പ്ലാസ്റ്റിക് നിരോധനം: മുക്കത്ത് പരിശോധന നടത്തി
മുക്കം: മുക്കം നഗരസഭയില്‍ നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി നഗരസഭയിലെ വിവിധ ഭാഗങ്ങളിലെ കടകളില്‍ നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
പരിശോധനയില്‍ വിവിധ കടകളില്‍ നിന്നായി 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പിടിച്ചെടുത്തു. നഗരസഭയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കണ്ടെത്തിയ കടകള്‍ക്ക് നോട്ടിസ് നല്‍കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു.
50 മൈക്രോണിന് താഴെയുള്ള ക്യാരി ബാഗുകളുടെ വില്‍പ്പന ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് നഗരസഭ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. അതേ സമയം 50 മൈക്രോണിന് മുകളില്‍ ഉണ്ടെന്ന് സീല്‍ചെയ്ത കവറുകള്‍ പരിശോധിച്ചപ്പോള്‍ ഈ കവറുകളില്‍ 40 മൈക്രോണില്‍ താഴെ ഉള്ള ക്യാരി ബാഗുകളും കണ്ടത്തി. ഇത്തരത്തിലുള്ള കവറുകള്‍ ഉപയോഗിക്കരുതെന്ന് നഗരസഭ ഉദ്യോഗസ്ഥര്‍ വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ മൊത്തവിപണനക്കാരില്‍ നിന്നും 50 മൈക്രോണില്‍ മുകളിലുള്ളത് വേണമെന്ന് പറഞ്ഞു വാങ്ങിയ ക്യാരി ബാഗുകള്‍ നഗരസഭ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ 40 മൈക്രോണിന് താഴെ മാത്രമേ ഇത് ഉള്ളൂവെന്ന് കണ്ടത്തിയതോടെ ഇതിന് ഏത് രീതിയിലുള്ള പരിഹാരം കാണുമെന്നുള്ള ആശങ്കയിലാണ് വ്യാപാരികള്‍. എന്നാല്‍ ഇത്തരത്തിലുള്ള മൊത്തവിപണനക്കാര്‍ക്ക് എതിരെ പരിശോധനകള്‍ നടത്തി കര്‍ശന നടപടി എടുക്കുമെന്ന് നഗരസഭ സെക്രട്ടറി വ്യക്തമാക്കി. പരിശോധനക്ക് നഗരസഭ സെക്രട്ടറി എന്‍.കെ ഹരീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മധുസൂദനന്‍, കെ. വിനോദ്, പ്രസൂണ്‍, റോഷന്‍ ലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."