HOME
DETAILS

ആര്‍.എസ്.എസ് ഭരണവും ഹിംസയുടെ രാഷ്ട്രീയവും

  
backup
January 07 2020 | 03:01 AM

artcle-by-kasim-irikkoor-todays-article

9847388718

60 ലക്ഷം ജൂതന്മാരെ കൊന്നൊടുക്കാന്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്കും നാസികള്‍ക്കും സാഹചര്യങ്ങള്‍ എങ്ങനെ ഒത്തുകിട്ടി എന്ന് വിവരിക്കുന്നിടത്ത്, 'ഹോളോകാസ്റ്റി'ന്റെ കഥ പറഞ്ഞ ലോറന്‍സ് റീസ്, ദുരന്തപരമ്പരയുടെ തുടക്കം വിവരിക്കുന്നതിങ്ങനെ; മരിനസ് എന്ന ഡച്ച് കമ്യുണിസ്റ്റുകാരന്‍ 1933 ഫെബ്രുവരി 27ന് ജര്‍മന്‍ പാര്‍ലമെന്റിന് തീവെച്ചു. അതുവഴി കടന്നുപോയ സമയത്ത് കത്തിയെരിയുന്ന കെട്ടിടം കണ്ട് ഹിറ്റ്‌ലര്‍ ക്ഷുഭിതനായി. 'ഇതാണ് നടപടിയെടുക്കാനുള്ള സമയം' പ്രചാരണമന്ത്രി ജോസഫ് ഗീബല്‍സ് ഡയറിയില്‍ കുറിച്ചിട്ടു. അക്രമിയെ മണിക്കൂറുകള്‍ കൊണ്ട് കണ്ടുപിടിച്ചെത്ര. 'നമുക്കെന്താണോ വേണ്ടത് അത് തന്നെ. ഒരു ഡച്ച്കമ്യൂണിസ്റ്റ്'. സംഭവം നടക്കുന്നത് പൊതുതെരഞ്ഞെടുപ്പിന്റെ ഒരാഴ്ച മുമ്പായിരുന്നു. നാസി ഗൂഢാലോചനയാണ് പാര്‍ലമെന്റ് മന്ദിരത്തിലെ അഗ്നിബാധക്ക് കാരണമെന്ന വര്‍ത്തമാനം പ്രചരിക്കുന്നതിനിടയില്‍ എല്ലാം മൂടിവെക്കാന്‍ കമ്യുണിസ്റ്റുകാരന്റെ അറസ്റ്റ് ധാരാളം. അധികാരം ഉറപ്പിക്കാനുള്ള സുവര്‍ണാവസരമാണിതെന്ന് ഹിറ്റ്‌ലരും കൂട്ടരും തീരുമാനിച്ചു. ഒത്തുകൂടാനുള്ള ജനത്തിന്റെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ടുകൊണ്ട് ജര്‍മന്‍ രാജാവ് ഹിന്റണ്‍ബെര്‍ഗ് പുതിയ നിയമത്തില്‍ ഒപ്പിട്ടു. മനുഷ്യാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങ്.

കമ്യുണിസ്റ്റുകാരെ തെരഞ്ഞുപിടിച്ച് എവിടെയും തുറുങ്കിലടക്കാം. രാഷ്ട്രീയ ശത്രുക്കളെ വകവരുത്താന്‍ സ്റ്റോംട്രൂപ്പേഴ്‌സിനെ തുറന്നുവിട്ടു. ഹിറ്റ്‌ലര്‍ ചാന്‍സലറായി അധികാരമേറ്റത് മുതല്‍ വിപ്ലവം കാത്തിരുന്നവരെ പുതിയ സംഭവവികാസങ്ങള്‍ ആവേശം കൊള്ളിച്ചു. 'ജൂതന്മാരെ നാട് കടത്തൂ, ദേശദ്രോഹികളെ കൊന്നൊടുക്കൂ' ഇത്യാദി മുദ്രാവാക്യങ്ങള്‍ രാവിന്റെ നിശബ്ദത ഭേദിച്ച് പട്ടണങ്ങളിലും ഗ്രാമങ്ങളിലും മുഴങ്ങിക്കേട്ടു.യഹൂദക്കുട്ടികളെ കാണുമ്പോള്‍ ഫലസ്തീനിലേക്ക് ടിക്കറ്റെടുത്തോ എന്ന് സഹപാഠികള്‍ ചോദിച്ചു. കമ്യൂണിസ്റ്റുകാരെയും യഹൂദരെയും കാണുമ്പോള്‍ പൊലിസുകാര്‍ പുച്ഛത്തോടെ പെരുമാറി. അവരില്‍ ഭീതിയും സംശയങ്ങളും പടര്‍ത്തി'.


