വിദേശയാത്രയില്‍ റെക്കോര്‍ഡിട്ട് മോദി
പ്രസിഡന്റായിരിക്കെ ഒബാമ ആദ്യ രണ്ടുവര്‍ഷം സഞ്ചരിച്ചതിനേക്കാള്‍ മോദി ലോകം ചുറ്റി
പിന്നിട്ടത് 1,64,187 മൈലുകള്‍;
ന്യൂഡല്‍ഹി: വിദേശയാത്രകളില്‍ റെക്കോര്‍ഡിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ആദ്യ രണ്ടുവര്‍ഷം സന്ദര്‍ശിച്ചതിലേറെ വിദേശരാജ്യങ്ങള്‍ നരേന്ദ്രമോദി സന്ദര്‍ശിച്ചു. 2014 മേയില്‍ അധികാരമേറ്റ ശേഷമുള്ള രണ്ടുവര്‍ഷത്തിനിടെ നരേന്ദ്രമോദി 35 രാജ്യങ്ങളാണു സന്ദര്‍ശിച്ചത്. 2009 ജനുവരിയിലാണ് ഒബാമ അമേരിക്കന്‍ പ്രസിഡന്റാവുന്നത്. ഇതിനു ശേഷമുള്ള ആദ്യരണ്ടുവര്‍ഷങ്ങളില്‍ 25 രാജ്യങ്ങള്‍ മാത്രമാണ് അദ്ദേഹം സന്ദര്‍ശിച്ചത്. ഇക്കാലയളവില്‍ 1,56,336 മൈലുകള്‍ ഒബാമ താണ്ടിയപ്പോള്‍ 1,64,187 മൈലുകളാണു നരേന്ദ്രമോദി പിന്നിട്ടത്. ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ചൈന, ദക്ഷിണകൊറിയ, റഷ്യ, ബ്രിട്ടന്‍, തുര്‍ക്കി, സിംഗപ്പുര്‍, അഫ്ഗാനിസ്താന്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഇരുവരും സന്ദര്‍ശിച്ചിട്ടുണ്ട്.
മോദി സന്ദര്‍ശിച്ച 35 രാജ്യങ്ങളില്‍ 21ഉം ഏഷ്യയില്‍ നിന്നും ഏഴെണ്ണം യൂറോപ്പില്‍ നിന്നുള്ളവയുമാണ്. അമേരിക്കയില്‍ മോദി മൂന്നുതവണ സന്ദര്‍ശനം നടത്തിയപ്പോള്‍ ഫ്രാന്‍സ്, നേപ്പാള്‍, റഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ രണ്ടുവര്‍ഷത്തിനിടെ രണ്ടുതവണയും സന്ദര്‍ശിച്ചു. ഈ മാസം നാലിന് അഞ്ചുവിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ട മോദി ഇന്നു രാവിലെ തിരിച്ചെത്തും. നാലിനു രാവിലെ 9.40ന് അഫ്ഗാനിസ്ഥാനിലേക്കാണ് ആദ്യം അദ്ദേഹം പുറപ്പെട്ടത്. അന്നു രാത്രിയോടെ ഖത്തറിലെത്തിയ മോദി 24 മണിക്കൂര്‍ അവിടെ ചെലവിട്ട ശേഷം അഞ്ചിനു രാത്രി സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു പറന്നു. പുലര്‍ച്ചെ 3.06ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇറങ്ങിയ മോദി വൈകിട്ട് മൂന്നരയോടെ അവിടം വിട്ടു. ഏഴിന് അര്‍ധരാത്രിയാണു മോദി അമേരിക്കയില്‍ എത്തിയത്. അവിടുന്ന് എട്ടിന് മെക്‌സിക്കോയും സന്ദര്‍ശിച്ചാണ് ഇന്ന് അദ്ദേഹം ഇന്ത്യയിലെത്തുന്നത്.
നരേന്ദ്രമോദിയുടെ അമിതമായ വിദേശസന്ദര്‍ശനം പ്രതിപക്ഷം പലതവണ വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്. സോഷ്യല്‍മീഡിയകളിലും മോദിയുടെ വിദേശ സന്ദര്‍ശനം ചൂടേറിയ വിഷയങ്ങളിലൊന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."