ജെ.എന്‍.യുവിലെ ആക്രമണം ആസൂത്രിതം
കഴിഞ്ഞ ഞായറാഴ്ച രാത്രി സംഘ്പരിവാര്‍ അക്രമികള്‍ ജെ.എന്‍.യു കാംപസില്‍ മാരകായുധങ്ങളും വടിവാളുകളുമായി അതിക്രമിച്ചുകയറി വിദ്യാര്‍ഥികളെയും അധ്യാപകരെയും ക്രൂരമായി മര്‍ദിച്ചത് ആസൂത്രിതമായ പദ്ധതിയുടെ ഭാഗമായിരുന്നു. അതിന്റെ തെളിവുകള്‍ ഇപ്പോള്‍ ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അക്രമികള്‍ക്ക് വഴിപറഞ്ഞുകൊടുക്കുന്നതും പ്രധാന ഗെയ്റ്റിലും സബര്‍മതി കേന്ദ്രത്തിലും അക്രമം നടത്തേണ്ടതിനെ സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം നല്‍കുന്നതുമായ വാട്‌സാപ്പ് സന്ദേശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ശനിയാഴ്ച വൈകിട്ടാണ് ആദ്യത്തെ ആക്രമണം ഉണ്ടായത്. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ എ.ബി.വി.പി അക്രമം അഴിച്ച്‌വിടുകയായിരുന്നു. ഇതിനെതിരേ അധ്യാപക അസോസിയേഷന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പുറത്ത്‌നിന്നുള്ള അമ്പതിലധികംവരുന്ന എ.ബി.വി.പിക്കാര്‍ മുഖംമൂടിയണിഞ്ഞ് അധ്യാപകരെയും വിദ്യാര്‍ഥികളെയും ഇരുമ്പ് വടികൊണ്ടും വടിവാള്‍കൊണ്ടും ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷഘോഷ്, പ്രൊഫസര്‍ സുചരിതസെന്‍ അടക്കമുള്ള അധ്യാപകരും ഇരുപതിലധികം വിദ്യാര്‍ഥികളും എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ അമിത്ഷാ ഉത്തരവിട്ടിരിക്കുന്നത് വെറും പൊറാട്ട് നാടകമാണ്. അധികൃതരുടെ അറിവോടെ വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ എ.ബി.വി.പി പ്രവര്‍ത്തകരെ കാംപസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ഇതിനകംതന്നെ ആരോപിച്ചുകഴിഞ്ഞു. അക്രമികള്‍ ഹോസ്റ്റലുകളുടെ പൈപ്പുകളിലൂടെ പിടിച്ച്കയറുന്ന ദൃശ്യങ്ങളില്‍ നിന്ന്തന്നെ പരിചയ സമ്പന്നരായ ക്രിമിനലുകളാണ് ജെ.എന്‍.യുവില്‍ നരനായാട്ട് നടത്തിയതെന്ന് വ്യക്തമാണ്.
ഹോസ്റ്റല്‍ മാന്വല്‍, ഫീസ് വര്‍ധന, വസ്ത്രധാരണാ നിയമം, വിദ്യാര്‍ഥികള്‍ക്കുള്ള സമയപരിധി നിശ്ചയിക്കല്‍ എന്നിവയ്‌ക്കെതിരേ കഴിഞ്ഞ മൂന്ന് മാസമായി ജെ.എന്‍.യു വിദ്യാര്‍ഥികള്‍ സമരത്തിലാണ്. സമരം പൊളിക്കുവാന്‍ സംഘ്പരിവാറും എ.ബി.വി.പിയും ആവുന്നത്ര ശ്രമിച്ചിട്ടും വിജയിച്ചിട്ടില്ല. പലതവണ വിദ്യാര്‍ഥികള്‍ക്ക്‌നേരെ സംഘ്പരിവാറില്‍നിന്ന് അക്രമം ഉണ്ടായി ഈ മൂന്ന് മാസത്തിനിടയില്‍. എന്നിട്ടും അവര്‍ പിന്മാറാതെ സമരത്തില്‍ ഉറച്ച്‌നില്‍ക്കുന്നത് ബി.ജെ.പി സര്‍ക്കാറിനെ ഇപ്പോള്‍ അങ്കലാപ്പിലാക്കിയിരിക്കുകയാണ് എന്നതിന്റെ തെളിവാണ് ഞായറാഴ്ച രാത്രിയിലെ നരനായാട്ട്.
