നഗരാരോഗ്യ കേന്ദ്രം തുറക്കാത്തതിനെതിരേ പ്രക്ഷോഭം
തലശ്ശേരി: കൊളശ്ശേരി നഗരാരോഗ്യ കേന്ദ്രം തുറക്കാത്തിനെതിരേ മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. കെട്ടിടോദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും തുറക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം. 2017 ഡിസംബര്‍ 12നാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ കൊളശ്ശേരി നഗരാരോഗ്യ കേന്ദ്രം ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. കെട്ടിടത്തിന്റെ പ്രവൃത്തികള്‍ പൂര്‍ണമായും കഴിഞ്ഞിട്ടും ഭരണാധികാരുടെ അലംഭാവം കാരണം നീളുകയാണെന്നാണ് ആക്ഷേപം. ഒരു വര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വികസന സമിതി അംഗങ്ങളുടെ യോഗം വിളിക്കുമെന്ന് വികസന സമിതി ചെയര്‍മാന്‍ അറിയിച്ചെങ്കിലും ഇതുവരെ നടപ്പായില്ല.
താല്‍ക്കാലികമായി വയോജന കേന്ദ്രത്തില്‍ ഇടുങ്ങിയ ചെറിയ രണ്ടു മുറികളിലാണ് നഗരാരോഗ്യ കേന്ദ്രം നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 32 ഓളം വാര്‍ഡുകളില്‍ നിന്നായി നിരവധി രോഗികളാണ് ഇവിടെയെത്തുന്നത്.
എല്ലാ സജ്ജീകരണങ്ങളോടു കൂടിയും നിര്‍മിച്ച കെട്ടിടം വര്‍ഷം ഒന്നും കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകാത്ത അവസ്ഥയാണ്. നിലവില്‍ പുതിയ കെട്ടിടം വൃത്തിയാക്കാതെ മലിനപ്പെട്ടു കിടക്കുകയാണ്. മരുന്നുകളും ക്ലിനിക്ക് ഉപകരണങ്ങളും അലക്ഷ്യമായി വലിച്ചിട്ട നിലയിലാണ്. ആശുപത്രിയുടെ പരിസരവും വൃത്തിഹീനമായ നിലയിലാണ്. ലക്ഷങ്ങള്‍ മുടക്കി പണിത കെട്ടിടം നശിക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. നഗരാരോഗ്യ കേന്ദ്രം തുറക്കാത്ത പശ്ചാത്തലത്തില്‍ ശക്തമായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് നഗരസഭാ സെക്രട്ടറി തഫ്‌ലീം മാണിയാട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."