ജനാധിപത്യമതേതര ഇന്ത്യയില്‍ ഈ ചരിത്രം ആവര്‍ത്തിക്കില്ലെന്ന് ആര്‍ക്കും ഉറപ്പുനല്‍കാന്‍ കഴിയാത്ത കെട്ടകാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. 1930കളില്‍ ജര്‍മനിയില്‍ സംഭവിച്ചതിന്റെ ആവര്‍ത്തനമാണെത്ര ഇവിടെയിപ്പോള്‍ അരങ്ങേറുന്നത്. സ്റ്റോംട്രുപ്പേഴ്‌സിന്റെ റോളിലാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലിസെന്ന് യു.പിയിലെയും കര്‍ണാടകയിലെയും മനുഷ്യക്കശാപ്പ് തെളിയിച്ചു.


ജനാധിപത്യബോധം തൊട്ടുതീണ്ടാത്ത അപരിഷ്‌കൃതരും കാടന്മാരുമാണ് തങ്ങളെന്ന് തെളിയിച്ചുകൊണ്ടിരിക്കയാണ് ആര്‍.എസ്.എസിന്റെ അരുമശിഷ്യന്മാര്‍. ഞായറാഴ്ച രാത്രി ജെ.എന്‍.യുവില്‍ കണ്ടത് അതാണ്. രാജ്യതലസ്ഥാനത്തെ വിഖ്യാതമായ ഒരു സര്‍വകലാശാല കാംപസില്‍ മുഖമൂടിയണിഞ്ഞ് വാതില്‍ തകര്‍ത്ത് കയറിയ ആര്‍.എസ്.എസ്, എ.ബി.വി.പി ഗുണ്ടകള്‍ വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ ഐഷ ഘോഷിനെയടക്കം തല്ലിക്കൊല്ലാന്‍ ശ്രമിച്ചു. ആര്‍.എസ്.എസ് തുടക്കംതൊട്ട് നെഞ്ചേറ്റി നടക്കുന്ന ഹിംസ വര്‍ത്തമാന ഇന്ത്യയുടെ രാഷ്ട്രീയത്തെ രക്തപങ്കിലമാക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്തുടനീളം സര്‍ക്കാര്‍ മുസ്‌ലിംകളോട് പെരുമാറിയത്, ജര്‍മനിയില്‍ യഹൂദരോടെന്ന പോലെയാണ്.


വൈകിയാണെങ്കിലും യു.പിയില്‍നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ചോര മരവിപ്പിക്കുന്നതാണ്. 2014ല്‍ അധികാരത്തിലേറിയ നരേന്ദ്രമോദി തന്റെ അധീശത്വം എന്നെന്നേക്കുമായി ഉറപ്പിക്കാന്‍ ഓരോ അവസരവും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴാണ് 'വിഭജനം ബാക്കിവെച്ച' ചില ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പൗരത്വവുമായി ബന്ധപ്പെട്ട നിയമനിര്‍മാണങ്ങളിലേക്ക് കടന്നത്. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും ദേശീയ ജനസംഖ്യ രജിസ്റ്ററുമൊക്കെ ഇതിന്റെ ഭാഗമാണ്.


