മോട്ടോര്‍ വാഹന പണിമുടക്ക് 21ന്
ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്
തിരുവനന്തപുരം: പത്തുവര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിച്ച ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കോടതിവിധിയെത്തുടര്‍ന്ന് ഗതാഗത മേഖലയിലുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ബസ്, ലോറി ഉടമകളുടെ യോഗത്തില്‍ മന്ത്രി എ.കെ ശശീന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ട്രൈബ്യൂണല്‍ വിധിക്കെതിരേ കെ.എസ്.ആര്‍.ടി.സി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിലെ വിധി പ്രതികൂലമാണെങ്കില്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. ട്രൈബ്യൂണലിന്റെ വിധി അതേപടി നടപ്പാക്കിയാല്‍ സംസ്ഥാനത്തെ ഗതാഗത മേഖല രൂക്ഷമായ പ്രതിസന്ധിയിലാകുമെന്നും വാഹന ഉടമകളുടേതുപോലെ സംസ്ഥാനത്തെ പതിനായിരക്കണക്കിന് യാത്രക്കാരെയും ബാധിക്കുന്ന വിഷയമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വാഹന സംയുക്ത സമിതി ഈമാസം 21നു സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ നടക്കുന്ന പണിമുടക്കില്‍ സ്വകാര്യബസുകളും ടാക്‌സി സര്‍വിസുകളും ലോറികളും ഇതര സ്വകാര്യവാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കും.സമരത്തിന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടേ ഹരിത ട്രൈബ്യൂണല്‍ വിധിയെ മറികടക്കാന്‍ സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യാമെന്ന് മന്ത്രി അറിയിച്ച സാഹചര്യത്തില്‍ ഈമാസം 12നു നടത്താന്‍ നിശ്ചയിച്ചിരുന്ന അന്തര്‍ സംസ്ഥാന ലോറി സമരം പിന്‍വലിക്കുന്ന കാര്യം ഇന്ന് തീരുമാനിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി. എന്നാല്‍ ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെയും ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഈമാസം 15നു നടത്തുന്ന സൂചനാപണിമുടക്കില്‍ മാറ്റമുണ്ടാകില്ല. ഈ സമരം ഹരിത ട്രൈബ്യൂണലിന് എതിരാണെന്നും സര്‍ക്കാരിന് എതിരല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."