ടിവരികയാണ്. മൂന്ന് നിലകളിലായി 78,000 സ്‌ക്വയര്‍ ഫീറ്റിലാണ് ആശുപത്രിയുള്ളത്. ആവശ്യമായ മുഴുവന്‍ തസ്തികകളും അനുവദിച്ചിട്ടുണ്ടന്നാണ് വിശദീകരണം.
കാഷ്വാലിറ്റി, കുട്ടികളുടെ ഐ.പി, സ്ത്രീകളുടെ ഐ.പി, ലബോറട്ടറി, ഫാര്‍മസി, സ്‌കാനിങ് സെന്റര്‍, ഓപ്പറേഷന്‍ തിയേറ്റര്‍, ബ്ലഡ് സ്റ്റോറേജ് എന്നിവ സജ്ജമാണന്ന് അധികൃതര്‍ പറയുമ്പോഴും ഒന്നും പ്രവൃത്തിയില്‍ വന്നിട്ടില്ല.ആദ്യമായി പ്രസവത്തിനെത്തുന്ന യുവതിക്ക് കുഞ്ഞ് പിറന്നാല്‍ രണ്ടുപവന്റെ സ്വര്‍ണനാണയം സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.
ഇതറിഞ്ഞ് പ്രസവത്തിനെത്തിയ പുതുപൊന്നാനിയിലെ യുവതിയെ സൗകര്യങ്ങളായില്ലെന്ന് പറഞ്ഞ് താലൂക്കാശുപത്രിയിലെക്ക് മടക്കുകയായിരുന്നു. ഓപ്പറേഷന്‍ തിയേറ്റര്‍ അണുവിമുക്തമാക്കിയ ശേഷം മൂന്നാഴ്ചയ്ക്കകം പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആശുപത്രി പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകണമെങ്കില്‍ മാര്‍ച്ച് വരെ കാത്തിരിക്കണം. തിയേറ്ററിലെ സിവില്‍ വര്‍ക്കുകള്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്.
മരുന്നുകള്‍ക്ക് 10 മുതല്‍ 90 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുന്ന കാരുണ്യ ഫാര്‍മസി പ്രവര്‍ത്തനാരംഭിച്ചിട്ടുണ്ട്. ലബോറട്ടറി 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് പറയുന്നുണ്ടെങ്കിലും നിലവില്‍ 12 മണിക്കൂറാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 150 കിടക്കകളാണുള്ളത്. മുന്നൂറ് കിടക്കകള്‍ക്കുള്ള സൗകര്യമുണ്ട്.
മൂന്ന് ഐ.സി.യുകളാണുള്ളത്. ഡോര്‍മെറ്ററിയും ആശുപത്രി ജീവനക്കാര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യവുമുണ്ട്. പക്ഷെ ഇതെല്ലാം രോഗികള്‍ക്ക് കിട്ടാന്‍ മാര്‍ച്ച് വരെ കാത്തിരിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു. പിന്നെന്തിന് ജനങ്ങളെ കബളിപ്പിച്ച് ഇങ്ങനെയൊരു ഉദ്ഘാടന മാമാങ്കം നടത്തിയതെന്ന ജനങ്ങളുടെ ചോദ്യത്തിന് മാത്രം മറുപടിയില്ല. 2017 നവംബറില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഒ.പി ആരംഭിച്ചിരുന്നു. ആ സൗകര്യം മാത്രമാണ് ഇപ്പോഴുള്ളത്. അതില്‍ തന്നെ തുടക്കത്തില്‍ 10 ഡോക്ടര്‍മാരുടെ സേവനം ലഭിച്ചിരുന്നു. ഇപ്പോഴത് രണ്ടായി ചുരുങ്ങി.
ഒരേ സമയം നാല് പ്രസവങ്ങള്‍ക്കുള്ള സൗകര്യമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷേപ്രസവത്തിനുള്ള സൗകര്യങ്ങള്‍ ഇനിയും സജ്ജമാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. ഗൈനക്കോളജി വിഭാഗത്തില്‍ മാത്രം ഏഴു ഡോക്ടര്‍മാരുണ്ട്. കുട്ടികള്‍ക്കായി നാലുപേരും. പക്ഷെ നിലവില്‍ ഒരു സേവനവും ഇവിടെ ലഭിക്കാത്ത അവസ്ഥയാണ്. ആശുപത്രി പൂര്‍ണമായി സജ്ജമാകാതെ രാഷ്ട്രിയ ലക്ഷ്യം വെച്ച് തിരക്കിട്ട് ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് ആരോപണം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."