ഇത്തരം നീക്കങ്ങള്‍ ഹിന്ദുക്കളെ കൂടുതല്‍ ഒന്നിപ്പിക്കുമെന്നും ഏകോപിതമായ വോട്ട്ബാങ്ക് ശാശ്വതമായി ഹിന്ദുത്വയെ അധികാരത്തില്‍ നിലനിറുത്തുമെന്നും ആര്‍.എസ്.എസ് എന്നോ കണക്കുകൂട്ടി. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപൗരത്വ പട്ടിക രാജ്യത്താകമാനം നടപ്പാക്കാനും 'മ്ലേച്ഛന്മാരെ'അതുവഴി പുറത്താക്കാനും പദ്ധതി ആസൂത്രണം ചെയ്തത്. എന്നാല്‍, ഭൂരിപക്ഷസമൂഹത്തില്‍നിന്ന് പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ല എന്ന് മാത്രമല്ല, ഒരുപതിറ്റാണ്ടായി മന്ദീഭവിച്ചുകിടന്ന മതേതര സംസ്‌കൃതി ഉയര്‍ത്തെഴുന്നേറ്റുവന്നത് വര്‍ഗീയരാഷ്ട്രീയത്തിന് കനത്ത ആഘാതമായി. പൗരത്വബില്ലിനെതിരേ ആദ്യം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന പ്രക്ഷോഭം ജാമിഅ മില്ലിയ്യയിലെയും അലീഗര്‍ യൂനിവേഴ്‌സിറ്റിയിലെയും യുവത ഏറ്റെടുത്തതോടെ ഹിന്ദി ബെല്‍റ്റില്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. അതോടെയാണ് യോഗിആദിത്യനാഥ് സര്‍ക്കാറിന്റെ യഥാര്‍ഥമുഖം ലോകത്തിനു മുന്നില്‍ അനാവൃതമായത്.


ഒരു ഹിന്ദുരാഷ്ട്രത്തില്‍ ന്യൂനപക്ഷത്തിന്റെ, മുസ്‌ലിമിന്റെ അവസ്ഥ എന്തായിയിരിക്കുമെന്ന് അടയാളപ്പെടുത്തുന്നതായിരുന്നു ഡിസംബര്‍ 20നു ശേഷം അവിടെ നടമാടിയ ക്രൂരതകളും അതിക്രമങ്ങളും. ഗുജറാത്തിനു ശേഷം ഉത്തര്‍പ്രദേശും മുസ്‌ലിംകള്‍ക്ക് അന്യമാകുന്ന ഭീതിദമായൊരവസ്ഥ. നാല് കോടിയോളം മുസ്‌ലിംകള്‍ അധിവസിക്കുന്ന യു.പിയില്‍ സഊദി അറേബ്യയിലെ മൊത്തം ജനസംഖ്യയെക്കാള്‍ വരും ന്യൂനപക്ഷത്തിന്റെ അംഗബലം. പക്ഷേ, ജനാധിപത്യ മാര്‍ഗത്തില്‍ പ്രക്ഷോഭത്തിനിറങ്ങിയവരെ അധികാരമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ തുനിഞ്ഞപ്പോള്‍ അതുവരെ ഹിന്ദുത്വവാദികള്‍ക്ക് ഓശാന പാടിയ മുഖ്യധാര മാധ്യമങ്ങള്‍ക്ക്‌പോലും മൗനം ഭഞ്ജിക്കേണ്ടിവന്നു. ഇപ്പോള്‍ സംഘര്‍ഷഭരിത മേഖലകളില്‍നിന്ന് മെല്ലെമെല്ലെപുറത്തുവരുന്ന സത്യസന്ധമായ വാര്‍ത്തകള്‍, ആര്‍.എസ്.എസിന്റെ ഭരണം എന്തുമാത്രം ജനായത്ത വിരുദ്ധവും മുസ്‌ലിംവിദ്വേഷത്തില്‍ അധിഷ്ഠിതവുമാണെന്ന് വിളിച്ചുപറയുന്നു.


