ശബരിമല യുവതീ പ്രവേശനം: ജില്ലയിലും പ്രതിഷേധം; ബസിന് നേരെ കല്ലേറ്
കണ്ണൂര്‍: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ കണ്ണൂരും വ്യാപക പ്രതിഷേധം. കണ്ണൂര്‍ പുതിയ ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട കെ.എസ്.ആര്.ടി.സി ബസിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു.
ഇന്നലെ വൈകിട്ട് 4.30ഓടെ ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം ബസിനു നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ബസിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. പൊലിസ് സ്ഥലത്തെത്തുമ്പേഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു.
ശബരിമയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ ബി.ജെ.പി, യുവമോര്‍ച്ചാ, ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. താളിക്കാവില്‍ നിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി കാല്‍ടെക്സിനു സമീപം സമാപിച്ചു. തുടര്‍ന്നു പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. ശബരിമല കര്‍മസമിതി നേതാവ് കെ.ജി. ബാബു ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.സി രതീഷ്, ജസിന്, എസ്. വിജയ് സംസാരിച്ചു. ഉപരോധം കാരണം അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു 3.30ഓടെ ഒരുസംഘം ആളുകള്‍ പള്ളിക്കുന്ന് കൃഷ്ണമേനോന് വനിതാ കോളജിനു മുന്നിലെ റോഡില്‍ ടയര്‍ കൂട്ടിയിട്ട് തീയിട്ടു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു.
തുടര്‍ന്നു പൊലിസെത്തി കത്തുന്ന ടയറുകള്‍ റോഡിന്റെ ഇരുവശങ്ങളിലേക്കു മാറ്റി. അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു. താഴെചൊവ്വ ദേശീയപാതയില്‍ ഒരുസംഘം പ്രവര്‍ത്തകര്‍ റോഡില്‍ ടയര്‍ കൂട്ടിയിട്ടു തീയിട്ടു.
കണ്ണൂരില്‍ നിന്ന് അഗ്നിശമന സേനയെത്തിയാണു തീയണച്ചത്. ഇതുവഴിയുള്ള ഗതാഗതം ഏറെനേരം നിലച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."