ജെ.എന്‍.യു വിദ്യാര്‍ഥികള്‍ അവരുടെ മൗലികാവകാശത്തിന് വേണ്ടി നടത്തുന്ന സമരം ഇപ്പോള്‍ രാജ്യത്താകെ പടര്‍ന്ന്പിടിച്ച പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിന് പ്രചോദനം പകര്‍ന്നു എന്നതും ബി.ജെ.പി സര്‍ക്കാറിനെ അലോസരപ്പെടുത്തുന്നുണ്ട്. ജനാധിപത്യ സംസ്‌കാരത്തെ ചവിട്ടിയരക്കുംവിധമാണ് സമരം ചെയ്യുന്ന വിദ്യാര്‍ഥികളെയും പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്യുന്ന പൊതുസമൂഹത്തെയും സംഘ്പരിവാര്‍ സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
ജെ.എന്‍.യു, ജാമിഅ മില്ലിയ്യ എന്നിവ അടച്ചുപൂട്ടുക എന്നതാണ് ബി.ജെ.പി സര്‍ക്കാറിന്റെ അത്യന്തിക ലക്ഷ്യം. നുണകളില്‍ അഭിരമിക്കുകയും നുണകളില്‍ കല്‍പിതകഥകള്‍ ചമയ്ക്കുകയും ചെയ്യുന്ന ബി.ജെ.പി സര്‍ക്കാറിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല സ്വതന്ത്ര ചിന്താഗതിയും തുറന്ന സംവാദങ്ങളും. ഇന്ത്യയിലെ ജെ.എന്‍.യു അടക്കമുള്ള സര്‍വ്വകലാശാലകള്‍ സര്‍വ്വാധിപത്യത്തിനെതിരെയും ഹിന്ദുത്വ രാഷ്ട്രനിര്‍മ്മിതിക്കെതിരെയും സ്വാതന്ത്ര്യമെന്ന ആയുധമമെടുത്താണ് പോരാടുന്നത്. ഫീസ് വര്‍ധനവിലൂടെ സൗജന്യ പൊതുവിദ്യാഭ്യാസം ജെ.എന്‍.യുവില്‍ നിഷേധിക്കുമ്പോള്‍ ദരിദ്ര ചുറ്റുപാടില്‍നിന്ന് വരുന്നവരും അതേസമയം സ്വതന്ത്രവും നിഷ്പക്ഷവുമായ ആശയഗതികള്‍ വെച്ചുപുലര്‍ത്തുന്നവരുമായ വിദ്യാര്‍ഥികളെ പുറംതള്ളാമെന്നാണ് ബി.ജെ.പി സര്‍ക്കാര്‍ കരുതുന്നത്. ക്രമാതീതമായ ഫീസ് വര്‍ധന അതിന്റെ ഭാഗമാണ്. ഇതിനെതിരെയാണ് വിദ്യാര്‍ഥികള്‍ കഴിഞ്ഞ മൂന്ന് മാസമായി സമരം ചെയ്യുന്നതെങ്കില്‍ ഇന്നലെ മുതല്‍ വിസിയെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്.
സൗജന്യ പൊതുവിദ്യാഭ്യാസമെന്ന അവകാശം നിഷേധിക്കുന്നതോടെ ഫാസിസത്തിനെതിരെയുള്ള ജെ.എന്‍.യുവിന്റെ തുറന്ന പോരാട്ടം പരാജയപ്പെടുത്താമെന്നാണ് സംഘ്പരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ കരുതുന്നത്. അത്തരം ചിന്തകളില്‍നിന്നുണ്ടായ ഉല്‍പന്നങ്ങളാണ് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള നുണപ്രചാരണങ്ങളും വ്യക്തിപരമായ തേജോവധങ്ങളും. ദേശദ്രോഹികള്‍, തീവ്രവാദികള്‍, ജിഹാദികള്‍, പാകിസ്താന്‍ വാദികള്‍ തുടങ്ങിയ നികൃഷ്ടങ്ങളായ ആരോപണങ്ങളിലൂടെ, സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കെതിരേ വേട്ടപ്പട്ടികളെപ്പോലെയാണ് സംഘ്പരിവാര്‍ സോഷ്യല്‍ മീഡിയകളിലൂടെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്.
ചോദ്യങ്ങളെയും സംവാദങ്ങളെയും ഭയക്കുന്ന ഫാസിസം സത്യത്തെ ഇരുട്ടില്‍ നിര്‍ത്താനാണ് ശ്രമിക്കുക. നുണപ്രചാരണങ്ങള്‍കൊണ്ടാണ് അവരത് നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. അത് തന്നെയാണ് ജെ.എന്‍.യുവിലും സംഭവിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി പൊരുതുന്നവരെ ഏറെക്കാലം രാജ്യദ്രോഹികളും പാകിസ്താന്‍ വാദികളുമായി ചിത്രീകരിക്കാന്‍ നുണകളുടെ തമ്പുരാക്കന്‍മാര്‍ക്ക് കഴിയില്ല. നാളെയും അവര്‍ ഇരുട്ടിന്റെ മറവില്‍ ജെ.എന്‍.യുവിനെതിരെയും ജാമിഅ മില്ലിയ്യക്ക് എതിരെയും അക്രമം അഴിച്ചുവിട്ടേക്കും. എന്നാല്‍ സാധാരണക്കാരന്റെ, ദരിദ്രന്റെ ഉയര്‍ച്ചക്ക് നിദാനമായ ജെ.എന്‍.യു ഈ അക്രമികള്‍ക്ക് മുമ്പില്‍ തോല്‍ക്കാന്‍ പോകുന്നില്ല. സംഘ്പരിവാറിന്റെ മതദേശീയതയുടെമേല്‍ അന്തിമവിജയം ഇന്ത്യയുടെ ജീവവായുവായ രാഷ്ട്രീയ ദേശീയതക്ക് തന്നെയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."