വിഭജന കാലഘട്ടത്തില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത ക്രൂരതകളാണ് മുസ്‌ലിംകളുടെമേല്‍ അടിച്ചേല്‍പിച്ചത്. മുസഫര്‍നഗര്‍, കാണ്‍പൂര്‍, മീറത്ത്, രാംപൂര്‍ , അലീഗര്‍ തുടങ്ങി മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന മേഖലകളില്‍ തോക്കും ടിയര്‍ഗ്യാസും ലാത്തിയും ഉപയോഗിച്ച് പൊലിസും ആര്‍.എസ്.എസുകാരും ഒരുമിച്ച് ഇറങ്ങിയപ്പോള്‍ 20പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, ഒരു പരിഷ്‌കൃതസമൂഹത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കൈരാതങ്ങളാണ് ഭരണകൂടം പുറത്തെടുത്തത്.

ഗോള്‍വാള്‍ക്കറുടെ സിദ്ധാന്തം നടപ്പാക്കുമ്പോള്‍
ഹിന്ദുദൈവങ്ങളെയും ആചാരങ്ങളെയും സ്വാംശീകരിക്കാന്‍ തയാറല്ലാത്ത മുസ്‌ലിംകള്‍ രണ്ടാംകിട പൗരന്മാരായിരിക്കുമെന്നും അവര്‍ക്ക് വേണമെങ്കില്‍ ഭൂരിപക്ഷത്തിന്റെ ഔദാര്യത്തില്‍ പ്രത്യേക അവകാശങ്ങളോ, എന്തിനുപൗരത്വം പോലുമില്ലാതെ ജീവിച്ചുകൊള്ളാമെന്ന് എഴുതിവെച്ച എം.എസ് ഗോള്‍വാള്‍ക്കറുടെ അധ്യാപനങ്ങളാണ് മോദിയും അമിത് ഷായും ആദിത്യനാഥും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ആര്‍.എസ്.എസ് പദ്ധതിക്കനുസരിച്ച് പൊലിസിനെയും പട്ടാളത്തെയും മാറ്റിയെടുക്കാനുള്ള ആസൂത്രിത നീക്കം വിജയിച്ചുവെന്ന് വിധി എഴുതുന്നിടത്ത് കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്. മീറത്ത് പണ്ടേ വര്‍ഗീയവത്കരിക്കപ്പെട്ട പൊലിസിന്റെ താവളമാണ്. മുപ്പതിലേറെ മുസ്‌ലിം ഹതാശയരെ പൊലിസ് വാനില്‍ ഒരു കനാലിന്റെ തീരത്ത് കൊണ്ടുപോയി ഇരുട്ടിന്റെ മറവില്‍ വെടിവെച്ച്‌കൊന്ന് വെള്ളത്തില്‍ തള്ളിയിട്ട മീറത്ത് കലാപത്തിന്റെ ഇരുളുറഞ്ഞ അധ്യായം മനുഷ്യത്വമുള്ളവര്‍ മറന്നുകാണില്ല.


പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടപ്പോള്‍ ഹിന്ദുത്വഗുണ്ടകള്‍ക്കൊപ്പമാണ് ഇവിടെ പൊലിസ് നരനായാട്ടിന് ഇറങ്ങിയത്. സംഘര്‍ഷമുറ്റിനില്‍ക്കുന്ന ഒരുഘട്ടത്തില്‍ ജില്ല പൊലിസ് സൂപ്രണ്ട് അഖിലേഷ് എന്‍. സിങ് പ്രക്ഷോഭകരോട് 'പാകിസ്താനിലേക്ക് പോകടാ' എന്ന് വിളിച്ചുപറഞ്ഞത് വിഡിയോവില്‍ പകര്‍ത്തിയത് കൊണ്ട്, പ്രതിരോധത്തിലായിരിക്കയാണ്. ചിലര്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടിവന്നത് എന്നാണ് ഈ വര്‍ഗീയവാദി ന്യായീകരിക്കുന്നത്. 19പേര്‍ വെടിയേറ്റ് മരിച്ചിട്ടും പൊലിസ് ആര്‍ക്കുനേരെയും വെടിയുതിര്‍ത്തിട്ടില്ലെന്നും പുറമെനിന്ന് വന്നവരാണ് മരണങ്ങള്‍ക്ക് ഉത്തരവാദിയെന്നും പച്ചക്കള്ളം നിരത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് യോഗിഭരണകൂടം. 1250ഓളം പേരെ അറസ്റ്റ് ചെയ്തു. 5600ഓളം പേരെ കരുതല്‍ തടങ്കലില്‍ വെച്ചു. 380ഓളം കേസുകള്‍ പ്രക്ഷോഭകര്‍ക്ക് എതിരേ ഫയല്‍ ചെയ്തു. തീര്‍ന്നില്ല, പൊതുമുതല്‍ നശിപ്പിച്ചുവെന്ന് നിരവധി കേസുകള്‍ കെട്ടിച്ചമച്ച് മുസ്‌ലിംകളില്‍നിന്ന് കോടികള്‍ പിഴിയാന്‍ പോവുകയാണ്. അതിനിടയില്‍, യഥാര്‍ഥ കുറ്റവാളികള്‍ക്കെതിരേ ചെറുവിരല്‍ അനക്കാന്‍ ഭരണകൂടം തയാറായിട്ടില്ല. മുസഫര്‍നഗറില്‍ വര്‍ഗീയ പൊട്ടിത്തെറിക്ക് നേതൃത്വം കൊടുത്തത് സ്ഥലം എം.പിയും 2013ലെ കലാപത്തിന് തിരികൊളുത്തിയ ബി.ജെ.പി നേതാവുമായ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍ എന്ന കുപ്രസിദ്ധനാണ്. ഡിസംബര്‍ 20ന് ഈ വിവാദകഥാപാത്രം മുസഫര്‍നഗറില്‍ എത്തിയതിനുശേഷമാണ് പൊലിസ് മുസ്‌ലിം പ്രക്ഷോഭകര്‍ക്ക്‌നേരെ തിരിഞ്ഞതും ഒട്ടേറെ അനര്‍ഥങ്ങള്‍ക്ക് വഴിവെച്ചതും.


ചരിത്രത്തിലാദ്യമായി സ്ത്രീപുരുഷ ഭേദമന്യെ ആബാലവൃദ്ധം കേന്ദ്രസര്‍ക്കാരിന് എതിരേ സമരമുഖം ജ്വലിപ്പിച്ചതാണ് ഹിന്ദുത്വവാദികളെ രോഷാകുലരാക്കിയത്. ഭാവിയെ കുറിച്ച് കടുത്ത ഉത്ക്കണ്ഠ വെച്ചുപുറത്തുന്ന പുതിയ തലമുറ, വിശിഷ്യാ സര്‍വകലാശാല വിദ്യാര്‍ഥികള്‍ പടക്കളത്തിലിറങ്ങുകയും രാജ്യമാകെ അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതും ആര്‍.എസ്.എസിനെ ഞെട്ടിച്ചു. അതുകൊണ്ടാണ് പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രങ്ങളായ ജാമിഅ മില്ലിയ്യയിലും അലീഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലും പൊലിസ് നിഷ്ഠൂരതകള്‍ പുറത്തെടുത്തത്.

ഹിംസയുടെ ഉപാസകര്‍
വിശ്വപ്രശസ്ത ശാസ്ത്ര സംഘടനയായ റോയല്‍ സൊസൈറ്റിയിലെ ശാസ്ത്രജ്ഞന്മാര്‍ തൊട്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദഗ്ധര്‍ വരെ പൗരത്വനിയമ ഭേദഗതിയോടും സര്‍ക്കാര്‍ പ്രക്ഷോഭം നേരിട്ട രീതിയോടും കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കാനും പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും മുന്നോട്ടുവന്നു. ജനായത്ത മതേതര മൂല്യങ്ങള്‍ വിജയിക്കാന്‍ പോവുകയാണെന്ന് കണ്ടതോടെയാണ്, ഉരുക്കുമുഷ്ടി കാട്ടി, ഹിന്ദുത്വയുടെ ഹിംസാത്മക മുഖം അനാവൃതമാക്കിയത്. ഹിന്ദുത്വയുടെ തട്ടകവും മോദിയുടെ മണ്ഡലമായ വാരാണസിയില്‍ ഐ.ഐ.ടിയിലെ പ്രഫസര്‍മാരും ബനാറസ് ഹിന്ദുയൂനിവേഴ്‌സിറ്റിയിലെ അധ്യാപകരും പൗരത്വനിയമത്തിന് എതിരേ പ്ലക്കാര്‍ഡുമായി തെരുവിലിറങ്ങിയ കാഴ്ചകണ്ടിട്ടും, വിവേകപൂര്‍വം വിഷയം കൈകാര്യം ചെയ്യുന്നതിനുപകരം, ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ഭാഷയും ശൈലിയുമാണ് നാഗ്പ്പൂരിലെ ഗുരുക്കന്മാര്‍ തങ്ങള്‍പഠിപ്പിച്ചതെന്ന് സമര്‍ഥിക്കുന്ന തരത്തിലാണ് ഭരണകൂടം പെരുമാറിയത്.


മുസ്‌ലിംകള്‍ക്ക് വേണ്ടി ആരും വാദിക്കാനോ ചോദിക്കാനോ പാടില്ല എന്ന ദുശ്ശാഠ്യമാണ് പ്രക്ഷോഭത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ യോഗി ആദിത്യനാഥ് എന്ന മതഭ്രാന്തന് പ്രചോദനമായത്. പൊലിസിന്റെ വെടിയേറ്റ് ഓരോ ദിവസവും നിരപരാധികളും നിസ്സഹായരുമായ ചെറുപ്പക്കാര്‍ തെരുവില്‍ മരിച്ചുവീഴുമ്പോഴും അത് കണ്ടാസ്വദിക്കുന്ന തരത്തിലാണ് ആ പൂജാരി പ്രതികരിച്ചതെന്നറിയുമ്പോള്‍ ആരാണ് ഞെട്ടാത്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്ററില്‍ പ്രക്ഷോഭം അടിച്ചമര്‍ത്തിയതിനെ കുറിച്ചാണ് അഭിമാനം കൊള്ളുന്നത്."Every rioter is shocked. Every demontsrator is stunned.Everyone has been silenced after seeing Yogi Addtiyanath government's strict ac-tions'' യോഗിയുടെ കര്‍ക്കശനടപടിയുടെ ഫലമായി പ്രക്ഷോഭം നിലച്ചെന്നും കലാപകാരികള്‍ ഞെട്ടിത്തരിച്ചെന്നും സ്വയം വീമ്പിളക്കുകയാണ്.


യോഗി ആദിത്യനാഥിന്റെ യു.പി എന്ന ഹിന്ദുത്വരാഷ്ട്രം ആധുനികലോകത്തിനുതന്നെ നാണക്കേടാണെന്നും നരനായാട്ടിന്റെ രാഷ്ട്രീയ സംസ്‌കൃതി ഇവിടെ പഠിച്ചത് ആര്‍.എസ്.എസിന്റെ ഗുരുമുഖത്തുനിന്നാണെന്നും ലോകത്തിന് ബോധ്യപ്പെട്ടുകഴിഞ്ഞു. ഹിംസ വെടിയാന്‍ ഉപദേശിച്ചതാണ് ഗാന്ധിജിയെ കൊല്ലാന്‍ തന്നെപ്രേരിപ്പിച്ചതെന്ന് നാഥൂറാം ഗോഡ്‌സെ കോടതിയില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഹിംസയാണ് ഹിന്ദുത്വയുടെ അടിത്തറയെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago